ധ്രുവനച്ചിത്തിരം മുതൽ കാവലൻ വരെ; റിലീസ് വെല്ലുവിളിയായ തമിഴ് സിനിമകൾ

എന്റർടെയ്ൻമെന്റ് ഡെസ്ക്

വിക്രം നായകനായി ഗൗതം മേനോൻ സംവിധാനം ചെയ്ത ധ്രുവനച്ചിത്തിരത്തിന്റെ റിലീസ് അവസാന നിമിഷമാണ് മാറ്റേണ്ടി വന്നത്. സാമ്പത്തിക തർക്കം മൂലമായിരുന്നു ഇത്.

തമിഴിലെ മുൻനിര താരങ്ങളിൽ പലരുടെയും ചിത്രങ്ങൾ സമാനമായ രീതിയിൽ റിലീസ് പ്രശ്‌നങ്ങൾ നേരിട്ടിട്ടുണ്ട്. അത്തരത്തിൽ റിലീസ് ചെയ്യുന്നതിന് പ്രയാസങ്ങൾ നേരിട്ട ചിത്രങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.

മാനാട്

ചിമ്പുവിനെ നായകനാക്കി വെങ്കട്ട് പ്രഭു സംവിധാനം ചെയ്ത മാനാട് 2018 ൽ ചിത്രീകരണം ആരംഭിച്ച ചിത്രമായിരുന്നു. ചിമ്പുവും നിർമാതാവുമായുള്ള തർക്കം കാരണം ചിത്രീകരണവും റിലീസും നീണ്ടുപോയി. പിന്നീട് 2021 നവംബറിൽ മാനാട് റിലീസ് ചെയ്യുകയായിരുന്നു.

വാല്

ചിമ്പു നായകനായ വാല് ആണ് റിലീസ് പ്രശ്‌നങ്ങൾ നേരിട്ട മറ്റൊരു ചിത്രം. വിജയ് ചന്ദർ സംവിധായകനായ ചിത്രം സാമ്പത്തിക പ്രതിസന്ധി മൂലം നിന്നുപോയി. പിന്നീട് 2015 ലാണ് ചിത്രം റിലീസ് ചെയ്തത്.

വിശ്വരൂപം

കമൽഹാസൻ സംവിധാനം ചെയ്ത് നായകനായ വിശ്വരൂപം മുസ്ലിം സമുദായത്തിന് എതിരാണെന്ന് വിമർശനം ഉയർന്നിരുന്നു. തുടർന്ന് തമിഴ്‌നാട് സർക്കാർ ചിത്രത്തിന് വിലക്ക് ഏർപ്പെടുത്തി.

കടുത്ത സാമ്പത്തിക പ്രതിസന്ധിയാണ് ഇത് കമൽഹാസന് ഉണ്ടാക്കിയത്. തുടർന്ന് 2011 ജനുവരി 25 തമിഴ്‌നാട് ഒഴികെയുള്ള സംസ്ഥാനങ്ങളിൽ ചിത്രം റിലീസ് ചെയ്തു.

തമിഴ്‌നാട്ടിൽ 2011 ഫെബ്രുവരി 3 നാണ് ചിത്രം റിലീസ് ചെയ്തത്.

കാവലൻ

ബോഡിഗാർഡ് എന്ന മലയാള ചിത്രത്തിന്റെ തമിഴ് റീമേക്ക് ആയ കാവലനിൽ വിജയ് ആയിരുന്നു നായകനായത്. വിജയ്‌യുടെ മുൻ ചിത്രങ്ങളുടെ പരാജയം കാരണം വിതരണക്കാർ കാവലനെ തഴഞ്ഞു.

ബാധ്യതകൾ തീർക്കാതെ ചിത്രം റിലീസ് ചെയ്യില്ലെന്നായിരുന്നു വിതരണക്കാരുടെ വാദം. ഒടുവിൽ പ്രഖ്യാപിച്ചതിനെക്കാളും ഒരു ദിവസം വൈകിയാണ് ചിത്രം തിയേറ്ററുകളിൽ എത്തിയത്.