ഉലകനായകൻ @ 69; പുറത്തിറങ്ങാനിരിക്കുന്ന കമൽഹാസൻ ചിത്രങ്ങൾ

വെബ് ഡെസ്ക്

ഇന്ത്യൻ സിനിമയിലെ ഇതിഹാസ താരങ്ങളുടെ പട്ടികയിൽ ഇടം നേടിയെടുത്ത ഉലകനായകൻ കമൽഹാസന് ഇന്ന് അറുപത്തിയൊമ്പതാം പിറന്നാൾ. 64 വർഷം നീണ്ടുനിൽക്കുന്ന സിനിമജീവിതത്തിൽ ഉലകനായകൻ വെള്ളിത്തിരയിൽ നിറഞ്ഞാടിയ കഥാപാത്രങ്ങൾ അനവധിയാണ്

2018ൽ പുറത്തിറങ്ങിയ വിശ്വരൂപം 2 വിനു ശേഷം കമൽഹാസന്റേതായിപുറത്തിറങ്ങിയ ചിത്രമായിരുന്നു 'വിക്രം'. ലോകേഷ് കനകരാജിന്റെ സംവിധാനത്തിൽ ഒരുങ്ങിയ വിക്രം വൻ വിജയം കൈവരിച്ചതോടെ, പുറത്തിറങ്ങാനിരിക്കുന്ന കമൽഹാസൻ ചിത്രങ്ങൾക്കായി ആരാധകർ ഏറെ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്

വമ്പൻ റിലീസുകളാണ് അടുത്ത വർഷത്തോടെ കമൽഹാസന്റേതായി പുറത്തിറങ്ങാനിരിക്കുന്നത്

ഇന്ത്യൻ 2

1996ൽ പുറത്തിറങ്ങിയ കമൽഹാസൻ ഹിറ്റ് ചിത്രം ഇന്ത്യന്റെ രണ്ടാം ഭാഗമാണ് ഇന്ത്യൻ 2. തമിഴകത്തെ ഹിറ്റ് മേക്കർ ശങ്കർ തന്നെയാണ് രണ്ടാം ഭാഗവും സംവിധാനം ചെയുന്നത്. ചിത്രത്തിൽ കാജൽ അഗർവാളാണ് നായിക. സിദ്ധാര്‍ഥ്, പ്രിയ ഭവാനി ശങ്കര്‍, ബോബി സിംഹ, ഗുരു സോമസുന്ദരം, ഡല്‍ഹി ഗണേഷ് എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്

ഇന്ത്യനിൽ ഇരട്ടവേഷത്തില്‍ ഗംഭീരപ്രകടനം നടത്തിയ കമല്‍ഹാസന് അക്കൊല്ലത്തെ മികച്ച നടനുള്ള ദേശീയ പുരസ്കാരവും ലഭിച്ചിരുന്നു

തഗ് ലൈഫ്

വർഷങ്ങളുടെ കാത്തിരിപ്പിന് വിരാമമാണ് കമൽഹാസൻ - മണിരത്‌നം കൂട്ടുകെട്ടിലൊരുങ്ങുന്ന തഗ് ലൈഫ്. 36 വർഷത്തിന് ശേഷം ഇരുവരും ഒന്നിക്കുന്ന ചിത്രമായതു കൊണ്ടുതന്നെ ഏറെ പ്രതീക്ഷയിലാണ് സിനിമാപ്രേമികൾ. രംഗരായ ശക്തിവേല്‍ നായ്ക്കര്‍ എന്ന കഥാപാത്രമായാണ് ചിത്രത്തില്‍ കമല്‍ഹാസന്‍ എത്തുന്നത്

1987 ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘നായക’ന്റെ സീക്വല്‍ ആണോ തഗ് ലൈഫ് എന്ന ചോദ്യവും പ്രേക്ഷകർക്കിടയിൽ ഉയരുന്നുണ്ട്. നായകനിൽ 'വേലു നായ്ക്കര്‍' എന്ന കഥാപാത്രമായാണ് കമൽഹാസൻ എത്തിയത്

കെഎച്ച് 233

എച്ച് വിനോദും കമൽഹാസനും ഒന്നിക്കുന്ന ചിത്രത്തിന്റെ പേര് പുറത്തുവിട്ടിട്ടില്ല. ‘റൈസ് ടു റൂൾ’ എന്നാണ് കെഎച്ച് 233യുടെ ടാഗ്‌ലൈൻ. അജിത് നായകനായ ‘വലിമൈ’, ‘തുനിവ്’ എന്നീ ചിത്രങ്ങൾക്കു ശേഷം എച്ച്. വിനോദ് സംവിധാനം ചെയ്യുന്ന ചിത്രമാണിത്

പ്രൊജക്റ്റ് കെ / കൽക്കി 2898 എഡി

'മഹാനടി'യുടെ സംവിധായകൻ നാഗ് അശ്വിൻ രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് പ്രൊജക്റ്റ് കെ. 'കൽക്കി 2898 എഡി' എന്ന പേരിലാണ് പ്രൊജക്റ്റ് കെയുടെ ടീസർ പുറത്തിറങ്ങിയത്. പ്രഭാസ് കേന്ദ്രകഥാപത്രത്തിലെത്തുന്ന ചിത്രത്തിൽ കമൽഹാസന് പുറമെ അമിതാഭ് ബച്ചനും ദീപിക പദുകോണും കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്

വിക്രം 2

2022ൽ ലോകേഷ് കനകരാജ് സംവിധാനത്തിൽ പുറത്തിറങ്ങിയ 'വിക്രം' എന്ന ചിത്രത്തിന്റെ രണ്ടാം ഭാഗമാണ് 'വിക്രം 2'. കമൽഹാസന്റെ വെള്ളിത്തിരയിലേക്കുള്ള ഗംഭീര തിരിച്ചുവരവ് രേഖപ്പെടുത്തിയ ചിത്രം കൂടിയായിരുന്നു വിക്രം. വിക്രം 2 ലോകേഷ് കനകരാജ് യൂണിവേഴ്സിലെ അവസാന ചിത്രമാകും എന്ന അഭ്യൂഹങ്ങൾ പുറത്തുവന്നതോടെ ചിത്രത്തിനായുള്ള കാത്തിരിപ്പും കൂടിയിട്ടുണ്ട്.