ഉഷ്ണകാലമാണ്; എ സി സൂക്ഷിച്ചുപയോഗിച്ചില്ലെങ്കില്‍ കൈപൊള്ളും

വെബ് ഡെസ്ക്

വേനല്‍ക്കാലമാണ്, ഭയങ്കര ചൂടും, വീടുകളില്‍ എയര്‍ കണ്ടീഷണർ സ്ഥാപിക്കുന്നവരുടെ എണ്ണം കൂടുതന്നു. എന്നാല്‍ എസി വാങ്ങുമ്പോൾ നല്ല ശ്രദ്ധ വേണം.

സാധാരണ കണ്ടുവരുന്ന ഒരു ടണ്ണിന്റെ എയര്‍ കണ്ടീഷണര്‍ 12 മണിക്കൂര്‍ പ്രവര്‍ത്തിപ്പിച്ചാല്‍ ആറ്‌ യൂണിറ്റ്‌ വൈദ്യുതി ചെലവാകും. വൈദ്യുതി ലാഭിക്കാന്‍ ചില ടിപ്സ്.

വീടിന്റെ പുറം ചുമരുകളിലും ടെറസ്സിലും വെളള നിറത്തിലുളള പെയിന്റ്‌ ഉപയോഗിക്കുന്നതും ജനലുകള്‍ക്കും ഭിത്തികള്‍ക്കും ഷെയ്ഡ്‌ നിര്‍മ്മിക്കുന്നതും വീടിനു ചുറ്റും മരങ്ങള്‍ വച്ചു പിടിപ്പിക്കുന്നതും അകത്തെ ചൂട്‌ കുറയ്ക്കാന്‍ സഹായിക്കും.

ശീതീകരിക്കാനുള്ള മുറിയുടെ വലിപ്പം അനുസരിച്ച്‌ അനുയോജ്യമായ എസികള്‍ തന്നെ തിരഞ്ഞെടുക്കുക.

എ സി വാങ്ങുമ്പോള്‍ ബിഇഇ സ്റ്റാര്‍ ലേബല്‍ ശ്രദ്ധിക്കുക. 5 സ്റ്റാര്‍ ആണ്‌ ഏറ്റവും ഊർജ്ജ കാര്യക്ഷമത കൂടിയത്‌.

എയര്‍ കണ്ടീഷണറുകള്‍ ഘടിപ്പിച്ച മുറികളിലേക്ക്‌ ജനലുകള്‍ വാതിലുകള്‍, മറ്റു ദ്വാരങ്ങള്‍ എന്നിവയില്‍ക്കൂടി വായു അകത്തേക്കു കടക്കുന്നില്ലെന്ന്‌ ഉറപ്പാക്കുക

ഫിലമെന്റ്‌ ബള്‍ബ്‌ പോലുള്ള ചൂട്‌ പുറപ്പെടുവിക്കുന്ന ഉപകരണങ്ങള്‍ മുറിയില്‍ നിന്ന്‌ ഒഴിവാക്കുക.

എയര്‍ കണ്ടീഷണറിന്റെ ടെംപറേച്ചര്‍ സെറ്റിംഗ്‌ 22 ഡിഗ്രി സെല്‍ഷ്യസില്‍ നിന്നും ഓരോ ഡിഗ്രി കൂടുമ്പോഴും 5% വരെ വൈദ്യുതി ഉപയോഗം കുറയും. അതിനാല്‍ 25 ഡിഗ്രി സെല്‍ഷ്യസില്‍ തെർമോസ്റ്റാറ്റ്‌ സെറ്റ്‌ ചെയ്യുന്നതാണ്‌ ഉത്തമം.

എയര്‍കണ്ടീഷണറിന്റെ ഫില്‍ട്ടര്‍ എല്ലാ മാസവും വൃത്തിയാക്കുക.

എയര്‍ കണ്ടീഷണറിന്റെ കണ്ടെന്‍സര്‍ യൂണിറ്റ്‌ കഴിയുന്നതും വീടിന്റെ തെക്ക്‌ പടിഞ്ഞാറ്‌ ഭാഗത്ത്‌ ഘടിപ്പിക്കാതിരിക്കുവാൻ ശ്രദ്ധിക്കുക. കേരളത്തിൽ ഏറ്റവും കൂടുതൽ സൂര്യപ്രകാശം ലഭിക്കുന്നത് തെക്ക് പടിഞ്ഞാറ് ഭാഗത്ത് നിന്നാണ്.

കുറഞ്ഞ ചൂട്‌, അനുഭവപ്പെടുന്ന കാലാവസ്ഥയില്‍ കഴിവതും സീലിംഗ്‌ ഫാന്‍, ടേബിള്‍ ഫാന്‍ മുതലായവ ഉപയോഗിക്കുക.