ലോകത്തിൽ സന്ദർശിച്ചിരിക്കേണ്ട ചില പാർലമെന്റുകൾ

വെബ് ഡെസ്ക്

ഇന്ത്യൻ പാർലമെന്റ് മന്ദിരം

970 കോടി രൂപ ചെലവിൽ നിർമ്മിച്ച നാലുനില കെട്ടിടത്തിന്റെ വിസ്തീര്‍ണം 65,000 ചതുരശ്ര മീറ്ററാണ്. 1,200 എംപിമാരെ ഉൾക്കൊള്ളുന്ന പാർലമെന്റിൽ 888 സീറ്റുള്ള ലോക്സഭാ ഹാൾ, 384 സീറ്റുള്ള രാജ്യസഭാ ഹാൾ, എല്ലാ എംപിമാർക്കും വെവ്വേറെ ഓഫീസ് സൗകര്യം, വിശാലമായ ഭരണഘടനാ ഹാൾ, ലൈബ്രറി, വിപുലമായ പാര്‍ക്കിങ് സൗകര്യം എന്നിവയുൾപ്പെടുന്നു.

പാർലമെന്റ് ഓഫ് റൊമാനിയ

രാജ്യത്തിന്റെ തലസ്ഥാനമായ ബുക്കാറെസ്റ്റിലാണ് പാർലമെന്റ് മന്ദിരം സ്ഥിതി ചെയ്യുന്നത്. 1862ലാണ് പാർലമെന്റ് മന്ദിരം സ്ഥാപിക്കപ്പെടുന്നത്. 4.10 ദശലക്ഷം ടണ്‍ ഭാരമുള്ള ഈ പാർലമെന്റ് മന്ദിരം ലോകത്തിലെ ഏറ്റവും ഭാരമേറിയ കെട്ടിടമെന്നാണ് അറിയപ്പെടുന്നത്. 13 വർഷത്തിലേറെ സമയമെടുത്താണ് ഈ മന്ദിരം പണികഴിപ്പിച്ചത്.

ബുഡാപെസ്റ്റ് പാർലമെന്റ്, ഹംഗറി

വിഖ്യാതമായ ഡാന്യൂബ് നദീതീരത്ത്‌ സ്ഥിതി ചെയ്യുന്ന ഇത് 600-ലധികം മുറികളുള്ള ഏറ്റവും വലിയ പാർലമെന്റ് കെട്ടിടങ്ങളിലൊന്നാണ്. ഹംഗറിയിലെ ഏറ്റവും വലിയ കെട്ടിടമായ ഈ പാർലമെന്റ് മന്ദിരം രണ്ടു ലോക മഹായുദ്ധങ്ങൾക്ക് സാക്ഷ്യം വഹിച്ചിട്ടുണ്ട്.

ബിന്നൻഹോഫ് പാർലമെന്റ്, നെതെർലൻഡ്‌

ലോകത്തിലെ ഏറ്റവും പഴക്കമുള്ള പാർലമെന്റ് കെട്ടിടങ്ങളിൽ ഒന്നായ ഇത് ഹോഫ്‌വിജ്‌വർ തടാകത്തിന് അടുത്തായിട്ടാണ് സ്ഥിതി ചെയ്യുന്നത്. നെതർലൻഡ്‌സിൽ ഹേഗിന്റെ നഗര മധ്യത്തിലായിട്ടാണ് ഈ കെട്ടിട സമുച്ചയം സ്ഥിതി ചെയ്യുന്നത്.

വെസ്റ്റ്മിൻസ്റ്റർ പാലസ്, ഇംഗ്ലണ്ട്

യുകെ പാർലമെന്റിന്റെ രണ്ട് സഭകളായ ഹൗസ് ഓഫ് കോമൺസിന്റെയും ഹൗസ് ഓഫ് ലോർഡ്സിന്റെയും ആതിഥേയത്വം വഹിക്കുന്ന ഈ കൊട്ടാരം ബ്രിട്ടീഷ് രാഷ്ട്രീയത്തിന്റെയും ചരിത്രത്തിന്റെയും പ്രതീകം കൂടിയാണ്. തെംസ്‌ നദിയുടെ വടക്കേ കരയിലാണ് ഈ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. രണ്ടാം ലോക മഹായുദ്ധ സമയത്ത് വ്യോമാക്രമണങ്ങളിൽ പല തവണയായി കേടുപാടുകൾ സംഭവിച്ചെങ്കിലും അതിനെയെല്ലാം കെട്ടിടം അതിജീവിച്ചു.

ക്യാപിറ്റോൾ ബിൽഡിംഗ്, യുഎസ്എ

ദി ക്യാപിറ്റോൾ അല്ലെങ്കിൽ ക്യാപിറ്റോൾ ബിൽഡിംഗ് എന്ന് വിളിക്കപ്പെടുന്ന ഈ കെട്ടിടം 1793ൽ അന്നത്തെ പ്രസിഡണ്ട് ജോർജ് വാഷിംഗ്ടണിന്റെ നേതൃത്വത്തിലാണ് പണികഴിപ്പിച്ചത്. വാഷിംഗ്ടൺ ഡിസിയിലെ നാഷണൽ മാളിന്റെ കിഴക്കേ അറ്റത്തുള്ള ക്യാപിറ്റോൾ ഹില്ലിൽ സ്ഥിതിചെയ്യുന്ന ഈ കെട്ടിടം1814-ലെ തീപിടുത്തത്തിൽ ഭാഗികമായി നശിച്ചെങ്കിലും അഞ്ച് വർഷത്തിനുള്ളിൽ അവ പൂർണമായും പുനര്‍നിര്‍മിച്ചു.

റീച്സ്റ്റാഗ്, ബെർലിൻ

1999 മുതൽ ജർമ്മൻ ബുണ്ടെസ്റ്റാഗിന്റെ ആസ്ഥാനമായ ബെർലിനിലെ പ്ലാറ്റ്‌സ് ഡെർ റിപ്പബ്ലിക്കിലെ ഒരു ചരിത്രപരമായ സർക്കാർ കെട്ടിടമാണ് റീച്ച്‌സ്റ്റാഗ്. സ്പ്രീ നദിയുടെ തെക്കേ കരയ്‌ക്കടുത്താണ് ഈ കെട്ടിടം സ്ഥിതി ചെയ്യുന്നത്. 10 വർഷമെടുത്താണ് കെട്ടിടത്തിന്റെ നിർമാണം പൂർത്തിയാക്കിയത്.

ബീഹൈവ് വെല്ലിംഗ്ടൺ ന്യൂസിലാൻഡ്

തേനീച്ചക്കൂടിനോട് സാദൃശ്യം തോന്നുന്ന നിർമാണമാണ് ഇതിന്റെ പ്രത്യേകത. ന്യൂസിലൻഡ് വാസ്തുശില്പിയായ ഫെർഗസ് ഷെപ്പേർഡാണ് രൂപകല്പന. പാർലമെന്ററി ഹൗസിന്റെ നിർമ്മാണം1969-ൽ ആരംഭിച്ച് 1981-ലാണ് അവസാനിച്ചത്.