സ്വപ്ന യാത്ര പോകാം: ബജറ്റ്‌ ഫ്രണ്ട്‌ലി രാജ്യങ്ങളും അനുയോജ്യമായ സമയങ്ങളും

വെബ് ഡെസ്ക്

പുറം രാജ്യങ്ങളിലേക്ക് യാത്രകൾ പോവുക എന്നത് എല്ലാവരുടേയും സ്വപ്നമായിരിക്കും. 2024 ൽ ഈ സ്വപ്നം നമുക്ക് യാഥാർഥ്യമാക്കാം.

നിങ്ങളുടെ ബജറ്റിൽ ഒതുങ്ങുന്ന യാത്രകൾ നടത്താൻ സാധിക്കുന്ന വിവിധ രാജ്യങ്ങളും പീക്ക് സീസണുകൾ, പ്രാദേശിക ഉത്സവങ്ങൾ, കാലാവസ്ഥ എന്നിവ പരിഗണിച്ച് അവ സന്ദർശിക്കാനുള്ള നല്ല സമയവും ഇതാ

നേപ്പാൾ (മികച്ച സമയം: സെപ്റ്റംബർ മുതൽ നവംബർ വരെ)

ഹിമാലയത്തിന്റെ മടിത്തട്ടിൽ സ്ഥിതി ചെയ്യുന്ന നേപ്പാൾ അതിമനോഹരമായ പ്രകൃതിദൃശ്യങ്ങളും സമ്പന്നമായ സാംസ്കാരിക അനുഭവങ്ങളും വാഗ്ദാനം ചെയ്യുന്നു. സെപ്തംബർ മുതൽ നവംബർ വരെയുള്ള ശരത്കാലത്ത് സന്ദർശിക്കുകയാണെങ്കിൽ അന്നപൂർണ അല്ലെങ്കിൽ എവറസ്റ്റ് മേഖലയിൽ തെളിഞ്ഞ ആകാശവും സുഖകരമായ കാലാവസ്ഥയും ആസ്വദിച്ച് ട്രെക്കിങ്ങ് ചെയ്യാം.

ശ്രീലങ്ക (മികച്ച സമയം: ഡിസംബർ മുതൽ ഏപ്രിൽ പകുതി വരെ)

ഉഷ്ണമേഖലാ പ്രദേശമായ ശ്രീലങ്ക, ഡിസംബർ മുതൽ ഏപ്രിൽ പകുതി വരെ നീണ്ടുനിൽക്കുന്ന ഡ്രൈ സീസണിൽ ബജറ്റിന് അനുയോജ്യമായ യാത്രകൾ നടത്താൻ മികച്ച സ്ഥലമാണ്. പുരാതന ക്ഷേത്രങ്ങൾ, കടൽത്തീരങ്ങൾ, പച്ചപ്പ് നിറഞ്ഞ തേയിലത്തോട്ടങ്ങൾ എന്നിവ ആസ്വദിക്കാം.

വിയറ്റ്നാം (മികച്ച സമയം: നവംബർ മുതൽ ഏപ്രിൽ വരെ)

ഹനോയിയിലെ തിരക്കേറിയ തെരുവുകൾ മുതൽ ഹാ ലോംഗ് ബേയിലെ ശാന്തമായ പ്രകൃതിദൃശ്യങ്ങൾ വരെ, വിയറ്റ്നാം ഏതൊരു വിനോദ സഞ്ചാരിയുടെയും സ്വപ്ന രാജ്യമാണ്. നവംബർ മുതൽ ഏപ്രിൽ വരെയുള്ള ഡ്രൈ സീസണിൽ സുഖകരമായ കാലാവസ്ഥ ആസ്വദിക്കാനും കനത്ത മഴ ഒഴിവാക്കാനും സാധിക്കും.

