ലക്കി ബാംബു വളർത്തുമ്പോൾ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക

വെബ് ഡെസ്ക്

മിക്ക വീടുകളിലും ഓഫീസുകളിലും അലങ്കാരസസ്യങ്ങള്‍ ഇപ്പോള്‍ ട്രെന്‍ഡായി മാറിയിട്ടുണ്ട്. അതില്‍ത്തന്നെ ഏറെ പ്രധാനപ്പെട്ട ഒന്നാണ് ലക്കി ബാംബു. 

ലക്കി ബാംബു യഥാര്‍ഥത്തില്‍ മുളവര്‍ഗത്തില്‍പ്പെട്ട ചെടിയല്ല. ഡ്രസീന സാന്‍ഡെറിയാന എന്നറിയപ്പെടുന്ന ഈ ചെടി ഇന്‍ഡോര്‍ പ്ലാന്റായാണ് എറ്റവും കൂടുതല്‍ ആളുകള്‍ വളർത്തുന്നത്. ഇവയുടെ പരിചരണത്തിൽ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം.

തിളക്കമുള്ള പച്ച ഇലകളുള്ള ഒരു ചെടി തെരഞ്ഞെടുക്കുക. തണ്ട്, ഇലകൾ എന്നിവ മഞ്ഞയോ തവിട്ടുനിറമോ ആണെങ്കിൽ, ആ ചെടി തെരെഞ്ഞെടുക്കരുത്. അവ ആരോഗ്യമുള്ളവയല്ല.

മിക്കവാറും ആളുകള്‍ വെള്ളത്തിലാണ് ലക്കി ബാംബു വളര്‍ത്തുന്നത്. അങ്ങനെയാണെങ്കില്‍ ഓരോ രണ്ടാഴ്ച കൂടുമ്പോളും നിര്‍ബന്ധമായും വെള്ളം മാറ്റണം. വേര് പിടിക്കുന്നതിന് മുമ്പായി ഏകദേശം 3 ഇഞ്ചോളം വെള്ളത്തിലായിരിക്കണം വെക്കേണ്ടത്.

വേര് വളര്‍ന്നു കഴിഞ്ഞാല്‍ മുഴുവന്‍ വേരുകളും വെള്ളത്തില്‍ മുങ്ങണം. ചെടി വളരുന്നതിനനുസരിച്ച് വെള്ളത്തിന്റെ അളവും വര്‍ധിപ്പിക്കണം. വേരുകള്‍ കൂടുന്നതിനനുസരിച്ച് പച്ചപ്പുളള ഇലകള്‍ മുകള്‍ഭാഗത്തുണ്ടാകും.

മിതമായ സൂര്യപ്രകാശം കിട്ടുന്നിടത്തായിരിക്കണം ചെടി വയ്‌ക്കേണ്ടത്. തീരെ വെളിച്ചം കിട്ടാത്തയിടത്ത് വയ്ക്കരുത്. അതുപോലെ ക്ലോറിന്‍ കലര്‍ന്ന വെളളം ഒഴിയ്ക്കാതിരിക്കാനും ശ്രദ്ധിക്കണം.

വെളളത്തില്‍ വളര്‍ത്തുമ്പോള്‍ പാത്രത്തില്‍ ആവശ്യത്തിന് വെളളമുണ്ടെന്ന് ഉറപ്പാക്കണം. ഇലകള്‍ വെളളത്തിന് പുറത്തായിരിക്കണം. വേരുകള്‍ പാത്രത്തിന് പുറത്തേക്ക് വളരാന്‍ തുടങ്ങിയാല്‍ പ്രൂണ്‍ ചെയ്തില്ലെങ്കില്‍ വേരിന് ചാരനിറമോ കറുപ്പുനിറമോ ബാധിച്ച് ചീഞ്ഞുപോകും.

ലക്കി ബാംബു വളരെ നീളത്തില്‍ വളരുന്നുണ്ടെങ്കില്‍ മൂര്‍ച്ചയുള്ള കത്തി ഉപയോഗിച്ച് പ്രൂണ്‍ ചെയ്തുകൊടുക്കാം. കൂടുതല്‍ വളരുന്ന ഭാഗം 2.5 സെ.മീ മുതല്‍ 5 സെ.മീ വരെ നീളത്തിലാക്കി തണ്ടുകള്‍ മുറിച്ചുകളയണം.

മണ്ണിലാണ് വളര്‍ത്തുന്നതെങ്കില്‍ വെളളം വാര്‍ന്നുപോകുന്ന ദ്വാരമുളള പാത്രങ്ങളില്‍ വളര്‍ത്തണം. വെളളം കെട്ടിനില്‍ക്കാന്‍ വിടാതെ നനച്ചുകൊടുക്കണം. ഇലകളില്‍ മഞ്ഞ നിറം കണ്ടാല്‍ ആ ഭാഗം മുറിച്ചുമാറ്റണം.