ഇന്ന്‌ ലോക ദേശാടനപ്പക്ഷി ദിനം | കേരളത്തിലെത്തുന്ന സഞ്ചാരപ്രിയരെ പരിചയപ്പെടാം

വെബ് ഡെസ്ക്

പ്രജനനത്തിനായും ഭക്ഷണക്ഷാമം പ്രതികൂല കാലാവസ്ഥ എന്നിവയില്‍നിന്ന്‌ രക്ഷനേടാനും വേണ്ടി ഒരു സ്ഥലത്തുനിന്ന് ദൂരദേശത്തേക്കും അവിടെനിന്ന് തിരിച്ചും പറക്കുന്ന പക്ഷികളാണ് ദേശാടനപ്പക്ഷികള്‍.

വേഗത്തിലും ദൂരത്തുനിന്നും പറക്കുന്നതിന് അനുയോജ്യമായ രീതിയിലാണ് ദേശാടനപ്പക്ഷികളുടെ ശരീരം. ദേശാടനപ്പക്ഷികള്‍ നേരിടുന്ന ഭീഷണികള്‍, അവയുടെ പാരിസ്ഥിതിക പ്രാധാന്യം, അവയെ സംരക്ഷിക്കാന്‍ അന്താരാഷ്ട്ര സഹകരണത്തിന്റെ ആവശ്യകത എന്നിവയെക്കുറിച്ച് ആഗോള അവബോധം വളര്‍ത്താന്‍ വേണ്ടി ഒക്‌ടോബര്‍ 14 ലോക ദേശാടനപ്പക്ഷി ദിനമായി ആചരിക്കുന്നു

മറ്റൊരു ദേശാടനപ്പക്ഷി ദിനം കൂടിയെത്തുമ്പോള്‍ കേരളത്തിലെത്തുന്ന ഇത്തരം പക്ഷികള്‍ ഏതൊക്കെയെന്ന് നോക്കാം

ആര്‍ട്ടിക് ടേണ്‍ (Arctic tern)

ഒറ്റ യാത്രയില്‍ തന്നെ 35,000 കിലോമീറ്റർ പറക്കാന്‍ സാധിക്കുന്ന പക്ഷിയാണ് ആര്‍ട്ടിക് ടേണ്‍. ഒരു വര്‍ഷം ഏകദേശം 71,000 കിലോമീറ്റർ‍ ഇവ സഞ്ചരിക്കും. 30 വര്‍ഷമാണ് ആയുസ്

കുറിത്തലയന്‍ വാത്ത (Bar-headed goose)

ഈ ദേശാടനപ്പക്ഷികള്‍ വന്‍വാത്ത എന്ന പേരിലും അറിയപ്പെടുന്നു. മധ്യേഷ്യയിലെ മലയോട് ചേര്‍ന്ന തടാകങ്ങളിലാണ് വാത്തപ്പക്ഷിയെ കൂടുതലായും കാണുന്നത്. വളരെ ഉയരത്തില്‍ പറക്കുന്ന ചില പക്ഷികളിലൊന്നാണ് കുറിത്തലയന്‍ വാത്ത

നാകമോഹന്‍ (Paradise flycatcher)

ഇന്ത്യയില്‍ കാണപ്പെടുന്ന മറ്റൊരു ദേശാടനപ്പക്ഷിയാണ് നാകമോഹന്‍. വേലിതത്തകളെ പോലെ പറക്കുന്ന ഷഡ്പദങ്ങളെ വായുവില്‍വച്ച് തന്നെ പറന്നുപിടിച്ച് ഭക്ഷണമാക്കുന്ന പക്ഷിയാണിത്

മണ്ണാത്തിപ്പുള്ള് (Oriental Magpie-Robin)

പുള്ള് ഇനത്തില്‍പ്പെടുന്ന പക്ഷിയാണിത്. കേരളത്തില്‍ സര്‍വസാധാരണമായി കാണപ്പെടുന്ന ഇവ ചാണകക്കിളി എന്നും അറിയപ്പെടുന്നു. വേനല്‍ക്കാലത്ത് ഇവ പാട്ടുപാടും. സ്വന്തം സ്വരത്തിന് പുറമേ മറ്റ് ചില പക്ഷികളുടെ ശബ്ദവും ഇവ അനുകരിക്കാറുണ്ട്

മഞ്ഞക്കിളി (Indian Golden Oriol)

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലും മധ്യേഷ്യയിലും കണ്ടുവരുന്ന ഒരിനം ഒറിയോള്‍ പക്ഷിയാണ് മഞ്ഞക്കിളി. ഇവ ഭാഗികമായ ദേശാടകരാണ്. ഇവ പ്രധാനമായും പാകിസ്താന്‍, ഉസ്‌ബെക്കിസ്ഥാന്‍, അഫ്ഗാനിസ്ഥാന്‍, നേപ്പാള്‍, ഇന്ത്യ, ശ്രീലങ്ക എന്നിവിടങ്ങളില്‍ കാണപ്പെടുന്നു