'ഈ സന്ദേശങ്ങള്‍ കെണിയാണ്'; ഒരിക്കലും ക്ലിക്ക് ചെയ്യാന്‍ പാടില്ലാത്ത മെസേജുകള്‍

വെബ് ഡെസ്ക്

സെക്യൂരിറ്റി കമ്പനിയായ എംസിഅഫീ അടുത്തിടെ ആഗോള സ്‌കാം മെസേജ് പഠനം പുറത്തിറക്കിയിരുന്നു. അതില്‍ ഹാക്കര്‍മാര്‍ക്ക് ഉപകരണങ്ങള്‍ ഹാക്ക് ചെയ്യാനോ പണം അപഹരിക്കാനോ സാധിക്കുന്ന ഏഴ് സന്ദേശങ്ങള്‍ ഏതൊക്കെയാണെന്ന് വ്യക്തമാക്കുന്നു

ആ മെസേജുകളില്‍ ക്ലിക്ക് ചെയ്യുന്നതിലൂടെ തട്ടിപ്പുകാര്‍ക്ക് സുഖമമായി നമ്മുടെ ഫോണുകളിലേക്ക് നുഴഞ്ഞുകയറാന്‍ സാധിക്കുന്നു. ഒരിക്കലും ക്ലിക്ക് ചെയ്യാന്‍ പാടില്ലാത്ത ഏഴ് സന്ദേശങ്ങളിതാ

''യു ഹേവ് വണ്‍ എ പ്രൈസ്''

ഇത്തരം സന്ദേശങ്ങള്‍ ചില മാറ്റങ്ങളോട് കൂടിയും കണ്ട് വരുന്നുണ്ട്. എന്നാല്‍ ലഭിച്ച സന്ദേശം ഒരു തട്ടിപ്പാകാനും സന്ദേശം ലഭിച്ചയാളുടെ പണമോ ക്രെഡന്‍ഷ്യലോ മോഷ്ടിക്കാനുള്ള കെണിയാകാനും 99 ശതമാനം സാധ്യതയുണ്ട്

വ്യാജ തൊഴില്‍ അറിയിപ്പുകളും ഓഫറുകളും

അപകടകരമായ സന്ദേശമാണിത്. ജോലി വാഗ്ദാനങ്ങള്‍ ഒരിക്കലും മെസേജ് വഴി വരുന്നതല്ല. ഒരു പ്രൊഫഷണല്‍ സ്ഥാപനവും മെസേജ് വഴി മാത്രം തൊഴില്‍ ഓഫര്‍ നല്‍കില്ല. ഇത്തരം മെസേജുകളില്‍ വീഴാതെ സത്യാവസ്ഥ മനസിലാക്കാന്‍ ശ്രമിക്കണം

യുആര്‍എല്‍ ഉളള ബാങ്ക് അലേര്‍ട്ട് സന്ദേശങ്ങള്‍

സന്ദേശത്തിലെ ഒരു യുആര്‍എല്‍ ലിങ്ക് വഴി കെവൈസി പൂര്‍ത്തിയാക്കാന്‍ ഉപയോക്താക്കളോട് ആവശ്യപ്പെടുന്ന തരത്തിലുള്ള എസ്എംഎസ് അഥവാ വാട്‌സ്ആപ്പ് വഴി ലഭിക്കുന്ന ബാങ്ക് അലേര്‍ട്ട് സന്ദേശങ്ങള്‍ തട്ടിപ്പുകളാണ്. അതിലൂടെ പണം തട്ടിയെടുക്കലാണ് അവരുടെ ലക്ഷ്യം

വാങ്ങാത്ത ഒരു കാര്യത്തെക്കുറിച്ചുള്ള വിവരം

നാം ഒരിക്കലും വാങ്ങാത്ത ഒരു വസ്തുവിനെക്കുറിച്ചുള്ള വിവരങ്ങളും തട്ടിപ്പിന്റെ മറ്റൊരു വശമാണ്. ആ സന്ദേശത്തില്‍ ക്ലിക്ക് ചെയ്യാനും ഫോണ്‍ ഹാക്ക് ചെയ്യാനും പ്രേരിപ്പിക്കുന്ന തരത്തിലാണ് ഇത്തരം സന്ദേശങ്ങള്‍ അയയ്ക്കുന്നത്

നെറ്റ്ഫ്‌ളിക്‌സ് അഥവാ സമാനമായ ഒടിടി സബ്‌സ്‌ക്രിപ്ഷന്‍ അപ്‌ഡേറ്റുകള്‍

നെറ്റ്ക്‌ഫ്ലിക്സ് അല്ലെങ്കില്‍ മറ്റ് ഒടിടി സബ്‌സ്‌ക്രിപ്ഷനുകള്‍ക്ക് ചുറ്റുമുള്ള സന്ദേശങ്ങള്‍ ഉപയോഗിച്ച് തട്ടിപ്പുകാര്‍ ഉപയോക്താക്കളെ ആകര്‍ഷിക്കാന്‍ ശ്രമിക്കുന്നു

വ്യാജ ഡെലിവറി അഥവാ ഡെലിവറി പ്രശ്‌നങ്ങള്‍

ഓണ്‍ലൈനായി സാധനങ്ങള്‍ വാങ്ങുന്നത് കൊണ്ടുതന്നെ ഡെലിവറി സന്ദേശങ്ങള്‍ നമുക്ക് പരിചിതമാണ്. എന്നാല്‍ ഡെലിവറി പ്രശ്‌നങ്ങളെക്കുറിച്ചുള്ള വ്യാജ സന്ദേശങ്ങള്‍ അപകടമാണ്. അത്തരം സന്ദേശങ്ങള്‍ സൂക്ഷിച്ച് കൈകാര്യം ചെയ്യുക

ആമസോണ്‍ സുരക്ഷാ മുന്നറിയിപ്പുകള്‍

ആമസോണ്‍ സുരക്ഷാ മുന്നറിയിപ്പുകള്‍ അല്ലെങ്കില്‍ ഏതെങ്കിലും അപ്‌ഡേറ്റ് സംബന്ധിച്ച അറിയിപ്പുകളോ സന്ദേശങ്ങളോ കെണികളാണ്. അത്തരം പ്രധാനപ്പെട്ട അലേര്‍ട്ടുകള്‍ക്കായി ആമസോണോ ഏതെങ്കിലും ഇ കൊമേഴ്‌സ് കമ്പനിയോ ഒരിക്കലും എസ്എംഎസിലോ വാട്‌സ്ആപ്പിലോ ബന്ധപ്പെടില്ലെന്ന് ശ്രദ്ധിക്കുക