എന്റർടെയ്ൻമെന്റ് ഡെസ്ക്
രതീഷ് ബാലകൃഷ്ണ പൊതുവാൾ സംവിധാനം ചെയ്ത 'സുരേഷന്റെയും സുമലതയുടെയും ഹൃദയഹാരിയായ പ്രണയ കഥ' തീയേറ്ററുകളിൽ എത്തിയിരിക്കുകയാണ്. 'ന്നാ താൻ കേസ് കൊട്' എന്ന ഹിറ്റ് ചിത്രത്തിന്റെ സ്പിന്നോഫ് ആണ് ഈ ചിത്രം.
ഒരു സിനിമയിലെ ഹിറ്റായ കഥാപാത്രങ്ങളെ എടുത്ത് മറ്റൊരു സിനിമയിൽ ഉപയോഗിക്കുന്ന രീതിയെയാണ് സ്പിന്നോഫ് എന്ന് വിശേഷിപ്പിക്കാറുള്ളത്. ഹൃദയഹാരിയായ പ്രണയകഥയ്ക്ക് മുമ്പായി മലയാളത്തിൽ ഇറങ്ങിയ സ്പിന്നോഫ് സിനിമകളും കഥാപാത്രങ്ങളും ഏതൊക്കെയാണെന്ന് നോക്കാം.
അംബുജാക്ഷൻ
'അഴകിയ രാവണൻ' എന്ന ഹിറ്റ് ചിത്രത്തിലെ കഥാപാത്രമായ നേവലിസ്റ്റ് അംബുജാക്ഷൻ പിന്നീട് 'ചിറകൊടിഞ്ഞ കിനാക്കൾ' എന്ന ചിത്രത്തിലൂടെ തിരികെ എത്തിയിരുന്നു.
മലയാളത്തിലെ ആദ്യത്തെ സിനിമ സ്പൂഫ് ചിത്രം കൂടിയായിരുന്നു 'ചിറകൊടിഞ്ഞ കിനാവുകൾ'. ശ്രീനിവാസനാണ് രണ്ട് ചിത്രങ്ങളിലും അംബുജാക്ഷനായി എത്തിയത്.
സരോജ് കുമാർ
'ഉദയനാണ് താരം' എന്ന ചിത്രത്തിലെ ഹിറ്റ് കഥാപാത്രമായിരുന്നു സരോജ് കുമാർ. പിന്നീട് സരോജ് കുമാർ എന്ന കഥാപാത്രത്തിനെ നായകനാക്കി 'പത്മശ്രീ ഭരത് ഡോക്ടർ സരോജ് കുമാർ' എന്ന ചിത്രം സ്പിന്നോഫ് ആയി എത്തുകയായിരുന്നു. ശ്രീനിവാസൻ തന്നെയായിരുന്നു ഇരുചിത്രങ്ങളിലും സരോജ് കുമാറായി എത്തിയത്.
ഡോക്ടർ സണ്ണി
മണിചിത്രത്താഴിലെ മോഹൻലാൽ അവതരിപ്പിച്ച ഡോക്ടർ സണ്ണി എന്ന കഥാപാത്രം പിന്നീട് പ്രിയദർശൻ സംവിധാനം ചെയ്ത 'ഗീതാഞ്ജലി' എന്ന ചിത്രത്തിലൂടെ തിരികെയെത്തി.
സാഗർ ഏലിയാസ് ജാക്കി
മോഹൻലാലിന്റെ ഏക്കാലത്തെയും ഹിറ്റ് കഥാപാത്രമായ സാഗർ ഏലിയാസ് ജാക്കി 'ഇരുപതാം നൂറ്റാണ്ട്' എന്ന ചിത്രത്തിലെ നായകകഥാപാത്രമായിരുന്നു.
ചിത്രത്തിന്റെ സ്പിന്നോഫ് ആയി എത്തിയ ചിത്രമായിരുന്നു സാഗർ ഏലിയാസ് ജാക്കി. അമൽ നിരദ് ആയിരുന്നു സാഗർ ഏലിയാസ് സംവിധാനം ചെയ്തത്.
കള്ളൻ ഡിസൂസ
ചാർളി എന്ന ചിത്രത്തിലൂടെ ശ്രദ്ധേയമായ കഥാപാത്രമായിരുന്നു കള്ളൻ ഡിസൂസ. സൗബിൻ ഷാഹിർ ആയിരുന്നു ഈ കഥാപാത്രത്തെ അവതരിപ്പിച്ചത്. പിന്നീട് 'കള്ളൻ ഡിസൂസ' എന്ന പേരിൽ സൗബിൻ നായകനായി ഒരു സിനിമ മലയാളത്തിൽ എത്തുകയും ചെയ്തു.
ബൽറാം, താരാദാസ്
മമ്മൂട്ടി അവതരിപ്പിച്ച ഹിറ്റ് കഥാപാത്രങ്ങളായ ബൽറാമും താരാദാസും ഒരുമിച്ച സ്പിന്നോഫ് ചിത്രമായിരുന്നു 'ബൽറാം vs താരാദാസ്'. ഐവി ശശിയായിരുന്നു ഈ ചിത്രത്തിന്റെയും സംവിധാനം.
ജോസഫ് അലക്‌സ്, ഭരത്ചന്ദ്രൻ
ദ കിങ് എന്ന ചിത്രത്തിലെ കളക്ടർ ജോസഫ് അലക്‌സും കമ്മീഷ്ണറിലെ ഭരത്ചന്ദ്രൻ ഐപിഎസും ഒന്നിച്ച ചിത്രമായിരുന്നു ദ കിങ് ആൻഡ് ദ കമ്മീഷ്ണർ. ഷാജി കൈലാസ് സംവിധാനം ചെയ്ത ചിത്രത്തിന്റെ തിരക്കഥ രൺജി പണിക്കർ തന്നെയായിരുന്നു.