കണ്ണഞ്ചിപ്പിക്കുന്ന മനോഹാരിത; ആംബിയന്റ് ലൈറ്റിങ്ങുള്ള 20 ലക്ഷത്തിൽ താഴെ വില വരുന്ന കാറുകൾ

വെബ് ഡെസ്ക്

ആദ്യകാലത്ത് ആഡംബര കാറുകളിൽ മാത്രമുണ്ടായിരുന്ന ഫീച്ചറാണ് ആംബിയന്റ് ലൈറ്റുകൾ. എന്നാൽ ഇന്ന് ബജറ്റ് ഫ്രണ്ട്‌ലി കാറുകളിലുൾപ്പടെ ഈ ഫീച്ചർ ലഭ്യമാണ്. നമ്മുടെ മൂഡിന് അനുസരിച്ച ലൈറ്റിങ്ങ് ക്രമീകരിക്കാവുന്ന സൗകര്യവും ചില കാറുകളിൽ ഉൾപ്പെടുന്നു

ഇന്ത്യൻ വിപണിയിൽ 20 ലക്ഷത്തിൽ താഴെ വില വരുന്ന ആംബിയന്റ് ലൈറ്റിങ്ങുള്ള കാറുകൾ ഏതൊക്കെയാണെന്ന് പരിചയപ്പെടാം

ഹ്യുണ്ടായി വെർണ

64 നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ്ങാണ് ഹ്യുണ്ടായ് വെർണയിൽ ലഭ്യമാകുക. എന്നാൽ ഈ ഫീച്ചർ എല്ലാ വേരിയന്റുകളിലും ലഭ്യമല്ല. 10.96 ലക്ഷം രൂപ മുതൽ വില വരുന്ന സെഡാന്റെയും അതിന് മുകളിലുള്ള ഹ്യുണ്ടായ് വെർണയുടെ എസ്എക്സ് വേരിയന്റുകളിലുമാണ് ഈ ഫീച്ചർ ലഭ്യമാകുക

കിയ സെൽറ്റോസ്

64 നിറത്തിലുള്ള ആംബിയന്റ് ലൈറ്റിങ്ങാണ് കിയ സെൽറ്റോസിലുമുള്ളത്. കിയ സെൽറ്റോസിന്റെ HTX മോഡൽ മുതൽ മുകളിലോട്ടുള്ള എല്ലാ വേരിയന്റുകളിലും 64 കളർ ആംബിയന്റ് ലൈറ്റിങ് ഫീച്ചർ ലഭ്യമാകും. 15.2 ലക്ഷം രൂപയാണ് കാറിന്റെ എക്സ് ഷോറൂം വില

കിയ കാരൻസ്

അനവധി ഫീച്ചറുകൾ വാഗ്‌ദാനം ചെയ്യുന്ന കിയയുടെ മറ്റൊരു മോഡലാണ് കിയ കാരൻസ് എംപിവി. 16.35 ലക്ഷം രൂപ പ്രാരംഭ എക്സ്-ഷോറൂം വിലയുള്ള വാഹനം ആഡംബര ട്രിമ്മിൽ സെൽറ്റോസിന് സമാനമായി 64 കളർ ആംബിയന്റ് ലൈറ്റിങ് ആണ് ലഭ്യമാക്കുക

എംജി ഹെക്ടർ

എട്ട് നിറങ്ങളിലുള്ള ആംബിയന്റ് ലൈറ്റിങ് സംവിധാനമാണ് എംജി ഹെക്ടറിലുള്ളത്. ഷാർപ്പ് പ്രോ വേരിയന്റ് മുതലാണ് ഈ ഫീച്ചർ ലഭ്യമാകുക. 19.45 ലക്ഷം രൂപ മുതലാണ് എക്സ് ഷോറൂം വില ആരംഭിക്കുന്നത്

ടാറ്റ ഹാരിയർ

പുതുതായി പുറത്തിറക്കിയ ടാറ്റ ഹാരിയർ ഫെയ്‌സ്‌ലിഫ്റ്റിന് ഡാഷ്‌ബോർഡിൽ മാത്രമല്ല, വലിയ പനോരമിക് സൺറൂഫിന് ചുറ്റും ആംബിയന്റ് ലൈറ്റിങ് ലഭ്യമാകും. അഡ്വഞ്ചർ ട്രിം മുതൽ 64 കളർ ആംബിയന്റ് ലൈറ്റിങ്ങുകൾ ലഭിക്കുന്നുണ്ട്. 20 ലക്ഷം മുതലാണ് വാഹനത്തിൻ്റെ എക്സ് ഷോറൂം വില