ഫാലിമിയും ഫാത്തിമയും ഫീനിക്‌സും; ഇന്ന് തിയേറ്ററുകളിൽ എത്തിയ 10 സിനിമകൾ

വെബ് ഡെസ്ക്

ദീപാവലി കഴിഞ്ഞതിന് പിന്നാലെ സിനിമകളുടെ നീണ്ട നിരതന്നെയാണ് റിലീസിന് ഒരുങ്ങുന്നത്. ഇന്ന് കേരളത്തിൽ നിരവധി സിനിമകളാണ് വിവിധ തിയേറ്ററുകളിലായി റിലീസ് ചെയ്തത്

മലയാളത്തിന് പുറമെ തെലുങ്ക്, കന്നഡ, ഇംഗ്ലീഷ് സിനിമകളും പ്രദർശനത്തിന് എത്തിയിട്ടുണ്ട്. ഇന്ന് റിലീസ് ചെയ്ത പ്രധാന സിനിമകൾ ഏതൊക്കെയാണെന്ന് നോക്കാം

ഫാലിമി

ബേസിൽ ജോസഫ്, ജഗദീഷ്, മഞ്ജു പിള്ള എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ നിതീഷ് സഹദേവൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഫാലിമി

ഫീനിക്‌സ്

മിഥുൻ മാനുവൽ തോമസിന്റെ തിരക്കഥയിൽ വിഷ്ണു ഭരതൻ സംവിധാനം ചെയ്യുന്ന ഫീനിക്‌സിൽ അജു വർഗീസ്, ചന്ദുനാഥ്, അനൂപ് മേനോൻ എന്നിവരാണ് പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ശേഷം മൈക്കിൽ ഫാത്തിമ

മാധ്യമപ്രവർത്തകനായിരുന്ന മനു സി കുമാർ സംവിധാനം ചെയ്യുന്ന ശേഷം മൈക്കിൽ ഫാത്തിമയിൽ കല്യാണി പ്രിയദർശനാണ് നായിക. സുധീഷ്, ഫെമിന, സാബുമോൻ, ഷഹീൻ സിദ്ധിഖ്, ഷാജു ശ്രീധർ, മാല പാർവതി, അനീഷ് ജി മേനോൻ, സരസ ബാലുശ്ശേരി, പ്രിയ ശ്രീജിത്ത് എന്നിവരാണ് മറ്റു പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഫേസ് ഓഫ് ഫേസ്‌ലെസ്

സംസ്ഥാന പുരസ്‌ക്കാര ജേതാവായ വിൻസി അലോഷ്യസ് നായികയാവുന്ന ചിത്രം ഷെയ്‌സൺ പി ഔസേപ്പ് ആണ് സംവിധാനം ചെയ്യുന്നത്

ഒറ്റമരം

ബാബു നമ്പൂതിരി, നീന കുറുപ്പ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ബിനോയ് വേലൂർ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഒറ്റമരം

നീതി

കുഞ്ഞിക്കണ്ണൻ ചെറുവത്തൂർ, ബിനോജ് കുളത്തൂർ എന്നിവർ പ്രധാന കഥാപാത്രങ്ങളാവുന്ന നീതി ഡോ ജേസിയാണ് സംവിധാനം ചെയ്യുന്നത്

മംഗളവാരം

അജയ് ഭൂപതി സംവിധാനം ചെയ്യുന്ന പാൻ ഇന്ത്യൻ ആക്ഷൻ ഹൊറർ ചിത്രമാണ് മംഗളവാരം. തെലുങ്ക്, തമിഴ്, കന്നഡ, ഹിന്ദി, മലയാളം എന്നീ ഭാഷകളിലിറങ്ങുന്ന ചിത്രത്തിൽ പായൽ രജ്പുട്ട് ആണ് നായിക

സപ്തസാഗര ദാച്ചേ എല്ലോ - സൈഡ് ബി

ഹേമന്ത് എം റാവു തിരക്കഥ എഴുതി സംവിധാനം ചെയുന്ന ചിത്രത്തിൽ രക്ഷിത് ഷെട്ടി, ചൈത്ര ആചാർ, രുഗ്മിണി വസന്ത് തുടങ്ങിയവരാണ് കേന്ദ്രകഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഹിറ്റ് ചിത്രം 'സപ്തസാഗര ദാച്ചേ എല്ലോ - സൈഡ് എ' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണിത്. റൊമാന്റിക് ത്രില്ലർ മൂഡിലാണ് ചിത്രം ഒരുക്കിയിരിക്കുന്നത്

ദി ഹംഗർ ഗെയിംസ്: ദി ബല്ലാഡ് ഓഫ് സോങ് ബേർഡ്‌സ് & സ്നേക്സ്

ഫ്രാൻസിസ് ലോറൻസ് സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തിൽ ടോം ബ്ലെയ്ത്, റേച്ചൽ സെഗലർ, എന്നിവർക്കൊപ്പം ഓസ്‌കാർ ജേതാക്കളായ പീറ്റർ ഡിങ്ക്‌ലേജ്, വിയോള ഡേവിസ് തുടങ്ങിവരും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. 'ഡെത്ത് ഗെയിമിന്റെ' പ്രീക്വലാണ് ചിത്രം

ട്രോൾസ് ബാൻഡ് ടുഗദെർ (അനിമേഷൻ)

പ്രസിദ്ധമായ 'ട്രോൾസ്' എന്ന അനിമേഷൻ ചിത്രത്തിന്റെ മൂന്നാം പതിപ്പാണ് ട്രോൾസ് ബാൻഡ് ടുഗദെർ. കമീല കാബെല്ലോ, ട്രോയ് സിവൻ, ജസ്റ്റിൻ ടിംബർലെക്ക്, അന്ന കെൻഡ്രിക്ക് തുടങ്ങി വൻതാരനിരയാണ് പ്രഥാന കഥാപാത്രങ്ങൾക്ക് ശബ്ദം നൽകിയിരിക്കുന്നത്