ജയ മുതൽ ഗംഗുഭായി വരെ ; ഈ വർഷം അടയാളപ്പെടുത്തിയ സ്ത്രീ കഥാപാത്രങ്ങൾ

വെബ് ഡെസ്ക്

ദർശന - ജയ ജയ ജയ ജയഹേ

രാജേഷിനെ ചവിട്ടി തെറിപ്പിക്കുന്ന ഭാര്യ ജയയെ മലയാളി പ്രേക്ഷകർ ഒരിക്കലും മറക്കില്ല. ശക്തമായ സ്ത്രീ കഥാപാത്രത്തിലൂടെ ഈ വർഷം പ്രേക്ഷക മനസ്സ് കവർന്ന കഥാപാത്രമാണ് ജയ. ദർശനയുടെ മികച്ച അഭിനയം കുടുംബ പ്രേക്ഷകർ ഒന്നടങ്കം ഏറ്റെടുത്തു.

ദേവി വർമ -സൗദി വെള്ളക്ക

നിശബ്ദമായ ചില നോട്ടങ്ങൾ കൊണ്ട് പോലും പ്രേക്ഷകരുടെ മനസ്സിൽ ചെറു നോവ് നൽകിയ കഥാപാത്രമായിരുന്നു സൗദി വെള്ളക്കയിലെ ഐഷുമ്മ. ദേവി വർമ്മ എന്ന നടിയുടെ സിനിമയിലേക്കുള്ള ചുവടുവെപ്പാണ് ഐഷുമ്മ എന്ന് ആർക്കും സംശയം തോന്നാത്ത വിധം ഭംഗിയായി അവർ കഥാപാത്രത്തെ അവതരിപ്പിച്ചു.

രാധിക രാധാകൃഷ്ണൻ - അപ്പൻ

ആർക്കും അരിശം തോന്നുന്ന അലൻസിയറിന്റെ അപ്പൻ കഥാപാത്രത്തോട് മത്സരിച്ചുനിന്ന ആളാണ് ഷീല. പ്രേക്ഷക മനസ്സിൽ ആദ്യം വെറുപ്പ് തോന്നിപ്പിച്ചെങ്കിലും ചിത്രത്തിന്റെ അവസാനത്തോടെ ആർക്കും സ്നേഹം തോന്നുന്ന ഒരു കഥാപാത്രമായി മാറി രാധിക രാധാകൃഷ്ണൻ.

ദിവ്യ പ്രഭ -അറിയിപ്പ്

മുഴുനീള നായിക കഥാപത്രമായി ദിവ്യ പ്രഭ എത്തുന്ന ആദ്യ ചിത്രമാണ് അറിയിപ്പ്. കേരള അന്താരാഷ്ട്ര ചലച്ചിത്ര മേളയിൽ മികച്ച ചിത്രത്തിനുള്ള നെറ്റ് പാക് പുരസ്കാരം നേടിയ ചിത്രത്തിൽ ശക്തമായ സ്ത്രീ കഥാപാത്രമാണ് രശ്മിയിലൂടെ കണ്ടത്.

സായ് പല്ലവി - ഗാർഗി

അറസ്റ്റ് ചെയ്യപ്പെട്ട അച്ഛനെ രക്ഷിക്കാനായി ഒരു മകൾ നടത്തുന്ന പോരാട്ടമാണ് ഗാർഗി. നായികയായി എത്തിയ സായ് പല്ലവി പതിവുപോലെ തിരഞ്ഞെടുത്ത ചിത്രത്തിലെ തന്റെ ഭാഗം ഗംഭീരമാക്കി.

ആലിയ ഭട്ട് - ഗംഗുഭായി കാത്തിയാവാടി

യഥാർത്ഥ ജീവിതത്തെ അടിസ്ഥാനമാക്കി ഇറക്കിയ ചിത്രത്തിൽ ശക്തമായ ഒരു വേഷമാണ് ആലിയ കൈകാര്യം ചെയ്തത്. ലുക്ക് കൊണ്ടും അഭിനയം കൊണ്ടും ഡയലോഗ് ഡെലിവറി കൊണ്ടും ആലിയ നിരൂപക പ്രശംസ പോലും ഏറ്റുവാങ്ങി

ഷെഫാലി ഷാ - ഡാർലിംഗ്സ്

വളരെ ശക്തമായ സന്ദേശം നൽകിയ ചിത്രത്തിൽ ഷെഫാലിയുടെ അമ്മ കഥാപാത്രം സ്റ്റീരിയോറ്റൈപ്പുകളെ തകർത്ത ഒന്നായിരുന്നു. ഒടിടിയിലാണ് ചിത്രം ഇറങ്ങിയതെങ്കിലും വ്യത്യസ്തത കൊണ്ടും അഭിനയം കൊണ്ടും ചിത്രം ഏറെ ശ്രദ്ധിക്കപ്പെട്ടു.