അതിമനോഹരം ഈ ട്രെയിന്‍ യാത്രകള്‍

വെബ് ഡെസ്ക്

മലയും കുന്നും താണ്ടിയും വെള്ളച്ചാട്ടത്തിനു കുറുകെയും പൈൻ മരങ്ങൾക്കിടയിലൂടെയും ഒരു യാത്ര പോകാൻ ഇഷ്ടപ്പെടാത്തവരായി ആരുമുണ്ടാകില്ല. അത്തരത്തിൽ പ്രകൃതിയെ ആസ്വദിച്ച് യാത്ര ചെയ്യാവുന്ന റെയിൽപാതകൾ ഏറെയുണ്ട് ഇന്ത്യയിൽ. മനോഹരമായ ഏഴ് ട്രെയിൻ യാത്രകൾ കണ്ടുവരാം

കൽക്ക ഷിംല റെയിൽവേ

'കുന്നുകളുടെ രാജ്ഞി'യായ ഷിംലയിലേക്കുള്ള ട്രെയിൻ യാത്ര ആരെയും അമ്പരപ്പിക്കുന്നതാണ്. ഏകദേശം അഞ്ചര മണിക്കൂർ വരെ നീളുന്ന യാത്രയുള്ള കൽക്ക-ഷിംല ടോയ് ട്രെയിൻ ഒരു ഇടുങ്ങിയ ഗേജിലൂടെയാണ് കടന്നുപോകുന്നത്. പൈൻമരങ്ങൾക്കിടയിലൂടെയുള്ള 103 തുരങ്കങ്ങൾ, പർവതങ്ങൾ, വെള്ളച്ചാട്ടങ്ങൾ, താഴ്‌വരകൾ, മനോഹരമായ ഹിൽ സ്റ്റേഷനുകൾ എന്നിവ ഈ ട്രെയിൻ യാത്രയെ വേറിട്ടതാക്കുന്നു

ജമ്മുവാലി-ഉധംപൂർ ട്രെയിൻ യാത്ര

ഇന്ത്യയിലെ ഏറ്റവും വിസ്മയകരമായ ട്രെയിൻ യാത്ര . ജമ്മുവാലിയിൽ നിന്ന് ആരംഭിച്ച് ഉധംപൂർ വരെ നീളുന്ന യാത്രാനുഭവം. താഴ്‌വരകളിലൂടെയും പർവതങ്ങളുടെ സമീപത്തുകൂടെയുള്ള യാത്ര. 158 പാലങ്ങളിലൂടെയും 20 തുരങ്കങ്ങളിലൂടെയും ട്രെയിൻ കടന്നുപോകുന്നു. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ കടന്നുപോകുന്നതാണ് പ്രധാന ആകർഷണം

പാമ്പൻ പാലത്തിലൂടെ...

ഇന്ത്യയിൽ ഏറ്റവുമധികം ആളുകൾ യാത്ര ചെയ്യുന്ന ട്രെയിൻ റൂട്ടുകളിലൊന്നാണ് ചെന്നൈ -രാമേശ്വരം. രാജ്യത്തെ പുണ്യസ്ഥലങ്ങളിൽ ഒന്നായി അറിയപ്പെടുന്ന രാമേശ്വരമാണ് ഈ റെയിൽ പാതയുടെ പ്രധാന ആകർഷണം. 2.4 കിലോമീറ്റർ കടലിലേക്ക് നീണ്ടുകിടക്കുന്ന പാമ്പൻ റെയിൽ പാലത്തിലൂടെ ട്രെയിൻ യാത്രയും കാഴ്ചകളും ആര്‍ക്കും മറക്കാനാകില്ല

ദുദ്‌സാഗർ വെള്ളച്ചാട്ടവും ഗോവ എക്സ്പ്രസും

ഇന്ത്യൻ റെയിൽവേയിലൂടെയുള്ള ഏറ്റവും മനോഹരമായ യാത്രകളിലൊന്നാണ് പ്രകൃതിരമണീയമായ ദുദ്‌സാഗർ വെള്ളച്ചാട്ടത്തിന്റെ കുറുകെ കടന്നുപോകുന്ന ഗോവ എക്സ്പ്രസ് യാത്ര. ബ്രഗൻസഘട്ട് വഴിയുള്ള ഏക പ്രതിദിന ട്രെയിനുകളിൽ ഒന്നാണ് ഗോവ എക്സ്പ്രസ്. മഹാരാഷ്ട്ര, കർണാടക, ഉത്തർപ്രദേശ്, മധ്യപ്രദേശ്, രാജസ്ഥാൻ, ഹരിയാന എന്നിവിടങ്ങളിലെ വിവിധ സംസ്കാരങ്ങൾ പേറിയാണ് ട്രെയിൻ യാത്ര.

ഡാർജിലിങ് ഹിമാലയൻ റെയിൽവേ

സമുദ്രനിരപ്പിൽ നിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ന്യൂ ജൽപായ്ഗുർ- ഡാർജിലിങ് യാത്ര ഏറെ മനോഹരമാണ്. ഡാർജിലിങ് ഹിമാലയൻ റെയിൽവേയുടെ ഘും സ്റ്റേഷൻ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള റെയിൽവേ സ്റ്റേഷനാണ്. മഞ്ഞുമൂടിയ കാഞ്ചൻജംഗ പർവതത്തിന്റെ മനോഹാരിത ഒപ്പിയെടുത്താണ് ട്രെയിൻ കടന്നുപോകുന്നത്

കൊങ്കൺ പാത

ജീവിതത്തിൽ ഒരിക്കലെങ്കിലും കൊങ്കൺ റെയിൽവേയിലൂടെ യാത്ര ചെയ്യണമെന്ന് ആഗ്രഹിക്കാത്തവർ ഉണ്ടാകില്ല. കൊങ്കൺ പാതയിൽ യാത്ര ചെയ്യുന്നവർക്ക് മുംബൈ എത്തുന്നത് വരെ മനോഹരമായ ദൃശ്യവിരുന്നാണ് ജനലിനപ്പുറത്ത് കാത്തിരിക്കുന്നത്. മഹാരാഷ്ട്രയിലെ റോഹയെയും കർണാടകത്തിലെ മംഗലാപുരത്തെയും തമ്മിൽ ബന്ധിപ്പിക്കുന്ന റെയിൽ പാതയാണിത്

മേട്ടുപ്പാളയം -കോണൂർ - ഊട്ടി പാത

ഊട്ടി സന്ദര്‍ശിക്കുന്നവരുടെ മനസ്സിൽ പതിഞ്ഞുകിടക്കുന്ന ഒന്നാണ് പൈതൃക തീവണ്ടിയിലൂടെയുള്ള യാത്രയും കാഴ്ചകളും. പശ്ചിമഘട്ട മലനിരകളുടെ ഭംഗി ആസ്വദിച്ച് നീലഗിരി കുന്നുകളിലൂടെയുള്ള ഊട്ടി – മേട്ടുപാളയം ട്രെയിന്‍ യാത്ര മികച്ച ദൃശ്യാനുഭവം പകരും