2024 ലെ വമ്പൻ റിലീസുകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

ഏറെ പ്രതീക്ഷയോടെയാണ് വരാനിരിക്കുന്ന വർഷത്തെ എല്ലാവരും കാണുന്നത്. സിനിമ ലോകവും അങ്ങനെ തന്നെയാണ്. 2024 ൽ വരാനിരിക്കുന്ന ചില വമ്പൻ റിലീസുകൾ ഇതാ

മെറി ക്രിസ്മസ് : അടുത്ത വർഷം ജനുവരി 12 ന് ഇറങ്ങാനിരിക്കുന്ന സിനിമയാണ് മെറി ക്രിസ്മസ്. ശ്രീറാം രാഘവൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ വിജയ് സേതുപതിയും കത്രീന കൈഫും പ്രധാന വേഷങ്ങളിൽ എത്തുന്നു.

മേം അടൽ ഹൂം : രവി ജാധവ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നത് പങ്കജ് ത്രിപാഠിയാണ്. മുൻ പ്രധാനമന്ത്രി അടൽ ബിഹാരി വാജ്‌പേയുടെ ജീവിതകഥയാണ് ചിത്രം. ജനുവരി 19 നാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്.

ഫൈറ്റർ : ഹൃതിക് റോഷൻ, ദീപിക പദുക്കോൺ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്ന ചിത്രം ഇതിനോടകം തന്നെ വലിയ ഓളം സൃഷ്ടിച്ച് കഴിഞ്ഞു. ജനുവരി 25 നാണ് ചിത്രത്തിന്റെ റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. സിദ്ധാർഥ് ആനന്ദ് ആണ് സംവിധാനം.

യോദ്ധ : സിദ്ധാർഥ് മൽഹോത്ര, ദിശ പട്നി എന്നിവർ കേന്ദ്ര കഥാപാത്രങ്ങളാവുന്ന ചിത്രത്തിന്റെ നിർമ്മാണം ധർമ്മ പ്രൊഡക്ഷൻസ് ആണ്. സാഗർ ആംബ്രെയും പുഷ്കർ ഓജയും ചേർന്നാണ് ചിത്രം സംവിധാനം ചെയ്യുന്നത്. 2024 മാർച്ച് 15 നാണ് ചിത്രത്തിന്റെ റിലീസ്.

ബഡെ മിയാ , ചോട്ടെ മിയാ : ടൈഗർ ഷ്‌റോഫ്, അക്ഷയ് കുമാർ എന്നിവർ പ്രധാന വേഷത്തിൽ എത്തുന്നു. മാനുഷി ചില്ലാർ, സോനാക്ഷി സിൻഹ, പ്രിത്വിരാജ് എന്നിവരും ചിത്രത്തിൽ അണി നിരക്കുന്നു. ഏപ്രിൽ 10 നാണ് ചിത്രം പ്രദർശനത്തിനെത്തുക.

സിംഗം എഗൈൻ : രൺവീർ സിങ്, ദീപിക പദുക്കോൺ, അക്ഷയ് കുമാർ തുടങ്ങിയവർ പ്രധാന കഥാപാത്രമായി എത്തുന്നു. രോഹിത് ഷെട്ടി ആണ് സംവിധാനം. അടുത്ത വർഷം ഓഗസ്റ്റ് 15 ന് ചിത്രം പ്രദർശനത്തിനെത്തും.

പുഷ്പ 2 : ഹിറ്റ് ചിത്രം പുഷ്പയുടെ രണ്ടാം ഭാഗമാണ് അടുത്ത വർഷം വരാനിരിക്കുന്ന മറ്റൊരു ചിത്രം. അല്ലു അർജുൻ നായകനാകുന്ന ചിത്രത്തിൽ രശ്‌മിക മന്ദാന, സായി പല്ലവി എന്നിവരും അണി നിരക്കുന്നുണ്ട്. ഓഗസ്റ്റ് 15 നാണ് ചിത്രത്തിന്റെ റിലീസ്.

സ്ത്രീ 2 : രാജ് കുമാർ റാവു, ശ്രദ്ധ കപൂർ എന്നിവർ പ്രധാനവേഷത്തിൽ എത്തിയ ഹോറർ , കോമഡി ചിത്രമാണ് സ്ത്രീ. ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായി ആരാധകർ കാത്തിരിപ്പ് തുടങ്ങിയിട്ട് വർഷങ്ങളായി. 2024 ഓഗസ്റ്റ് 30 ന് സ്ത്രീ 2 റിലീസ് ഉണ്ടാകുമെന്നാണ് നിലവിലെ റിപ്പോർട്ടുകൾ.