ഇന്ത്യൻ ചരിത്രത്തിലെ ഏറ്റവും മാരക ചുഴലിക്കാറ്റുകൾ

വെബ് ഡെസ്ക്

അറബിക്കടലിൽ രൂപം കൊണ്ട ബിപോര്‍ജോയ് ചുഴലിക്കാറ്റ് രാജ്യമാകെ ഭീതി പരത്തിയിരിക്കുകയാണ്. ആവശ്യമായ സുരക്ഷാ സംവിധാനങ്ങൾ ഒരുക്കിയിട്ടുണ്ടെങ്കിലും ചുഴലിക്കാറ്റ് നാശം വിതയ്ക്കുമോയെന്ന ആശങ്ക ചെറുതല്ല.

ശക്തമായ കാറ്റും പേമാരിയും സൃഷ്ടിച്ച് ഒരു ന്യൂനമർദ കേന്ദ്രത്തിനുചുറ്റും ചുഴറ്റിനിൽക്കുന്ന കൊടുങ്കാറ്റുകളുടെ ഒരു കൂട്ടത്തെയാണ് ചുഴലിക്കാറ്റ് എന്ന് പറയുക. കഴിഞ്ഞ നൂറ്റാണ്ടുകളിൽ ഇന്ത്യൻ ഉപഭൂഖണ്ഡത്തിൽ കനത്ത നാശം വിതച്ച ചുഴലിക്കാറ്റുകൾ ഏതൊക്കെയെന്ന് നോക്കാം.

ഭോല : 1970ൽ പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ്. ശരാശരി മൂന്ന് ലക്ഷം മുതൽ 5 ലക്ഷം വരെ ആളുകൾ മരിച്ചു എന്നാണ് കണക്കുകൾ. മനുഷ്യചരിത്രത്തിലെ തന്നെ ഏറ്റവും ഭയാനകമായ ചുഴലിക്കാറ്റായാണ് കരുതപ്പെടുന്നത്.

ഹുഗ്ലി: 1737ൽ പശ്ചിമബംഗാൾ, ബംഗ്ലാദേശ് തീരങ്ങളിൽ ആഞ്ഞടിച്ച ചുഴലിക്കാറ്റ് . ഏകദേശം മൂന്ന് ലക്ഷത്തോളം പേർ മരിച്ചു. ഉത്തരേന്ത്യൻ മഹാ സമുദ്രത്തിലെ ആദ്യ സൂപ്പർ സൈക്ലോൺ.

കൊറിങ്ക: 1839ൽ ആന്ധ്രാപ്രദേശിലാണ് ഈ ചുഴലിക്കാറ്റുണ്ടായത്. ഏകദേശം മൂന്ന് ലക്ഷം ആളുകൾ ദുരന്തത്തിൽ മരിച്ചു എന്നാണ് കണക്കുകൾ.

കൽക്കട്ട : 1864ൽ വീശിയടിച്ച ചുഴലിക്കാറ്റ് കൽക്കട്ട നഗരത്തിന്റെ ഭൂരിഭാഗവും നശിപ്പിച്ചു. 60000 ത്തോളം ആളുകൾ മരിച്ചു. ചുഴലിക്കാറ്റ് ബാധിച്ച കൽക്കട്ട നഗരവും ചുറ്റുപാടുമുള്ള പ്രദേശങ്ങളും പിന്നീട് പുനർനിർമിക്കുകയായിരുന്നു.

ബംഗാൾ: 1833 ലെ ബംഗാൾ ചുഴലിക്കാറ്റിൽ 20000 ത്തോളം ആളുകളാണ് മരിച്ചത്. ചുഴലിക്കാറ്റുകൾക്കിടയിലെ ഏറ്റവും വേഗതയിൽ വീശിയടിച്ച കാറ്റെന്ന റെക്കോർഡ് ബംഗാൾ ചുഴലിക്കാറ്റിനാണ്.

1942 ലെ ബംഗാൾ ചുഴലിക്കാറ്റ് : 50000 ആളുകളാണ് ഈ ചുഴലിക്കാറ്റിൽ മരിച്ചത്.