വാലന്റൈൻ വീക്കിൽ കാണാം, റൊമാന്റിക് ബോളിവുഡ് ചിത്രങ്ങൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

പ്രണയദിനം അടുത്തെത്തി കഴിഞ്ഞു. വാലന്റൈൻ വീക്കിൽ കാണാവുന്ന പ്രണയം പ്രമേയമാക്കുന്ന ചില ബോളിവുഡ് ചിത്രങ്ങൾ ഇതാ

ഗോലിയോം കി രാസ്ലീല രാം-ലീല (2013)

വില്യം ഷെയ്ക്സ്പിയറിന്റെ റോമിയോ ആന്റ് ജൂലിയറ്റിൽ നിന്നും പ്രചോദനമുൾക്കൊണ്ട് സഞ്ജയ് ലീലാ ബൻസാലി അണിയിച്ചൊരുക്കിയ ഒരു സംഗീതാത്മക പ്രണയകാവ്യമാണ് ഗോലിയോം കി രാസ്ലീല രാം-ലീല. രാം ആയി രൺവീർ സിംഗും, ലീലയായി ദീപിക പദുക്കോണും എത്തുന്നു.

യേ ജവാനി ഹൈ ദിവാനി (2013)

അയാൻ മുഖർജി സംവിധാനം ചെയ്ത “യേ ജവാനി ഹൈ ദിവാനി ” എന്ന സിനിമ 2013 ലെ ഏറ്റവും വലിയ ബോക്സ് ഓഫീസ് വിജയ ചിത്രങ്ങളിലൊന്നായിരുന്നു. സൗഹൃദത്തിന്റെയും പ്രണയത്തിന്റെയും പശ്ചാത്തലത്തിലാണ് ചിത്രം മുന്നോട്ട് പോകുന്നത്.

ഗുസാരിഷ് (2010)

വളരെ കുറച്ച് കഥാപാത്രണങ്ങളുമായി പുരോഗമിക്കുന്ന ചിത്രമാണിത്. പ്രണയവും ജീവിതവും എല്ലാം ഇതിൽ പ്രമേയമാവുന്നു. കഴുത്തിന് താഴേയ്ക്ക് 12 വർഷമായി തളർന്നുകിടക്കുന്ന ഈഥൻ മാസ്‌ഗറീനസ് എന്ന വിശ്വപ്രസിദ്ധ മാന്ത്രികന്‍റെ ജീവിതത്തിലൂടെയാണ് കഥ സഞ്ചരിക്കുന്നത്.

ദേവ്ദാസ് (2002)

പ്രണയത്തെയും പ്രണയനഷ്ടത്തെയും മനോഹരമായ ഒരു കവിത പോലെ ചിത്രീകരിച്ചിരിക്കുന്ന ഈ ചിത്രം ഇന്നും പ്രേക്ഷകന് മികച്ച ഒരു ദൃശ്യവിസ്മയമാണ്. പാർവതിയുടെയും ദേവ്ദാസിന്റെയും പ്രണയം പ്രേക്ഷകന്റെ ഹൃദയം തകർക്കുന്നു.

ജോധാ അക്ബർ (2008)

മുഗൾ രാജാവ് അക്ബറും അദ്ദേഹത്തിന്റെ ഭാര്യ രാജ്പുത് രാജകുമാരി ജോധയും തമ്മിലുള്ള പ്രണയത്തിന്റെ കഥ. ഐശ്വര്യ റായിയും ഹൃത്വിക് റോഷനും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മേരി പ്യാരി ബിന്ദു (2017)

പ്രണയത്തിന് വേണ്ടി എത്ര ദൂരവും സഞ്ചരിക്കാൻ തയ്യാറായ രണ്ടു പേരുടെ കഥയാണിത്. പ്രണയദിനത്തിൽ ഈ ചിത്രം കണ്ട് നോക്കൂ , പിന്നെ നിങ്ങൾക്കത് ജീവിതത്തിൽ മറക്കാൻ സാധിക്കില്ല

സനം തേരി കസം (2016)

ഒരുപാട് പേരുടെ മനസ്സിൽ ഇന്നും ഒരു വേദനയായി അവശേഷിക്കുന്ന ചിത്രമാണിത്. സരസ്വതിയെയും അവളുടെ പ്രണയത്തെയും നമ്മൾ സ്നേഹിക്കുകയും അവളുടെ ജീവിതവും പ്രതിസന്ധികളും നമ്മെ വേദനിപ്പിക്കുകയും ചെയ്യുന്നു.

ഏ ദിൽ ഹേ മുഷ്കിൽ (2016)

രൺബീർ കപൂർ, അനുഷ്ക ശർമ്മ, ഐശ്വര്യാ റായി എന്നിവർ പ്രധാന കഥാപാത്രങ്ങളായി വന്ന ചിത്രമാണിത്. 2016 ലെ മികച്ച വിജയ ചിത്രങ്ങളിൽ ഒന്ന്. സൗഹൃദത്തിലും പ്രണയത്തിലും ഊന്നിയാണ് കഥ മുന്നോട്ട് നീങ്ങുന്നത്. മനോഹരമായ ഗാനങ്ങളും ചിത്രത്തിന് മാറ്റ് കൂട്ടുന്നു.