സ്ക്വിഡ് ഗെയിം, ഗ്ലോറി, ഓൾ ഓഫ് അസ് ആർ ഡെഡ് : നെറ്റ്ഫ്ലിക്സിൽ കാണാം കിടിലൻ കെ ഡ്രാമകൾ

വെബ് ഡെസ്ക്

വ്യത്യസ്തമായ കഥാപശ്ചാത്തലങ്ങൾ കൊണ്ടും മനോഹരമായ മേക്കിങ് കൊണ്ടും ഒരുപാട് ആരാധകരുള്ള ഒന്നാണ് കൊറിയൻ ഡ്രാമകൾ. മറ്റു ഭാഷാ സീരീസുകളെ അപേക്ഷിച്ച് വളരെ കുറഞ്ഞ സമയം കൊണ്ട് കണ്ടുതീർക്കാം എന്നതും ആകര്‍ഷക ഘടകമാണ്.

ദക്ഷിണകൊറിയയിൽ നിർമിക്കുന്ന ഡ്രാമകൾക്ക്, പ്രത്യേകിച്ച് ത്രില്ലർ ഡ്രാമകൾക്ക് ഇപ്പോൾ ലോകമെമ്പാടും ആരാധകരുണ്ട്. നെറ്റ്ഫ്ലിക്സിൽ കാണാനാവുന്ന മികച്ച കൊറിയൻ ഡ്രാമകൾ ഇതാ

സ്ക്വിഡ് ഗെയിം : 2021ൽ പുറത്തിറങ്ങിയ കൊറിയൻ ത്രില്ലർ ഡ്രാമ. മുന്നോട്ട് നീങ്ങുന്ന ഓരോ നിമിഷവും കാഴ്ചക്കാരനെ ആകാംക്ഷയുടെ മുൾമുനയിൽ നിർത്തുന്ന സ്ക്വിഡ് ഗെയിം, നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ കാഴ്ചക്കാരുള്ള ഷോകളിൽ ഒന്നാണ്. ഭീമമായ സമ്മാനത്തുക മോഹിച്ച് ഒരു ഗെയിമിൽ പങ്കെടുക്കാനെത്തിയവരിലൂടെയാണ് കഥ കടന്നുപോകുന്നത്.

ഓൾ ഓഫ് അസ് ആർ ഡെഡ് : ഹൈസ്കൂൾ വിദ്യാർഥികൾ കേന്ദ്ര കഥാപാത്രമായി എത്തുന്ന സർവൈവൽ ത്രില്ലർ ഡ്രാമ. സോംബി വൈറസ് പൊട്ടിപ്പുറപ്പെട്ടതോടെ സ്കൂളിൽ അകപ്പെട്ടുപോയ വിദ്യാർഥികൾ രക്ഷപ്പെടാൻ നടത്തുന്ന പരിശ്രമങ്ങളാണ് കഥാതന്തു

സ്കൈ കാസിൽ: കൊറിയൻ ഡ്രാമ ആരാധകരുടെ പ്രിയപ്പെട്ട ഡ്രാമ. ഏതാനും കുട്ടികളും അവരുടെ കുടുംബങ്ങളുമാണ് കഥാപാത്രങ്ങള്‍. മാതാപിതാക്കൾ കുട്ടികൾക്ക് നൽകുന്ന സമ്മർദങ്ങളും കുടുംബങ്ങൾ തമ്മിലുള്ള രാഷ്ട്രീയവും സംഘര്‍ഷവുമെല്ലാം ഹൃദയസ്പർശിയായി പറയുന്നു

ഇറ്റ്സ് ഒക്കെ റ്റു നോട്ട് റ്റു ബി ഓക്കേ : പേരുപോലെതന്നെ മനുഷ്യന്റെ മാനസിക സംഘർഷങ്ങളേയും മനസികാരോഗ്യത്തിന്റെ പ്രാധാന്യത്തേയും ചര്‍ച്ച ചെയ്യുന്നു. പേടിപ്പെടുത്തുന്ന ഭൂതകാലത്തിൽ നിന്ന് പുറത്തുകടക്കാൻ ശ്രമിക്കുന്ന നായികാ കഥാപാത്രം. ഹൃദയസ്പർശിയായ രംഗങ്ങളാണ് സവിശേഷത

എക്സ്ട്രാ ഓർഡിനറി അറ്റേർണി വൂ : ആസ്പർജേഴ്സ് സിൻഡ്രോം ഉള്ള യുവ അഭിഭാഷക വൂ യങ് വൂവിന്റെ ജീവിതമാണ് കഥ. ഒരേസമയം ഹൃദയസ്പര്‍ശിയും രസകരവുമായ രംഗങ്ങളുണ്ടെന്നതാണ് പ്രത്യേകത

ക്രാഷ് ലാൻഡിങ് ഓൺ യു: ദക്ഷിണകൊറിയയിലെ വ്യവസായ പ്രമുഖയായ നായിക കഥാപാത്രം അബദ്ധത്തിൽ ഉത്തരകൊറിയയിൽ എത്തിപ്പെടുന്നിടത്താണ് കഥ ആരംഭിക്കുന്നത്. രക്ഷപ്പെടാൻ സഹായിക്കുന്ന ഉത്തര കൊറിയൻ സൈനികനും ഇരുവരും തമ്മിൽ വളർന്നു വരുന്ന പ്രണയവും എല്ലാമായി മുന്നോട്ട് പോകുന്നു

ഗ്ലോറി : സാമൂഹ്യമാധ്യമങ്ങളിലെല്ലാം തരംഗമായിക്കൊണ്ടിരിക്കുന്ന കൊറിയൻ ഡ്രാമ. സ്കൂൾ പഠനകാലത്ത് സഹ വിദ്യാർഥികളിൽ നിന്ന് ഏൽക്കേണ്ടിവന്ന ക്രൂരമായ പീഡനങ്ങൾക്ക് വർഷങ്ങൾക്ക് ശേഷം പ്രതികാരം ചെയ്യാനെത്തുന്ന നായികയാണ് കേന്ദ്രകഥാപാത്രം. 2023 ൽ പുറത്തിറങ്ങിയ ഈ പ്രതികാര കഥ ഇതിനോടകം തന്നെ ആരാധകർ ഏറ്റെടുത്തുകഴിഞ്ഞു.

ഹോട്ടൽ ഡെൽ ലൂണ: നിഗൂഢമായ ഒരു ലോകത്തെ വളരെ ആശയക്കുഴപ്പങ്ങൾ നിറഞ്ഞ ഒരു പ്രണയകഥയാണ് ഹോട്ടൽ ഡെൽ ലൂണ പറയുന്നത്. വളരെ വ്യത്യസ്തമായ കഥാപശ്ചാത്തലവും അവതരണ രീതിയും ഈ ഡ്രാമയെ മികച്ചതാക്കുന്നു. ഒരുപാട് ആരാധകരും ഈ റൊമാന്റിക് - കോമഡിക്കുണ്ട്.