അറിയാം സംഗീതത്തിന്റെ 'ഔഷധഗുണങ്ങള്‍'

വെബ് ഡെസ്ക്

മനുഷ്യന്റെ വൈകാരികവും വൈജ്ഞാനികവും ശാരീരികവുമായ ഉല്ലാസത്തിന് സംഗീതം ആസ്വദിക്കുന്നത് ഏറെ നല്ലതാണ്. മാനസികവും ശാരീരികവുമായ ബുദ്ധിമുട്ടുകളെ പരിഹരിക്കാന്‍ 'മ്യൂസിക് തെറാപ്പി' പോലെയുള്ള ചികിത്സാരീതികള്‍ ഇന്ന് നിലവിലുണ്ട്.

സന്തോഷിപ്പിക്കുന്ന സംഗീതം

സംഗീതം ആസ്വദിക്കുന്നതിലൂടെ മാനസികോല്ലാസം പ്രദാനം ചെയ്യുന്ന ഡോപ്പാമിന്‍ എന്ന ന്യൂറോണ്‍ട്രാന്‍സ്മിറ്ററുകള്‍ തലച്ചോറില്‍ ഉല്‍പ്പാദിപ്പിക്കപ്പെടുന്നു. ഇവയ്ക്ക് മാനസിക പിരിമുറുക്കത്തിന് അയവുണ്ടാക്കി മാനസികാവസ്ഥ മെച്ചപ്പെടുത്താന്‍ കഴിയും.

ഓര്‍മ കൂട്ടുന്നു

തലച്ചോറിന്റെ ഏകാഗ്രതയും ഓര്‍മശക്തിയും വര്‍ധിപ്പിക്കാന്‍ സംഗീതം കേള്‍ക്കുന്നതിലൂടെ സാധിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. ക്രിയാത്മകമായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുമ്പോഴും പഠിക്കുമ്പോഴും സംഗീതം കേള്‍ക്കുന്നത് നല്ലതാണ്.

മാനസിക സമ്മര്‍ദം കുറയ്ക്കുന്നു

സമ്മര്‍ദ്ദം കുറച്ച്, ശ്വാസഗതിയെ ക്രമീകരിച്ചുകൊണ്ട് മനസ്സിനെ ശാന്തമാക്കാന്‍ വേഗത കുറഞ്ഞ സംഗീതത്തിന് സാധിക്കും എന്ന് പഠനങ്ങള്‍ പറയുന്നു. കൂടാതെ രോഗാവസ്ഥയില്‍ ആശ്വാസം നല്‍കുന്നതിനും സംഗീതത്തിന് കഴിയുന്നു.

സഹാനുഭൂതിയും വളര്‍ത്തുന്നു

ഭാഷയുടെയും രാജ്യങ്ങളുടെയും അതിരുകള്‍ ഭേദിച്ച് മനുഷ്യരെ ഒന്നിപ്പിച്ച് കൊണ്ടുവരാനുള്ള കഴിവ് സംഗീതത്തിനുണ്ട്. കൂടാതെ നിരന്തരമായി സംഗീതമാസ്വദിക്കുന്നത് മാനുഷിക മൂല്യങ്ങളെ വളര്‍ത്താന്‍ സഹായിക്കുന്നു എന്ന് പഠനങ്ങള്‍ പറയുന്നു.

ശാരീരികാരോഗ്യം മെച്ചപ്പെടുത്തുന്നു

നിങ്ങള്‍ നല്ല വര്‍ക്കൗട്ട് ഗാനങ്ങള്‍ കേള്‍ക്കുകയാണെങ്കില്‍ ശാരീരകമായി മികച്ച പ്രകടനം കാഴ്ചവയ്ക്കാനാകും

വേദന ലഘൂകരിക്കുന്നു

സ്‌ട്രെസ് ലെവലുകള്‍ കുറയ്ക്കുന്നതിലൂടെ തലച്ചോറിലേക്ക് പ്രവേശിക്കുന്ന വേദന സിഗ്നലുകള്‍ക്ക് ശക്തമായ ഉത്തേജനം നല്‍കാന്‍ സംഗീതം സഹായിക്കും

ഹൃദയാരോഗ്യത്തിനും മികച്ചത്

ഇമ്പമുള്ള സംഗീതം കേള്‍ക്കുന്നത് രക്തയോട്ടം മെച്ചപ്പെടുത്തുകയും ഹൃദയമിടിപ്പ് കുറയ്ക്കുകയും ചെയ്യുന്നു