ബെംഗളൂരുവിലേയ്ക്കാണോ യാത്ര; മനോഹരമായ ഈ റോഡ് യാത്രകളും ആസ്വദിക്കാം

വെബ് ഡെസ്ക്

യാത്രകള്‍ ഹരമായ ബെംഗളൂരു മലയാളികള്‍ക്ക് ഒന്ന് കറങ്ങാന്‍ പോകാന്‍ പലയിടങ്ങളുമുണ്ട്. പ്രത്യേകിച്ചും റോഡ് ട്രിപ്പുകൾ ഇഷ്ടപ്പെടുന്നവർക്ക് പോകാനായിട്ടുളള ചില സ്ഥലങ്ങൾ പരിചയപ്പെടാം.

മഞ്ചനബെലെ ഡാം

ബെംഗളൂരുവില്‍ നിന്ന് 35 കിലോമീറ്റര്‍ അകലെ രാമനഗര ജില്ലയിലുള്ള മഗഡി താലൂക്കിലെ ഒരു ഗ്രാമമാണ് മഞ്ചനബെലെ. ഈ ഗ്രാമത്തിന് സമീപമാണ് അര്‍ക്കാവതി നദിക്ക് കുറുകെയുള്ള മഞ്ചനബെലെ അണക്കെട്ട് സ്ഥിതി ചെയ്യുന്നത്. കയാക്കിംഗിനുള്ള അവസരങ്ങളും ഇവിടെയുണ്ട്

മകളിദുർ​ഗ

സമൃദ്ധമായ ഭൂപ്രകൃതികളാൽ പൊതിഞ്ഞ, മകലിദുർഗ ട്രെക്ക് നിങ്ങളെ ഒരു പുരാതന കോട്ടയുടെ അവശിഷ്ടങ്ങളിലേക്കാണ് കൊണ്ടുപോകുന്നത്. ഇടതൂർന്ന വനങ്ങളും കുന്നിൻപ്രദേശങ്ങളിലൂടെയുമുളള യാത്രയ്ക്ക് ട്രെക്കിങ് ഇഷ്ടപ്പെടുന്നവർക്ക് പോകാവുന്നതാണ്

സാവൻദുർഗ ഹിൽസ്

ഏഷ്യയിലെ ഭീമാകാരമായ ഏകശിലകളിൽ ഒന്നായി തലയുയർത്തി നിൽക്കുന്ന സാവൻദുർഗ ഹിൽസ് സാഹസികരുടെ ഇഷ്ട ഇടം. ബെംഗളൂരുവില്‍ നിന്ന് 60 കിലോമീറ്റര്‍ അകലേയ്ക്കുളള യാത്രയിലുടെനീളം ചുറ്റുമുള്ള ഭൂപ്രകൃതിയുടെ അതിമനോഹരമായ കാഴ്ചകളും കാണാം

നന്ദി ഹിൽസ്

ബെംഗളൂരുവിനടുത്തായി സ്ഥിതി ചെയ്യുന്ന ഒരു പ്രധാന വിനോദസഞ്ചാരകേന്ദ്രമാണ് നന്ദി ഹിൽസ്. രാവിലെ എത്തുന്ന സഞ്ചാരികളെ ആകർഷിക്കുന്നത് നന്ദി ഹിൽസിൽ പെയ്തിറങ്ങുന്ന കോടമഞ്ഞു തന്നെയാണ്. കബ്ബൻ ഹൗസും വിശാലമായ പൂന്തോട്ടങ്ങളും യോഗനന്ദീശ്വര ക്ഷേത്രവും ഇവിടുത്തെ ആകര്‍ഷണങ്ങളാണ്

സ്കന്ദഗിരി

ബാംഗ്ലൂർ നഗരത്തിൽ നിന്ന് 62 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്നു. കലവറ ദുർഗ എന്നറിയപ്പെടുന്ന സ്കന്ദഗിരിയിലേക്കുള്ള യാത്ര നൈറ്റ് ട്രെക്കിങ്ങിനായി തിരഞ്ഞെടുക്കാവുന്നതാണ്. നിബിഡ വനങ്ങളിലൂടെയും പാറക്കെട്ടുകളിലൂടെയുമുളള യാത്ര സഞ്ചാരികളെ കാത്തിരിക്കുന്നത് കുന്നിൻമുകളിൽ നിന്നുമുളള ആകർഷകമായ സൂര്യോദയമാണ്

അന്തർഗംഗെ

ബെംഗളൂരുവില്‍ നിന്ന് 70 കിലോമീറ്റർ അകലെ കോലാർ ജില്ലയിൽ സ്ഥിതി ചെയ്യുന്നു. സമുദ്ര നിരപ്പില്‍ നിന്ന് 1712 മീറ്റര്‍ ഉയരത്തില്‍ നില്‍ക്കുന്ന ചെറുപര്‍വതമാണ്. ചെറിയ ​ഗുഹകളും പാറക്കെട്ടുകളും ഇടതൂർന്ന തോട്ടങ്ങളും സഞ്ചാരികൾ മികച്ച ട്രെക്കിംങ് അനുഭവമാണ് തരുന്നത്. ട്രെക്കിംഗ്, റോക്ക് ക്ലൈംബിംഗ്, കേവ് എക്‌സ്‌പ്ലൊറേഷന്‍ എന്നിവയ്ക്ക് ഏറ്റവും അനുയോജ്യം.

ബന്നാർഘട്ട ദേശീയ ഉദ്യാനം

260.51 ചതുരശ്ര കിലോമീറ്റർ വിസ്തൃതിയിൽ വ്യാപിച്ചുകിടക്കുന്ന ബന്നാർഘട്ട ദേശീയ ഉദ്യാനത്തിൽ ലയൺ, ടൈ​ഗർ, ബട്ടർഫ്ലൈ സഫാരി പാർക്കുകൾ ഉണ്ട്. 48 ഇനം ചിത്രശലഭങ്ങളെ ബട്ടർഫ്ലൈ പാർക്കിൽ കണ്ടെത്തിയിട്ടുണ്ട്. കൂടാതെ, 12 ഹെക്ടറിൽ വ്യാപിച്ചുകിടക്കുന്ന മൃ​ഗശാലയും സ്നാക്ക് പാർക്കും കാണാം

ദേവരായനദുര്‍ഗ

കര്‍ണാടകയിലെ തുംകുരു ജില്ലയില്‍ സ്ഥിതി ചെയ്യുന്ന ഒരു ക്ഷേത്രനഗരവും ഹില്‍സ്റ്റേഷനുമാണ് ദേവരായനദുര്‍ഗ. ഡി ഡി ഹില്‍സ് എന്നും അറിയപ്പെടുന്ന ഈ പ്രദേശം ബെംഗളൂരുവില്‍ നിന്ന് 70 കി.മീ അകലെയാണ്. 1204 മീറ്റര്‍ ഉയരത്തിലുള്ള ഈ പ്രദേശം പാറക്കെട്ടുകള്‍ നിറഞ്ഞ കുന്നുകളാലും നിബിഡ വനങ്ങളാലും ചുറ്റപ്പെട്ടിരിക്കുന്നു