റിബൽ സ്റ്റാർ പ്രഭാസിന് ഇന്ന് 44-ാം പിറന്നാൾ; പ്രേക്ഷകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങൾ

വെബ് ഡെസ്ക്

ഉപ്പളപതി വെങ്കട സൂര്യനാരായണ പ്രഭാസ് രാജു എന്നാണ് പ്രഭാസിന്റെ മുഴുവൻ പേര്. 'ബാഹുബലി' എന്ന ഒറ്റ കഥാപാത്രത്തിലൂടെ ലോക സിനിമയ്ക്ക് മുന്നിൽ വിസ്മയമായി മാറിയ താരമാണ് പ്രഭാസ്

ജന്മദിനത്തോടനുബന്ധിച്ച് പ്രഭാസ് നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രം സലാറിന്റെ അണിയറപ്രവർത്തകർ പ്രത്യേക സമ്മാനമാണ് അദ്ദേഹത്തിനായി ഒരുക്കിയത്, എക്സിൽ പ്രഭാസിന്റെ പ്രത്യേക ഇമോജിയും സലാർ ടീം പുറത്തിറക്കി

പ്രേക്ഷകർ കാത്തിരിക്കുന്ന പ്രഭാസ് ചിത്രങ്ങൾ ഏതൊക്കെയാണെന്ന് നോക്കാം

സലാർ

പ്രഭാസിനെ കേന്ദ്രകഥാപാത്രമാക്കി കെജിഎഫിന്റെ സംവിധായകൻ പ്രശാന്ത് നീൽ ഒരുക്കുന്ന പാൻ ഇന്ത്യൻ ചിത്രമാണ് സലാർ. ചിത്രത്തിൽ പൃഥ്വിരാജും ഒരു പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. ചിത്രം നിർമിക്കുന്നത് കെജിഎഫിന്റെ നിർമാതാക്കളായ ഹോംബാലെ ഫിലിംസ് ആണ്. പ്രശാന്ത് നീൽ സംവിധാനം ചെയ്യുന്ന ചിത്രമായതു കൊണ്ടുതന്നെ വലിയ പ്രതീക്ഷയിലാണ് ആരാധകർ. ഡിസംബർ 22നാണ് ചിത്രത്തിന്റെ റിലീസ്.

പ്രൊജക്ട് കെ/ കല്‍ക്കി 2898-എഡി

പ്രഭാസും ദീപിക പദുകോണും ആദ്യമായി ഒരുമിക്കുന്ന ചിത്രമാണ് പ്രൊജക്ട് കെ. കല്‍ക്കി 2829-എഡി എന്ന പേരിലാണ് പ്രൊജക്ട് കെയുടെ ടീസർ പുറത്തിറങ്ങിയത്. 'മഹാനടി'യുടെ സംവിധായകൻ നാഗ് അശ്വിൻ രചനയും തിരക്കഥയും നിർവഹിക്കുന്ന ചത്രത്തിൽ അമിതാഭ് ബച്ചനും ദിഷ പടാനിയും ഉൾപ്പെടെയുളള ബോളിവുഡ് താരങ്ങളും അണിനിരക്കുന്നുണ്ട്. ചിത്രം ജനുവരി 12ന് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തും

സ്പിരിറ്റ്

പ്രഭാസിന്റെ 25-ാം ചിത്രമാണ് സ്പിരിറ്റ്. വൻ വിജയമായ 'അർജ്ജുൻ റെഡ്ഡി' യുടെ സംവിധായകൻ സന്ദീപ് റെഡ്ഡി വങ്കയാണ് 'സ്പിരിറ്റ്' സംവിധാനം ചെയ്യുന്നത്. ടി-സീരിസ് ഫിലിംസിന്റെയും ഭദ്രകാളി പിക്‌ചേഴ്‌സിന്റെയും ബാനറിൽ ഭൂഷൻ കുമാറാണ് ചിത്രത്തിന്റെ നിർമാണം. സ്പിരിറ്റിലൂടെ പോലീസ് ഉദ്യോഗസ്ഥനായാണ് പ്രഭാസ് വെള്ളിത്തിരയിലെത്തുന്നത്. എട്ട് ഭാഷകളിലായാണ് ചിത്രം പുറത്തിറങ്ങുന്നത്

രാജ ഡീലക്‌സ്

പ്രഭാസിനെ നായകനാക്കി മാരുതി ദസരി സംവിധാനം ചെയ്യുന്ന ചിത്രത്തിന് താൽക്കാലികമായി 'രാജ ഡീലക്‌സ്' എന്നാണ് പേരിട്ടിരിക്കുന്നത്. ഇരട്ടവേഷത്തിലാകും പ്രഭാസ് ചിത്രത്തിൽ എത്തുകയെന്നാണ് റിപോർട്ടുകൾ. പീരീഡ് ഹൊറര്‍ കോമഡി ചിത്രമായിട്ടാണ് മാരുതി - പ്രഭാസ് ചിത്രം ഒരുങ്ങുന്നത്. നിധി അഗർവാളാണ് നായിക