കേരളത്തനിമ; കേരളത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന സ്ഥലങ്ങൾ

വെബ് ഡെസ്ക്

പ്രകൃതിഭംഗി കൊണ്ടും പച്ചപ്പുകൊണ്ടും പ്രകൃതി സൗന്ദര്യം നിറഞ്ഞുനിൽക്കുന്ന സ്ഥലങ്ങളിൽ ഒന്നാണ് 'ദൈവത്തിന്റെ സ്വന്തം നാട്' എന്നറിയപ്പെടുന്ന കേരളം. നഗരജീവിത തിരക്കുകളിൽ നിന്ന് മാറി പ്രകൃതിഭംഗി ആസ്വദിച്ച് യാത്രചെയ്യാൻ ഇഷ്ടപ്പെടുന്നവർക്കായി നിരവധി സ്ഥലങ്ങൾ കേരളത്തിലുണ്ട്

കേരളത്തിന്റെ സൗന്ദര്യം വിളിച്ചോതുന്ന പ്രകൃതിഭംഗി ആസ്വദിച്ച് യാത്ര ചെയ്യാൻ ഇഷ്ടപ്പെടുന്നവർ തീർച്ചയായും കണ്ടിരിക്കേണ്ട കേരളത്തിലെ സ്ഥലങ്ങൾ ഇവയാണ്

തെന്മല

രാജ്യത്തെതന്നെ ആദ്യത്തെ ആസൂത്രിത പരിസ്ഥിതി സൗഹൃദ വിനോദ സഞ്ചാര പദ്ധതിയാണ് തെന്മലയിലേത്. ഇടതൂർന്ന മരങ്ങളുടെ ഇടയിലൂടെ കെട്ടിയുണ്ടാക്കിയ ഇരുമ്പ് പാതയിലൂടെയുള്ള സഞ്ചാരം കാടിനെ അറിയുന്നതിനൊപ്പം ഒരു ആകാശയാത്രയുടെ അനുഭവവും സൃഷ്ടിക്കും. തെന്മലയില്‍ ഒരുക്കിയിട്ടുള്ള നക്ഷത്ര വനം മറ്റൊരു കൗതുകമാണ്

കുമ്പളങ്ങി

പ്രകൃതിയുടെ പച്ചപ്പും നാടൻ വിഭവങ്ങളുടെ രുചിയും കോർത്തിണക്കിയ കൊച്ചു ഗ്രാമമാണ് കുമ്പളങ്ങി. ഗ്രാമഭംഗിയും തനത് രുചിയും തേടി നിരവധി വിനോദസഞ്ചാരികളാണ് കുമ്പളങ്ങിയിലേക്ക് എത്തിച്ചേരുന്നത്. ഫെബ്രുവരി - മാർച്ച് മാസങ്ങളിൽ കുമ്പളങ്ങിയിൽ കാണാൻ സാധിക്കുന്ന 'കവര്' എന്ന പ്രതിഭാസവും വിനോദസഞ്ചാരികൾക്ക് അത്ഭുതക്കാഴ്ചയാണ്

നെല്ലിയാമ്പതി

കേരളത്തിലെ ഊട്ടിയെന്നാണ് നെല്ലിയാമ്പതിയെ വിശേഷിപ്പിക്കുന്നത്. നെല്ലിയാമ്പതി മലനിരകളില്‍ നിന്നാല്‍ പാലക്കാടൻ ജില്ലയെ മുകളില്‍ നിന്ന് കാണാൻ സാധിക്കും. ഒപ്പം കാടിന്റെ വന്യത ആസ്വദിച്ച് കോടമഞ്ഞിനിടയിലൂടെയുള്ള മഴനടത്തവും നെല്ലിയാമ്പതിയുടെ സവിശേഷതകളിൽ ഒന്നാണ്

ഇല്ലിക്കൽ കല്ല്

സമുദ്രനിരപ്പില്‍ നിന്ന് ഏകദേശം 4000 അടി ഉയരത്തിലാണ് ഇല്ലിക്കല്‍ കല്ല് സ്ഥിതി ചെയ്യുന്നത്. മൂന്ന് പാറക്കൂട്ടങ്ങളുടെ സംയോജനമാണ് ഇല്ലിക്കല്‍ കല്ല്. ശാന്തമായ കുളിരണിയിപ്പിക്കുന്ന കാറ്റും മനോഹരമായ പ്രകൃതി കാഴ്ചകളുമാണ് സഞ്ചാരികൾക്കായി ഇല്ലിക്കല്‍ കല്ല് സമ്മാനിക്കുന്നത്

