രോഗനിർണയം നടന്നിട്ട് ഒരു വർഷം; ഒപ്പം പ്രൊഫഷണൽ പരാജയങ്ങളും; കഴിഞ്ഞ് പോയ ഒരു വർഷത്തെക്കുറിച്ച് സാമന്ത

എന്റർടെയ്ൻമെന്റ് ഡെസ്ക്

മയോസിറ്റിസ് രോഗവുമായുള്ള പോരാട്ടത്തെക്കുറിച്ചും ബോക്സോഫീസ് പരാജയങ്ങളെക്കുറിച്ചും പ്രതികരിച്ച് സാമന്ത.

സെർബിയയിലെ ചർച്ച് ഓഫ് സെന്റ് സാവ സന്ദർശിച്ച ചിത്രങ്ങൾ ഇന്സ്റ്റഗ്രാമിലൂടെ പങ്കുവച്ചാണ് ശാകുന്തളം ചിത്രത്തിന്റെ പരാജയത്തെക്കുറിച്ചും മയോസൈറ്റിസ് അസുഖത്തെക്കുറിച്ചും താരം പ്രതികരിച്ചത്.

"രോഗത്തോടൊപ്പം ഒരു വർഷം. ശരീരവുമായി നിരവധി യുദ്ധങ്ങൾ... ഉപ്പ്, പഞ്ചസാര, ധാന്യങ്ങൾ എന്നിവ ഒഴിവാക്കുക കൂടാതെ മെയിൻ കോഴ്‌സായി മരുന്നുകളും. ആത്മപരിശോധനയുടെ ഒരു വർഷം. ഒപ്പം പ്രൊഫഷണൽ പരാജയങ്ങളും. പ്രാർത്ഥനകളുടെയും പൂജകളുടെയും ഒരു വർഷം... അനുഗ്രഹങ്ങൾക്കും വരങ്ങൾക്കുമായി പ്രാർത്ഥിക്കുന്നില്ല. മറിച്ച് ശക്തിയും സമാധാനവും ലഭിക്കാൻ പ്രാർത്ഥിക്കുന്നു" താരം കുറിച്ചു.

"എല്ലാ സമയത്തും നമ്മുടെ ആ​ഗ്രഹത്തിനനുസരിച്ച് ജീവിതം പോകണമെന്നില്ലെന്ന് എന്നെ പഠിപ്പിച്ച ഒരു വർഷം. നിയന്ത്രിക്കാൻ സാധിക്കുന്നത് നിയന്ത്രിക്കുക, ബാക്കിയുള്ളവ ഉപേക്ഷിക്കുക, ഓരോ ഘട്ടവും കടന്ന് മുന്നോട്ട് സഞ്ചരിക്കണം. ഇതൊന്നും ചിലപ്പോൾ മഹത്തായ വിജയങ്ങളിലെത്തിച്ചെന്ന് വരില്ല. മറിച്ച് മുന്നോട്ട് പോകുന്നത് തന്നെ ഒരു വിജയമാണ്".

"പഴയ കാര്യങ്ങളെ ഓർത്തിരിക്കാനോ ഇപ്പോഴുള്ള പ്രശ്നങ്ങൾ ശരിയാകുമെന്ന് കരുതിയിരിക്കാനോ ഞാൻ ആ​ഗ്രഹിക്കുന്നില്ല. ഞാൻ സ്നേഹിക്കുന്നവരേയും എന്നെ സ്നേഹിക്കുന്നവരേയും മുറുകെ പിടിക്കണം. മറ്റ് ബുദ്ധിമുട്ടുകൾക്ക് എന്നെ ബാധിക്കാനുള്ള ശക്തി നൽകരുത്. നിങ്ങളിൽ പലരും കഠിനമായ യുദ്ധങ്ങൾ നേരിടുന്നുണ്ടാകും. നിങ്ങൾക്കുവേണ്ടിയും ഞാൻ പ്രാർത്ഥിക്കുന്നു".

"അൽപം വൈകിയാലും ദൈവം നിങ്ങളുടെ പ്രാർത്ഥന കേൾക്കും. സമാധാനവും സ്നേഹവും സന്തോഷവും ശക്തിയും തേടുന്നവരെ അവർ ഒരിക്കലും നിരാകരിക്കില്ല. അന്വേഷിക്കേണ്ട കാര്യങ്ങൾ മാത്രം", താരം ഇന്സ്റ്റഗ്രാമിൽ കുറിച്ചു.