സിനിമാക്കാലം; മലയാളി പ്രേക്ഷകർ കാത്തിരിക്കുന്ന നവംബർ റിലീസുകൾ

വെബ് ഡെസ്ക്

മലയാളത്തിലെ മുൻനിര താരങ്ങൾ കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്ന നിരവധി ചിത്രങ്ങളാണ് നവംബറില്‍ റിലീസിന് തയ്യാറെടുക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന നവംബർ റിലീസുകൾ ഇവയൊക്കെയാണ്

ഗരുഡൻ - നവംബർ 3

2011ൽ പുറത്തിറങ്ങിയ ക്രിസ്ത്യൻ ബ്രദേഴ്‌സ് എന്ന ചിത്രത്തിന് ശേഷം ബിജു മേനോനും സുരേഷ് ഗോപിയും ഒന്നിച്ചെത്തുന്ന ചിത്രമാണ് ഗരുഡന്‍. ഓം ശാന്തി ഓശാനക്ക് ശേഷം മിഥുന്‍ മാനുവല്‍ തോമസ് തിരക്കഥയൊരുക്കുന്ന ചിത്രം കൂടിയാണ് ഗരുഡന്‍. ചിത്രം നവംബർ 3ന് തിയേറ്ററുകളിലെത്തും

ശേഷം മൈക്കിൽ ഫാത്തിമ - നവംബർ 3

കല്യാണി പ്രിയദര്‍ശന്‍ കേന്ദ്ര കഥാപാത്രത്തിലെത്തുന്ന 'ശേഷം മൈക്കില്‍ ഫാത്തിമ' നവംബര്‍ മൂന്നിന് തിയേറ്ററുകളിലെത്തും. മനു സി കുമാര്‍ സംവിധാനം ചെയ്ത ചിത്രത്തിന്റെ ടീസറും അനിരുദ്ധ് രവിചന്ദര്‍ ആലപിച്ച ഗാനവും പ്രേക്ഷകര്‍ക്കിടയില്‍ തരംഗമായി മാറിയിരുന്നു. നവംബർ 3 നാണ് ചിത്രത്തിന്റെ റിലീസ്

തോൽവി FC - നവംബർ 3

ഷറഫുദ്ദീൻ കേന്ദ്രകഥാപാത്രത്തിലെത്തുന്ന ചിത്രമാണ് തോൽവി FC. നാല് അംഗങ്ങളടങ്ങുന്ന ഒരു കുടുംബത്തിനുള്ളിൽ നടക്കുന്ന നാല് വ്യത്യസ്ത സംഭവങ്ങളാണ് സിനിമയുടെ പ്രമേയം. ഫാമിലി കോമഡി ഡ്രാമ ജോണറിൽ ഒരുക്കിയിരിക്കുന്ന ചിത്രത്തിൽ ഷറഫുദ്ദീന്റെ അച്ഛനായി കുരുവിള എന്ന കഥാപാത്രത്തിലൂടെ ജോണി ആന്‍റണിയും ചിത്രത്തിലുണ്ട്. നവംബർ 3ന് ചിത്രം തിയേറ്ററുകളിലെത്തും

ബാന്ദ്ര - നവംബർ 10

ബോളിവുഡ് താരം ദിവ്യ ഭാരതിയുടെ ജീവിതത്തെ അടിസ്ഥാനമാക്കി ഒരുങ്ങുന്ന ചിത്രമാണ് ബാന്ദ്ര. രാമലീലയ്ക്ക് ശേഷം അരുൺ ഗോപിയും ദിലീപും ഒരുമിക്കുന്ന ചിത്രമെന്ന പ്രതേകതയും ഇതിനുണ്ട്. തമന്നയാണ് ചിത്രത്തിലെ നായിക. തമന്നയുടെ ആദ്യ മലയാള സിനിമ കൂടിയാണിത്. നവംബർ 10നാണ് ചിത്രത്തിന്റെ റിലീസ്

വേല - നവംബർ 10

ഷെയ്ൻ നിഗം , സണ്ണി വെയ്ൻ എന്നിവരെ പ്രധാനകഥാപാത്രങ്ങളാക്കി നവാഗതനായ ശ്യാം ശശി സംവിധാനം ചെയ്യുന്ന ചിത്രമാണ് വേല. പോലീസ് വേഷത്തിലാണിരുവരും ചിത്രത്തിലെത്തുന്നത്. ആർ ഡി എക്‌സിന്റെ വൻ വിജയത്തിന് ശേഷം സാം സി എസ് സംഗീതസംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ് വേല. നവംബർ 10ന് ചിത്രം തിയേറ്ററുകളിലെത്തും

ഫാലിമി - നവംബർ 10

ജാനേമന്‍, ജയ ജയ ജയഹേ എന്നീ ചിത്രങ്ങള്‍ക്ക് ശേഷം ബേസില്‍ ജോസഫും ചീയേഴ്‌സ് എന്റര്‍ടൈന്‍മെന്റ്‌സും ഒന്നിക്കുന്ന പുതിയ ചിത്രമാണ് ഫാലിമി. ബേസിലിനൊപ്പം ജഗദീഷും മഞ്ജു പിള്ളയും കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നുണ്ട്. ചിത്രത്തിന്റെ അനൗണ്‍സ്‌മെന്റ് വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. നവംബർ 10ന് ചിത്രം റിലീസ് ചെയ്യും

ചീനാട്രോഫി - നവംബർ 17

ധ്യാൻ ശ്രീനിവാസൻ നായകനാഎത്തുന്ന ചിത്രമാണ് ചീനാട്രോഫി. പ്രശസ്ത ഷെഫ് സുരേഷ് പിള്ളയും ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്നുവെന്ന പ്രത്യേകതയും ഈ ചിത്രത്തിനുണ്ട്. ഏറെ രസകരമായൊരു കോമഡി എന്റര്‍ടൈനറായിട്ടാണ് ചിത്രം പ്രേക്ഷകരിലേക്ക് എത്തുന്നത്. നവംബർ 17ന് ചിത്രം തീയേറ്ററുകളിലെത്തും