വെള്ളിനേഴി കലാഗ്രാമം

കേരളത്തിന്റെ സാംസ്കാരിക പൈതൃക ഭൂപടത്തിലെ ഏറ്റവും പ്രധാനപ്പെട്ട സ്ഥലങ്ങളിലൊന്നാണ് വെള്ളിനേഴി. 2013ലാണ് കേരള സർക്കാർ വെള്ളിനേഴിയെ കലാഗ്രാമമായി പ്രഖ്യാപിക്കുന്നത്. പരമ്പരാഗത കഥകളി ഉൾപ്പെടെ 45 ഓളം കലാരൂപങ്ങളുടെ സാന്നിധ്യം, കഥകളി കോപ്പ് (ശിരോവസ്ത്രവും ആഭരണങ്ങളും) നിർമ്മിക്കുന്ന സ്ഥലം എന്നിങ്ങനെ നിരവധി സവിശേഷതകളുണ്ട് വെള്ളിനേഴി കലാഗ്രാമത്തിന്

മാരാരി ബീച്ച്

ആലപ്പുഴയിലെ കാഴ്ചകൾ തേടി വരുന്നവർക്ക് മനോഹരമായ അനുഭവം തന്നെയാകും അത്ര പ്രശസ്തമല്ലാത്ത മാരാരി ബീച്ച്. അധികമാരും എത്തിച്ചേർന്നിട്ടില്ലാത്തതു കൊണ്ടുതന്നെ നഗരത്തിലെ തിരക്കുകളില്‍ നിന്നു മാറിനിൽക്കാൻ ആഗ്രഹിക്കുന്നവര്‍ക്ക് ഏറെ ശാന്തതയും സന്തോഷവും നല്‍കുന്നതാണ് കായലും കടലുമെല്ലാം ചേര്‍ന്നുള്ള മാരാരി ബീച്ച് അന്തരീക്ഷം

പൊന്മുടി

തിരുവനന്തപുരം ജില്ലയ്ക്ക് 61 കിലോമീറ്റര്‍ വടക്കുകിഴക്കായി സ്ഥിതിചെയ്യുന്ന പൊന്മുടി കടല്‍നിരപ്പില്‍ നിന്ന് 1100 മീറ്റര്‍ ഉയരെയാണ്. പൊന്മുടിയിലെ കാലാവസ്ഥ വര്‍ഷത്തില്‍ മിക്കവാറും എല്ലാ സമയവും തണുപ്പും മൂടല്‍ മഞ്ഞും കലര്‍ന്നതാണ്. മലനിരകള്‍ക്ക് നടുവിലായി പരന്ന് കിടക്കുന്ന പൊന്മുടി കോടമഞ്ഞും ചാറ്റല്‍ മഴയും ഒക്കെയായി മനോഹര യാത്രാനുഭവമാണ് നൽകുന്നത്

ഗവി

പത്തനംതിട്ട ജില്ലയിലെ മനോഹരമായ ഭൂപ്രദേശമാണ് ഗവി. കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദസഞ്ചാരികൾക്ക് മികച്ചൊരു യാത്രാനുഭവമായിരിക്കും

ധോണി

പാലക്കാടിന്റെ ഇരുൾ മൂടിയ കാട്ടുവഴികളിലൂടെ നാലര കിലോമീറ്റർ നടന്നു നീങ്ങിയാൽ ധോണിയിലെത്തിച്ചേരാം. ധോണി വനമേഖലയ്ക്കുള്ളിലാണ് വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. സെപ്തംബർ, ഒക്ടോബർ മാസങ്ങളിലാണ് ദൃശ്യം സുന്ദരമാകുക. വിനോദ സഞ്ചാരികളുടെ പ്രിയപ്പെട്ട ട്രക്കിംഗ് കേന്ദ്രമാണ് ധോണി