സാഹസികമായ ഡ്രൈവിംഗ് നിങ്ങൾക്ക് ഇഷ്ടമാണോ ? എങ്കിൽ ഈ റോഡുകളെ കുറിച്ച് അറിഞ്ഞിരിക്കണം

വെബ് ഡെസ്ക്

നിങ്ങൾ റോഡ് യാത്രകൾ ആസ്വദിക്കുന്നവരാണോ? ഒപ്പം സാഹസികതയും ഇഷ്ടപ്പെടുന്നുണ്ടോ ? എന്നാൽ ഈ റോഡുകളെ പറ്റി ഒരിക്കലും അറിയാതെ പോകരുത്.

ഗ്വോലിയാങ് ടണൽ റോഡ്, ചൈന

ചൈനയില്‍ തായ്ഹാങ് പർവതത്തിന്റെ വശത്തുകൂടി പോകുന്നതാണ് ഈ റോഡ്. 1977 മെയ് ഒന്നിനാണ് ഈ തുരങ്കം ഗതാഗതത്തിനായി തുറന്നുകൊടുത്തത്.

നോർത്ത് യുംഗാസ് റോഡ്, ബൊളീവിയ

ലാ പാസ് നഗരത്തെയും ബൊളീവിയയിലെ യുംഗാസ് മേഖലയെയും ബന്ധിപ്പിക്കുന്ന 60 കിലോമീറ്റർ ദൈർഘ്യമുള്ള സൈക്കിൾ റൂട്ടാണ് യുംഗാസ് റോഡ്. മൂടൽമഞ്ഞ്, മണ്ണിടിച്ചിലുകൾ, വെള്ളച്ചാട്ടങ്ങൾ, ഓരോ വളവിലും പാറക്കെട്ടുകൾ നിറഞ്ഞ 2,000 അടി താഴ്ചകൾ എന്നിവ യുംഗാസിനെ അപകടകരമാക്കുന്നു. 1998 മുതൽ കുറഞ്ഞത് 18 സൈക്കിൾ യാത്രക്കാർ ഈ റോഡിൽ മരിച്ചിട്ടുണ്ട്.

ട്രോൾസ്റ്റീജൻ, നോർവേ

ഹെയർപിൻ വളവുകൾ കൊണ്ടും വെള്ളച്ചാട്ടങ്ങൾ കൊണ്ടും ആകൃഷ്ടമായ ഈ റോഡ് ട്രോൾസ് പാത്ത് എന്നുമറിയപ്പെടുന്നു. റൗമയിലെ ആൻഡൽസ്നെസ് പട്ടണത്തെയും നോർഡാൽ മുനിസിപ്പാലിറ്റിയിലെ വല്ലൽഡാൽ ഗ്രാമത്തെയും തമ്മിൽ ബന്ധിപ്പിക്കുന്നു.

അറ്റ്‌ലാന്റിക് റോഡ്, നോർവേ

അറ്റ്‌ലാന്റിക് ഓഷ്യൻ റോഡ് എന്നറിയപ്പെടുന്ന ഈ റോഡ് കൗണ്ടി റോഡ് 64 ന്റെ ഭാഗമാണ്. ഹസ്താദ്വികയിലെ ഒരു ദ്വീപസമൂഹത്തിലൂടെയും നോർവേയിലെ മോറെ ഓഗ് റോംസ്‌ഡാൽ കൗണ്ടിയിലെ അവെറോയ് മുനിസിപ്പാലിറ്റികളിലൂടെയും ഈ റോഡ് കടന്നുപോകുന്നു.

സ്റ്റെൽവിയോ പാസ്, ഇറ്റലി

സമുദ്രനിരപ്പിൽ നിന്ന് 2,757 മീറ്റർ ഉയരത്തിൽ സ്വിറ്റ്സർലൻഡുമായി അതിർത്തി പങ്കിടുന്ന വടക്കൻ ഇറ്റലിയിലെ പർവത പാതയാണിത്. കിഴക്കൻ ആൽപ്‌സിലെ ഏറ്റവും ഉയരം കൂടിയ നടപ്പാതയുള്ള പർവത പാതയായ ഇത് ആൽപ്‌സിലെ രണ്ടാമത്തെ ഏറ്റവും ഉയർന്ന പർവതവും, ഇറ്റലിയിലെ ഏറ്റവും ഉയരം കൂടിയ വാഹന ചുരവും കൂടിയാണ്. ഏകദേശം 48 ഓളം യു ബെൻഡുകൾ നിറഞ്ഞ ഈ റോഡ് ശൈത്യകാലം മുഴുവൻ അടച്ചിടാറുണ്ട് .

ജബൽ ഹഫീത് റോഡ്, യുഎഇ

യുണൈറ്റഡ് അറബ് എമിറേറ്റുകളുടെയും ഒമാനിന്റെയും അതിർത്തിയിലുള്ള തവാം പ്രദേശത്തെ ഒരു പർവതമാണ് ജബൽ ഹഫീത്. അബുദാബിയിലെ ഏറ്റവും ഉയരം കൂടിയതും യുഎഇയിലെ രണ്ടാമത്തെ ഉയരമുള്ളതുമായ റോഡ് ജബൽ ഹഫീത് എന്ന ഈ പർവതത്തിലൂടെയാണ് കടന്നു പോകുന്നത്. മരുഭൂമിയിലെ ഏറ്റവും മനോഹര ദൃശ്യങ്ങൾ കാണാൻ ഇവിടെ നിന്നാൽ സാധിക്കും.

ഗ്രേറ്റ് ഓഷ്യൻ റോഡ് , ഓസ്‌ട്രേലിയ

ഓസ്‌ട്രേലിയയുടെ തെക്കുകിഴക്കൻ തീരത്തായി വിക്ടോറിയൻ നഗരങ്ങളായ ടോർക്വേയ്‌ക്കും അലൻസ്‌ഫോർഡിനും ഇടയിൽ 240 കിലോമീറ്റർ നീളമുള്ള പാതയാണ് ഗ്രേറ്റ് ഓഷ്യൻ റോഡ്. ലോക മഹായുദ്ധത്തിൽ നിന്ന് തിരിച്ചെത്തിയ സൈനികർ 1919 നും 1932 നും ഇടയിൽ നിർമ്മിച്ച റോഡായ ഇത് ഒന്നാം ലോക മഹായുദ്ധത്തിൽ കൊല്ലപ്പെട്ട സൈനികർക്കായി സമർപ്പിച്ചിരിക്കുന്ന ലോകത്തിലെ ഏറ്റവും വലിയ യുദ്ധ സ്മാരകം കൂടിയാണ്.