നിങ്ങളുടെ ക്രെഡിറ്റ് സ്കോർ കുറവാണോ? മെച്ചപ്പെടുത്താൻ കുറച്ച് കാര്യങ്ങള്‍ ശ്രദ്ധിക്കാം

വെബ് ഡെസ്ക്

നിങ്ങളുടെ ക്രെഡിറ്റ് ഹിസ്റ്ററിയ്ക്ക് ലഭിക്കുന്ന മൂന്നക്ക സ്‌കോറാണ് സിബില്‍ സ്‌കോര്‍. ക്രെഡിറ്റ് ഹിസ്റ്ററി പരിശോധിച്ചാണ് ഇത് നല്‍കുന്നത്.

നിശ്ചിത കാലയളവില്‍ വിവിധ സ്ഥാപനങ്ങളിലുള്ള ഒരു വ്യക്തിയുടെ ക്രെഡിറ്റ് പേയ്‌മെന്റ് ചരിത്രത്തിന്റെ വിശ്വാസ്യതയാണ് സിബില്‍ സ്‌കോറിലൂടെ കാണിക്കുന്നത്.

വായ്പ തിരിച്ചടവ്, കുടിശ്ശികയുള്ള വായ്പകള്‍, കടബാധ്യതയുടെ വലിപ്പം, വായ്പകളുടെ തരം എന്നിങ്ങനെ വിവിധ ഘടകങ്ങള്‍ അടിസ്ഥാനമാക്കിയാണ് സിബില്‍ സ്‌കോര്‍ കണക്കുക്കൂട്ടുന്നത്.

300നും 900നും ഇടയിലായാണ് സിബില്‍ സ്‌കോര്‍ കണക്കാക്കുന്നത്. 750ന് മുകളില്‍ സിബില്‍ സ്‌കോര്‍ ഉള്ളവര്‍ക്ക് അപേക്ഷിച്ചാല്‍ ഉടന്‍ തന്നെ വായ്പ അനുവദിച്ചു കിട്ടും.

നിങ്ങളുടെ വായ്പകള്‍ കൃത്യസമയത്ത് അടയ്ക്കുക

വായ്പ എടുത്തതിന്റെ തവണകള്‍ മുടങ്ങുന്നതോ തിരിച്ചടയ്ക്കാന്‍ വൈകുന്നതോ സിബില്‍ സ്‌കോറിനെ ദോഷകരമായി ബാധിക്കും. ലോണുകള്‍ കൃത്യമായി തിരിച്ചടയ്ക്കുക. ക്രെഡിറ്റ് കാര്‍ഡിലെ കുടിശ്ശികയും കൃത്യസമയത്ത് തീര്‍ക്കണം.

ക്രെഡിറ്റ് വിനിയോഗം കുറയ്ക്കുക

ക്രെഡിറ്റ് കാര്‍ഡുകള്‍ ഉപയോഗിച്ചുള്ള അനാവശ്യ ചെലവുകള്‍ ഒഴിവാക്കുക. അമിതമായി ക്രെഡിറ്റ് കാര്‍ഡിനെ ആശ്രയിക്കുന്നത് പ്രതികൂലമായി ബാധിക്കുകയും സിബില്‍ സ്‌കോര്‍ കുറയുകയും ചെയ്യും. ക്രെഡിറ്റ് വിനിയോഗം 30% ല്‍ താഴെ നിലനിര്‍ത്തുന്നതാണ് ഉത്തമം. ചുരുങ്ങിയ ഉപയോഗം സിബില്‍ സ്‌കോര്‍ കൂട്ടും.

വായ്പകളില്‍ ആരോഗ്യകരമായ വൈവിധ്യം കൊണ്ടുവരിക

വിവിധ തരത്തിലുള്ള വായ്പകള്‍ കൈകാര്യം ചെയ്യുന്നത് ക്രെഡിറ്റ് സ്‌കോര്‍ ഉയര്‍ത്തും. സുരക്ഷിതവും ഈടില്ലാത്തതുമായ വായ്പകള്‍, പേഴ്‌സണല്‍ ലോണ്‍, ദീര്‍ഘകാല/ ഇടക്കാല വായ്പകള്‍ എന്നിങ്ങനെ വിവിധതരം ലോണുകള്‍ ഉപയോഗിക്കാം.

പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ ഒഴിവാക്കുക

നിലവിലുള്ളതിന് പുറമേ പുതിയ ക്രെഡിറ്റ് കാര്‍ഡുകള്‍ക്ക് അപേക്ഷിക്കുന്നത്‌ നിങ്ങളുടെ സിബില്‍ സ്‌കോറിന് തിരിച്ചടിയാകും. വായ്പ ലഭിക്കാന്‍ ഉയര്‍ന്ന സാധ്യതയുള്ള ബാങ്കില്‍ ക്രെഡിറ്റ് കാര്‍ഡിന് അപേക്ഷിക്കുന്നതാവും ഉചിതം. അപേക്ഷിക്കുന്നതിന് മുന്നോടിയായി സിബില്‍ സ്‌കോര്‍ പരിശോധിക്കുന്നതും ഗുണകരമാണ്.

വായ്പ അന്വേഷണങ്ങള്‍ പരിമിതപ്പെടുത്തുക

ഓരോ തവണയും നിങ്ങള്‍ വായ്പയ്ക്കായി അപേക്ഷിക്കുമ്പോള്‍ വായ്പ തരുന്നവര്‍ നിങ്ങളുടെ ക്രെഡിറ്റ് റിപ്പോര്‍ട്ട് ഉയര്‍ത്തുന്നു. ഇത് നിങ്ങളുടെ സിബില്‍ സ്‌കോര്‍ കുറയ്ക്കുന്നു. അതുകൊണ്ട് അത്യാവശ്യമുള്ളപ്പോള്‍ മാത്രം വായ്പകള്‍ക്ക് അപേക്ഷിക്കുക.