ഒരേയൊരു സച്ചിൻ; ക്രിക്കറ്റ് ഇതിഹാസത്തിന് 50-ാം പിറന്നാള്‍

വെബ് ഡെസ്ക്

മാസ്റ്റര്‍ ബ്ലാസ്റ്റര്‍, ലിറ്റില്‍ മാസ്റ്റര്‍, ക്രിക്കറ്റിന്റെ ദൈവം അങ്ങനെ എത്രയോ പേരുകള്‍, വിശേഷണങ്ങള്‍. മാസ്മരിക ഇന്നിങ്‌സുകള്‍, തകര്‍ക്കപ്പെടാത്ത റെക്കോര്‍ഡുകള്‍ എല്ലാത്തിനും ഒരേയൊരു സച്ചിന്‍. ക്രിക്കറ്റ് ഇതിഹാസത്തിന് 50-ാം പിറന്നാള്‍ ആശംസകള്‍

1973 ഏപ്രില്‍ 24 ന് മുംബൈയിലെ ദാദറിലായിരുന്നു ക്രിക്കറ്റ് ഇതിഹാസം സച്ചിന്‍ രമേഷ് തെണ്ടുല്‍ക്കറിന്റെ ജനനം. മറാത്തി ഭാഷാ നോവലിസ്റ്റും കവിയുമായ രമേഷ് തെണ്ടുല്‍ക്കറാണ് പിതാവ്, രജനിയാണ് അമ്മ

കുട്ടിക്കാലത്ത് ടെന്നീസും ക്രിക്കറ്റുമായിരുന്നു സച്ചിന്റെ ഇഷ്ടവിനോദങ്ങള്‍. ടെന്നീസ് താരം ജോണ്‍ മക്കന്റോയുടെ ആരാധകനായ കുഞ്ഞു സച്ചിന്‍ അദ്ദേഹത്തെ അനുകരിച്ച് മുടി നീട്ടി വളര്‍ത്തിയിരുന്നു

1984 ല്‍ സഹോദരന്‍ അജിത്താണ് സച്ചിനെ ശാരദാശ്രമം വിദ്യാമന്ദിറില്‍ എത്തിക്കുന്നത്. അവിടെ പരിശീലകന്‍ രമാകാന്ദ് അചരേക്കറിലൂടെ സച്ചിന്‍ ക്രിക്കറ്റിന്റെ ബാലപാഠങ്ങള്‍ പഠിച്ചു.

1988 ലെ ഹാരിസ്ഷീല്‍ഡ് ഗെയിംസില്‍, 664 റണ്‍സ് എന്ന സച്ചിന്റെയും കാംബ്ലിയുടെയും റെക്കോര്‍ഡ് കൂട്ടുകെട്ട് അവിസ്മരണീയമാണ്. ശാരദാശ്രമം വിദ്യാമന്ദിര്‍ സ്‌കൂളിന് വേണ്ടി കാംബ്ലി പുറത്താകാതെ 349 റണ്‍സ് എടുത്തപ്പോള്‍ സച്ചിന്‍ 326 റണ്‍സ് എടുത്തു. അന്ന് സച്ചിന് 14 ഉം കാംബ്ലിക്ക് 16 വയസുമായിരുന്നു

1987 ല്‍ 14-ാം വയസിലാണ് സച്ചിന്‍ രഞ്ജി ട്രോഫിയില്‍ മുംബൈ ടീമിന്റെ ഭാഗമാകുന്നത്

1989 ലാണ് സച്ചിന്‍ പാകിസ്താന്‍ ക്രിക്കറ്റ് ടീമിനെതിരെ കറാച്ചിയില്‍ അന്താരാഷ്ട്ര അരങ്ങേറ്റം നടത്തുന്നത്. 24 വര്‍ഷം നീണ്ട മാജിക്കല്‍ കരിയറിന് ശേഷം 2013 നവംബറില്‍ മുംബൈയിലെ വാംഖ്ഡെ സ്റ്റേഡിയത്തില്‍ വെസ്റ്റ് ഇന്‍ഡീസിനതിരെ നടന്ന ടെസ്റ്റ് മത്സരത്തോടെ സച്ചിന്‍ രാജ്യാന്തര ക്രിക്കറ്റില്‍ നിന്നും വിരമിച്ചു

അന്താരാഷ്ട്ര ക്രിക്കറ്റില്‍ 100 സെഞ്ചുറികള്‍ തികച്ച ഏക കളിക്കാരനാണ് സച്ചിന്‍. ടെസ്റ്റിലും ഏകദിനത്തിലും ഏറ്റവും കൂടുതല്‍ റണ്‍ നേടിയതും സച്ചിനാണ്. ഏകദിനത്തില്‍ 18426 റണ്‍സും ടെസ്റ്റില്‍ 15921 റണ്‍സുമാണ് സച്ചിന്റെ സമ്പാദ്യം.

2010 ല്‍ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിനത്തില്‍ ഫോര്‍മാറ്റിന്റെ ചരിത്രത്തില്‍ ആദ്യമായി ഇരട്ട സെഞ്ചുറി നേടിയ താരമായി സച്ചിന്‍.

Pal Pillai

സച്ചിന്‍ ആറ് ക്രിക്കറ്റ് ലോകകപ്പുകളില്‍ കളിച്ചു, ക്രിക്കറ്റ് ചരിത്രത്തില്‍ ഏറ്റവും കൂടുതല്‍ ലോകകപ്പ് കളിച്ച കളിക്കാരന്‍ ആണ് അദ്ദേഹം.2011 ലോകകപ്പില്‍ ശ്രീലങ്കയെ തോല്‍പ്പിച്ച് വാംഖ്ഡേ സ്റ്റേഡിയത്തില്‍ ഇന്ത്യ കപ്പുയര്‍ത്തിയപ്പോള്‍ സച്ചിന്റെ ലോകകപ്പ് സ്വപ്‌നവും സാക്ഷാത്കരിച്ചു.

ഐ പി എല്ലിന്റെ ആദ്യ ആറ് സീസണുകളിലും മുംബൈയുടെ കരുത്തുറ്റ ഓപ്പണറായിരുന്നു സച്ചിന്‍. ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പ് നേടിയ ഒരേയൊരു ഇന്ത്യന്‍ ക്യാപ്റ്റനും സച്ചിനാണ്.

രാജ്യത്തെ ഏറ്റവും ഉയര്‍ന്ന സിവിലിയന്‍ ബഹുമതിയായ ഭാരതരത്‌നയും പരമോന്നത കായിക ബഹുമതിയായ ഖേല്‍രത്‌ന പുരസ്‌കാരവും അര്‍ജുന അവാര്‍ഡും പത്മശ്രീയും പത്മവിഭൂഷനും വിസ്ഡന്‍ ക്രിക്കറ്റര്‍ ഓഫ് ദ് ഇയറും ലോറസ് പുരസ്‌കാരവും അടക്കം അനവധി നേട്ടങ്ങള്‍ സച്ചിന്‍ കൈപ്പിടിയിലാക്കി.