സ്റ്റീഫന്‍ വീണ്ടും വരുന്നു, 'L2: എമ്പുരാന്‍'; ചിത്രീകരണത്തിന് തുടക്കം

വെബ് ഡെസ്ക്

മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്യുന്ന 'L2: എമ്പുരാന്റെ' ഷൂട്ടിംഗ് ആരംഭിച്ചു. ഫേസ്ബുക്കിലൂടെ ചിത്രങ്ങൾ പങ്കുവെച്ച് പൃഥ്വിരാജ്. നിരവധി ആരാധകരാണ് പോസ്റ്റിനു താഴെ ആശംസകളുമായി എത്തിയത്

പ്രഖ്യാപനവേള മുതല്‍ മലയാളി പ്രേക്ഷകർ ഏറ്റവുമധികം കാത്തിരിക്കുന്ന മലയാള ചിത്രമാണ് എമ്പുരാന്‍. കോവിഡ് സാഹചര്യത്താല്‍ നീണ്ടുപോയ ചിത്രത്തിന്റെ ചിത്രീകരണം നീണ്ട ഇടവേളക്ക് ശേഷം ഇന്ന് ആരംഭിച്ചു. ഡൽഹിയിലാണ് ചിത്രീകരണം ആരംഭിച്ചത്.

ഒരു ദിവസത്തെ ചിത്രീകരണം മാത്രമാണ് ഡൽഹിയിലുള്ളത്. ശേഷം ഒരു മാസത്തെ ചിത്രീകരണം ലഡാക്കിലായിരിക്കും

ചിത്രീകരണത്തിനായി പൃഥ്വിരാജ് നേരത്തെ ഡൽഹിയിലെത്തിയിരുന്നു. ഡൽഹിയിലുള്ള മോഹൻലാൽ ഒരു ദിവസത്തെ ചിത്രീകരണത്തിന് ശേഷം കേരളത്തിലെന്നുമെന്നാണ് സൂചന.

ലൂസിഫര്‍ നിര്‍മ്മിച്ച ആശിര്‍വാദ് സിനിമാസിനൊപ്പം തമിഴിലെ പ്രമുഖ നിർമ്മാണ കമ്പനിയായ ലൈക്ക പ്രൊഡക്ഷന്‍സും എമ്പുരാന്റെ നിർമ്മാണ നിരയിലുണ്ട്. മുരളി ഗോപിയുടേതാണ് തിരക്കഥ

പൃഥ്വിരാജ് പ്രൊഡക്ഷന്‍സ് പ്രോജക്റ്റ് ഡിസൈന്‍ നിര്‍വ്വഹിക്കുന്ന ചിത്രത്തിന്‍റെ ഛായാഗ്രഹണം സുജിത്ത് വാസുദവ് ആണ്. സംഗീതം: ദീപക് ദേവ്. എഡിറ്റിംഗ്: അഖിലേഷ് മോഹന്‍. ആക്ഷന്‍ കൊറിയോഗ്രഫി: സ്റ്റണ്ട് സില്‍വ. വസ്ത്രാലങ്കാരം: സുജിത്ത് സുധാകര്‍

2019ൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് ചിത്രം ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. മോഹൻലാലിൻറെ ഗംഭീര തിരിച്ചുവരവായി ആരാധകർ ഒന്നടങ്കം ഏറ്റെടുത്ത ചിത്രമായിരുന്നു ലൂസിഫർ. മലയാളത്തിൽ നിന്നും ആദ്യമായി 100 ക്ലബ്ബിൽ ഇടം നേടിയ ആദ്യ മലയാളം ചിത്രം കൂടിയാണ് ലൂസിഫർ.