യുദ്ധവിമാനത്തില്‍ ആകാശം കീഴടക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു

വെബ് ഡെസ്ക്

വ്യോമസേനയുടെ യുദ്ധവിമാനത്തിൽ ആകാശം കീഴടക്കി രാഷ്ട്രപതി ദ്രൗപദി മുര്‍മു. അസമിലെ തേസ്പൂര്‍ വ്യോമസേനാ സ്റ്റേഷനിൽനിന്ന് സുഖോയ് 30എംകെഐ വിമാനത്തിലായിരുന്നു രാഷ്ട്രപതിയുടെ യാത്ര.

രാഷ്ട്രപതിയെ ഗാർഡ് ഓഫ് ഓണർ നൽകിയാണ് വ്യോമസേനാ സ്റ്റേഷനിൽ സ്വീകരിച്ചത്. ചരിത്രപരമായ യാത്രയ്ക്ക് അവസരമൊരുക്കിയതിന് വ്യോമസേനയെ രാഷ്ട്രപതി അഭിനന്ദിച്ചു.

സുഖോയ് യുദ്ധവിമാനത്തിൽ സഞ്ചരിച്ച നാലാമത്തെ രാഷ്ട്രപതിയും രണ്ടാമത്തെ വനിതാ രാഷ്ട്രപതിയുമാണ് ദ്രൗപദി മുര്‍മു. ഡോ. എപിജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, രാംനാഥ് കോവിന്ദ് എന്നിവരാണ് ഇതിനു മുൻപ് സുഖോയ് വിമാനത്തിൽ സഞ്ചരിച്ചത്.

പൂണെ വ്യോമതാവളത്തിൽനിന്ന് എത്തിച്ച യുദ്ധവിമാനത്തിൽ ബ്രഹ്മപുത്രയ്ക്കും തേസ്പൂർ താഴ്വരയ്ക്കുമിടയിലായിരുന്നു രാഷ്ട്രപതി ദ്രൗപദി മുര്‍മു സഞ്ചരിച്ചത്. ഗ്രൂപ്പ് ക്യാപ്റ്റൻ നവീൻ കുമാറായിരുന്നു അരമണിക്കൂർ നീണ്ട യാത്രയുടെ പൈലറ്റ്.

സമുദ്രനിരപ്പിൽനിന്ന് രണ്ടു കിലോ മീറ്റർ ഉയരത്തിൽ മണിക്കൂറിൽ 800 കിലോമീറ്റർ വേഗത്തിലായിരുന്നു യാത്ര.

അസമില്‍ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനെത്തിയതാണ് രാഷ്ട്രപതി. ആറിന് എത്തിയ രാഷ്ട്രപതി ഇന്നു വരെയാണ് അസമിലുണ്ടാവുക.

അസമിലെ കാസിരംഗ നാഷണല്‍ പാര്‍ക്കില്‍ ഗജ് ഉത്സവ് പരിപാടി രാഷ്ട്രപതി ഉദ്ഘാടനം ചെയ്തു. കാസിരംഗയിൽ ജീപ്പ് സവാരിയും രാഷ്ട്രപതി ആസ്വദിച്ചു.

വ്യാഴാഴ്ച അസാം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ ഗവര്‍ണര്‍ ഗുലാബ് ചന്ദ് കതാരിയയും മുഖ്യമന്ത്രി ഹിമന്ദ ബിശ്വ ശര്‍മയും ചേര്‍ന്നാണ് സ്വീകരിച്ചത്