വാട്സ് ആപ്പിലൂടെയുള്ള തട്ടിപ്പ് വര്‍ധിക്കുന്നു; എങ്ങനെ പ്രതിരോധിക്കാം?

വെബ് ഡെസ്ക്

സ്മാർട് ഫോണുകള്‍ ഉപയോഗിക്കുന്നവര്‍ക്കിടയില്‍ വന്‍ സ്വീകാര്യത നേടിയ സമൂഹമാധ്യമമാണ് വാട്സ് ആപ്പ്.

അടുത്തകാലത്തായി വാട്‌സ് ആപ്പില്‍ സ്പാം കോളുകളുടേയും മെസേജുകളുടേയും എണ്ണം വര്‍ധിച്ചെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തു വന്നിരുന്നു.

നിരവധിയാളുകള്‍ ഇതുവഴി തട്ടിപ്പിനിരയായി. ലക്ഷക്കണക്കിന് രൂപ നഷ്ടമായെന്ന റിപ്പോർട്ടുകളും പുറത്തു വന്നു.

സ്പാം മെസേജുകളിലെ ലിങ്കുകളില്‍ കയറുന്നതോടെയാണ് പലരുടേയും ബാങ്ക് അക്കൗണ്ടുകള്‍ കാലിയായി തുടങ്ങിയത്. വാട്‌സ് ആപ്പില്‍ വരുന്ന ഇത്തരം ചതികളെ എങ്ങനെ മനസിലാക്കി പ്രതിരോധിക്കാം?

ടു സ്റ്റെപ്പ് വെരിഫിക്കേഷന്‍

വാട്‌സ് ആപ്പിന്റെ സുരക്ഷ മെച്ചപ്പെടുത്താനായി ടു സ്റ്റെപ് വെരിഫിക്കേഷന്‍ ഓണാക്കാവുന്നതാണ്. അക്കൗണ്ട് വെരിഫിക്കേഷന്‍ ചെയ്യുമ്പോള്‍ ആറക്ക പിന്‍കോഡ് വാട്സ് ആപ്പ് ആവശ്യപ്പെടും. ഇത് ആപ്പിനെ സുരക്ഷിതമാക്കാന്‍ പ്രയോജനപ്പെടുത്താം.

റിപ്പോർട്ടും ബ്ലോക്കും ചെയ്യാം

അജ്ഞാതമായ ഒരു അക്കൗണ്ടില്‍ നിന്ന് വ്യക്തി വിവരങ്ങളന്വേഷിച്ചോ പണം ആവശ്യപ്പെട്ടോ മെസേജുകള്‍ വരികയാണെങ്കില്‍ അതിനെ കുറിച്ച് കൃത്യമായി അന്വേഷണം നടത്താന്‍ തയ്യാറാകുക. ആവശ്യമെങ്കില്‍ അത്തരം അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്യാം. അക്കൗണ്ടുകള്‍ റിപ്പോർട്ട് ചെയ്യാനും മറക്കരുത്.

ഗ്രൂപ്പ് സ്വകാര്യമാക്കാം

വാട്‌സ് ആപ്പിലെ പ്രൈവസി സെറ്റിങ്‌സിലൂടെ ആര്‍ക്കൊക്കെ നിങ്ങളെ പുതിയ ഗ്രൂപ്പിലേക്ക് ക്ഷണിക്കാമെന്ന ഓപ്ഷൻ നിയന്ത്രിക്കാവുന്നതാണ്.

പ്രൊഫൈല്‍ ഫോട്ടോയും സ്റ്റാറ്റസും

പ്രൊഫൈല്‍ ഫോട്ടോയും ഓണ്‍ലൈന്‍ സ്റ്റാറ്റസും പോലെയുള്ള സ്വകാര്യ വിവരങ്ങള്‍ ആരൊക്കെ കാണണമെന്ന് നമുക്ക് തന്നെ തീരുമാനിക്കാവുന്നതാണ്. നിങ്ങള്‍ ഓണ്‍ലൈനിലുണ്ടോ എന്ന് ആര്‍ക്കൊക്കെ അറിയാമെന്ന കാര്യത്തിലും ക്രമീകരണമാകാം .

വാട്സ് ആപ്പ് വെബ്ബിലും വേണം ശ്രദ്ധ

സൗകര്യാർ‍ഥം വാട്‌സ് ആപ്പ്, ഡെസ്‌ക്ടോപ്പില്‍ ഉപയോഗിക്കേണ്ടി വരാറുണ്ട് പലർക്കും. ആവശ്യം കഴിഞ്ഞാല്‍ അത് ലോഗ് ഔട്ട് ചെയ്യാന്‍ പ്രത്യേകം ശ്രദ്ധിക്കണം. വാട്‌സ് ആപ്പ് വെബ് വഴി വാട്‌സ് ആപ്പ് ആരെങ്കിലും അനധികൃതമായി ഉപയോഗിക്കുന്നുണ്ടോ എന്ന് പരിശോധിക്കണം .

അജ്ഞാത ലിങ്കുകളില്‍ ക്ലിക്ക് ചെയ്യേണ്ട

വ്യാജ ഫിഷിങ് ലിങ്കുകള്‍ സൂക്ഷിക്കണം. സംശയാസ്പദമായ സാഹചര്യത്തില്‍ ആരെങ്കിലും എന്തെങ്കിലും ലിങ്ക് അയക്കുന്നുണ്ടെങ്കില്‍ ഒരിക്കലും അതില്‍ ക്ലിക്ക് ചെയ്യാന്‍ ശ്രമിക്കരുത്.

സ്വകാര്യ വിവരങ്ങള്‍

ഇന്നത്തെ കാലത്ത് ഇടപാടുകളധികവും ഇന്റര്‍നെറ്റിലൂടെയായതു കൊണ്ട് നമ്മുടെ വ്യക്തി വിവരങ്ങള്‍ ലഭിക്കാന്‍ വളരെ എളുപ്പമാണ്. എന്നാല്‍, വിലാസം ഫോണ്‍ നമ്പര്‍, പാസ്‍വേഡുകള്‍, ക്രെഡിറ്റ് കാര്‍ഡ് നമ്പറുകള്‍, ബാങ്ക് അക്കൗണ്ട് എന്നീ വിവരങ്ങള്‍ കഴിയുന്നതും പങ്കുവയ്ക്കാതിരിക്കുക.