എല്ലാം സജ്ജം, ഇനി വിധിയെഴുത്ത്

വെബ് ഡെസ്ക്

പതിനെട്ടാം ലോക്‌സഭയിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പിന് തയ്യാറായി കേരളം. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയായതായി മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ അറിയിച്ചു.

സംസ്ഥാനത്തെ 20 മണ്ഡലങ്ങളിലേക്ക് നടക്കുന്ന തിരഞ്ഞെടുപ്പില്‍ 194 സ്ഥാനാര്‍ഥികളാണ് മത്സരരംഗത്ത്. അതില്‍ 25 പേര്‍ സ്ത്രീകളാണ്. പുരുഷന്മാര്‍ 169.

ആകെ 2,77,49,159 വോട്ടര്‍മാരാണ് കേരളത്തിലുള്ളത്. അതില്‍ 6,49,833 പേര്‍ പുതിയ വോട്ടര്‍മാരാണ്. സ്ത്രീ വോട്ടര്‍മാരില്‍ 3,36,770 പേരുടെയും പുരുഷ വോട്ടര്‍മാരില്‍ 3,13,005 പേരുടെയും വര്‍ധനയുണ്ട്.

വോട്ടെടുപ്പിനായി സംസ്ഥാനത്ത് 25,177 തിരഞ്ഞെടുപ്പ് ബൂത്തുകളും 181 ഉപ ബൂത്തുകളുമടക്കം ആകെ 25,358 ബൂത്തുകളാണ് സജ്ജമാക്കിയിട്ടുള്ളത്.

സംസ്ഥാനത്തെ 13,272 കേന്ദ്രങ്ങളിലായി ഒരുക്കിയ 25,231 ബൂത്തുകളില്‍ വോട്ടെടുപ്പ് പ്രക്രിയകള്‍ക്കായി 1,01176 പോളിങ് ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിട്ടുള്ളത്. ഒരു ബൂത്തില്‍ പ്രിസൈഡിങ് ഓഫീസര്‍ അടക്കം നാല് ഉദ്യോഗസ്ഥരാണ് വോട്ടെടുപ്പ് പ്രക്രിയ നിയന്ത്രിക്കുക.

സ്ത്രീകള്‍ മാത്രം നിയന്ത്രിക്കുന്ന 437 ബൂത്തുകളും 30 വയസ്സില്‍ താഴെയുള്ള യുവജനങ്ങള്‍ നിയന്ത്രിക്കുന്ന 31 ബൂത്തുകളും ഭിന്നശേഷിയുള്ള ജീവനക്കാര്‍ നിയന്ത്രിക്കുന്ന ആറ് ബൂത്തുകളും സംസ്ഥാനത്തുണ്ട്. കൂടാതെ 316 എത്‌നിക് പോളിങ് ബൂത്തുകളും 131 തീം അടിസ്ഥാനമാക്കിയുള്ള ബൂത്തുകളും ഉണ്ട്.

ഭിന്നശേഷി വോട്ടര്‍മാര്‍ക്കായി ബൂത്തുകളില്‍ റാമ്പും വീല്‍ച്ചെയറുകളും സജ്ജമാക്കിയിട്ടുണ്ട്. കാഴ്ചപരിമിതിയുള്ളവര്‍ക്കായി ബ്രെയിലി ലിപിയിലുള്ള വോട്ടിങ് യന്ത്രങ്ങളും എത്തിച്ചിട്ടുണ്ട്.