ഇസ്രയേൽ-ഗാസ സംഘർഷം, മാത്യു പെറി, ജവാൻ; ഗൂഗിളിൽ ഈ വർഷം ഏറ്റവും കൂടുതൽ പേർ തിരഞ്ഞതെന്ത് ?

വെബ് ഡെസ്ക്

2023 അവസാനിക്കാൻ ഇനി ദിവസങ്ങൾ മാത്രമേ അവശേഷിക്കുന്നുള്ളൂ. 2023 ൽ ലോകത്തെമ്പാടും നിരവധി സംഭവങ്ങളാണ് നടന്നത്. ഈ വർഷം ആളുകൾ ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരഞ്ഞത് എന്തൊക്കെയാണെന്ന് നോക്കാം

വാർത്തകൾ : ഗാസയിലെ ഇസ്രയേൽ അധിനിവേശം, ടൈറ്റന്‍ സമുദ്ര പേടകം അപകടത്തിൽ പെട്ടത്, തുർക്കി ഭൂകമ്പം എന്നിവയാണ് ഏറ്റവും ഗൂഗിളിൽ തിരഞ്ഞ വാർത്തകൾ.

വ്യക്തികൾ : അമേരിക്കൻ നടൻ ജെറമി റെന്നെർ, അമേരിക്കൻ റഗ്ബി താരം ഡമാർ ഹാംലിൻ, ബ്രിട്ടീഷ് - അമേരിക്കൻ ബിസിനസ്മാൻ ആൻഡ്രൂ ടെയ്റ്റ് എന്നിവരാണ് ഗൂഗിളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട വ്യക്തികൾ. ആൻഡ്രൂ ടെയ്റ്റുമായി ബന്ധപ്പെട്ട് കഴിഞ്ഞ വർഷം നിരവധി വിവാദങ്ങൾ ഉണ്ടായിരുന്നു.

മരിച്ച വ്യക്തികൾ : കഴിഞ്ഞ വർഷം മരിച്ചവരിൽ ഹോളിവുഡ് നടനും ഫ്രണ്ട്‌സ് സീരിസിലൂടെ പ്രശസ്തനുമായ മാത്യു പെറി, ഗായികയും നടിയുമായിരുന്ന ടിന ടർണർ, ഇറാനിയൻ ഗായികയും ഗാന രചയിതാവുമായ ഷനയ്‌തോ കോനാ എന്നിവരെയാണ് ആളുകൾ ഏറ്റവും കൂടുതൽ തിരഞ്ഞിട്ടുള്ളത്.

താരങ്ങൾ : അമേരിക്കൻ നടൻ ജെറമി റെന്നെർ, അമേരിക്കൻ നടി ജെന്ന ഓട്ടേഗ, ജാപ്പനീസ് നടനായ ഇച്ച്കവ എന്നൗസ്‌കെ IV എന്നിവരാണ് ഗൂഗിളിൽ 2023 ൽ ഏറ്റവും കൂടുതൽ ആളുകൾ തിരഞ്ഞ നടൻമാർ. ഇതിൽ ഇച്ച്കവ എന്നൗസ്‌കെ മാതാപിതാക്കളുടെ മരണവുമായി ബന്ധപ്പെട്ട് ജയിലിൽ കിടക്കുകയാണ്. ഈ വർഷം മെയ് മാസത്തിൽ ഇച്ച്കവയും മാതാപിതാക്കളും കൂട്ട ആത്മഹത്യക്ക് ശ്രമിക്കുകയും അച്ഛനും അമ്മയും മരിക്കുകയും ചെയ്തിരുന്നു.

കായിക താരങ്ങൾ : അമേരിക്കൻ ഫുട്ബോളർ ഡമാർ ഹാംലിൻ, ഫ്രഞ്ച് ഫുട്ബോളർ കിലിയൻ എംബാപ്പെ, അമേരിക്കൻ റഗ്‌ബി കളിക്കാരൻ ട്രാവിസ് കെൽസി എന്നിവരാണ് ഏറ്റവും കൂടുതൽ ഗൂഗിളിൽ തിരയപ്പെട്ട കായിക താരങ്ങൾ. ട്രാവിസ് കെൽസി ഈ വർഷം പോപ്പ് സൂപ്പർ താരം ടെയ്‌ലർ സ്വിഫ്റ്റുമായി പ്രണയത്തിലാണെന്ന് വെളിപ്പെടുത്തിയിരുന്നു.

സിനിമകൾ : അമേരിക്കൻ കോമഡി ചിത്രം ബാർബി, അമേരിക്കൻ ബയോഗ്രഫിക്കൽ ത്രില്ലർ ചിത്രം ഓപ്പൺഹൈമർ, ഷാരൂഖ് ഖാൻ നായകനായ ഇന്ത്യൻ ചിത്രം ജവാൻ എന്നിവയാണ് ഏറ്റവും കൂടുതല്‍ തിരഞ്ഞ സിനിമകൾ. ഇതിൽ ബാർബിയും ഓപ്പൺഹൈമറും വൻ ഹൈപ്പിൽ വന്ന ക്ലാഷ് റിലീസ് ആയിരുന്നു.

ഗായകർ : കൊളംബിയൻ ഗായിക ഷക്കീറ, അമേരിക്കൻ ഗായകൻ ജെയ്‌സൺ ഓൾഡീൻ, അമേരിക്കൻ ഗായകൻ ജോ ജോനാസ് എന്നിവരാണ് ഒന്നാം സ്ഥാനത്ത്. ജോ ജോനാസിന്റെ വിവാഹ മോചനം ഈ വർഷം വാർത്തകളിൽ ഇടം നേടിയിരുന്നു.