തായ്‌ലൻഡ് (മികച്ച സമയം: നവംബർ മുതൽ ഫെബ്രുവരി വരെ)

പ്രത്യേക സംസ്‌കാരത്തിനും മനോഹരമായ ബീച്ചുകൾക്കും പേരുകേട്ട തായ്‌ലൻഡ് വർഷം മുഴുവനും സന്ദർശിക്കാവുന്ന സ്ഥലമാണ്. എന്നിരുന്നാലും, യാത്രയ്ക്ക് ഏറ്റവും അനുയോജ്യമായ സമയം, നവംബർ മുതൽ ഫെബ്രുവരി വരെ നീണ്ടുനിൽക്കുന്ന തണുത്ത വരണ്ട കാലമാണ്. ഈ സമയം കഠിനമായ ചൂടിൽ നിന്ന് നമുക്ക് രക്ഷ നേടാം.

കംബോഡിയ (മികച്ച സമയം: നവംബർ മുതൽ മാർച്ച് വരെ)

ഐതിഹാസികമായ ബുദ്ധിസ്റ്റ് ആരാധനാലയം അങ്കോർ വാട്ടിന്റെ ആസ്ഥാനമായ കംബോഡിയ നവംബർ മുതൽ മാർച്ച് വരെയുള്ള ഡ്രൈ സീസണിൽ ബജറ്റ് യാത്രക്കാരെ സ്വാഗതം ചെയ്യുന്നു. കനത്ത മഴയെ കുറിച്ച് ആകുലപ്പെടാതെ പുരാതന ക്ഷേത്രങ്ങൾ പര്യവേക്ഷണം ചെയ്യാനും ഖെമർ സംസ്കാരത്തെ അറിയാനും സാധിക്കും

ഇന്തോനേഷ്യ (മികച്ച സമയം: മെയ് മുതൽ സെപ്റ്റംബർ വരെ)

വൈവിധ്യമാർന്ന പ്രകൃതിദൃശ്യങ്ങളുള്ള ഇന്തോനേഷ്യ വിനോദസഞ്ചാരികളുടെ ഒരു സങ്കേതമാണ്. മെയ് മുതൽ സെപ്തംബർ വരെയുള്ള ഡ്രൈ സീസണിൽ ബാലിയും ജാവയും സന്ദർശിക്കാം. സുഖകരമായ കാലാവസ്ഥ ആസ്വദിക്കാം.

മലേഷ്യ (മികച്ച സമയം: നവംബർ മുതൽ ഫെബ്രുവരി വരെ)

ആധുനികതയുടെയും പ്രകൃതി സൗന്ദര്യത്തിന്റെയും സമന്വയമാണ് മലേഷ്യ നിങ്ങളുടെ ബജറ്റിൽ വാഗ്ദാനം ചെയ്യുന്നത്. നവംബർ മുതൽ ഫെബ്രുവരി വരെയുള്ള മാസങ്ങൾ തണുത്ത താപനിലയിൽ ഉള്ളതാണ്. ഇത് ക്വാലാലംപൂർ, പെനാംഗ്, മഴക്കാടുകൾ എന്നിവ സന്ദര്‍ശിക്കാന്‍ പറ്റുന്ന നല്ല സമയമാണ്.

മ്യാൻമർ (മികച്ച സമയം: നവംബർ മുതൽ ഫെബ്രുവരി വരെ)

മുമ്പ് ബർമ എന്നറിയപ്പെട്ടിരുന്ന മ്യാൻമർ വിനോദസഞ്ചാരികൾക്കിടയിൽ പ്രശസ്തി നേടി വരുന്ന സമയമാണ്. പുരാതന ക്ഷേത്രങ്ങൾ സന്ദര്‍ശിക്കുന്നതിനും അതുല്യമായ സാംസ്കാരിക ചിത്രപ്പണികൾ കാണുന്നതിനും നവംബർ മുതൽ ഫെബ്രുവരി വരെയുള്ള തണുത്ത, വരണ്ട സീസണിൽ സന്ദർശിക്കാം.

ഫിലിപ്പീൻസ് (മികച്ച സമയം: നവംബർ മുതൽ ഏപ്രിൽ വരെ)

അതിശയിപ്പിക്കുന്ന ബീച്ചുകളും വൈവിധ്യമാർന്ന സമുദ്രജീവികളും ഫിലിപ്പീൻസ് യാത്രയെ കൂടുതൽ മനോഹരമാക്കുന്നു. നവംബർ മുതൽ ഏപ്രിൽ വരെയുള്ള വരണ്ട കാലം യാത്രയ്ക്ക് കൂടുതൽ അനുയോജ്യമാണ്.