ആർത്തവം കാരണം യാത്രകൾ മാറ്റിവയ്‌ക്കേണ്ടതില്ല; ടിപ്പുകൾ ഇതാ

വെബ് ഡെസ്ക്

മുൻപേ പ്ലാൻ ചെയ്ത് നമ്മൾ വളരെ ആവേശത്തോടെ കാത്തിരിക്കുന്ന യാത്രകളുടെ താളം തെറ്റിക്കുന്നത് ചിലപ്പോൾ ആർത്തവം ആയിരിക്കും. ആർത്തവ കാലത്ത് യാത്ര ചെയ്യാൻ ഭൂരിഭാഗം പേർക്കും മടിയാണ്.

ശാരീരിക ബുദ്ധിമുട്ടുകളും മൂഡ് സ്വിങ്ങ്സും തന്നെയാണ് പ്രധാന കാരണം. ആർത്തവ സമയങ്ങളിൽ വിശ്രമം വേണമെന്ന് ആഗ്രഹിക്കുന്നവരാവും മിക്കവാറും പേരും.

എന്നാൽ ആർത്തവമാണെന്ന് കരുതി ഇനി യാത്രകൾ മാറ്റിവയ്‌ക്കേണ്ടതില്ല. സുഗമമായ യാത്രകൾക്കായുള്ള കുറച്ച് ടിപ്സ് ഇതാ

സുഖകരമായ വസ്ത്രങ്ങൾ ധരിക്കുക : ശരീരത്തിൽ ഒട്ടി നിൽക്കുന്നതോ ഇറുകിയതോ ആയ വസ്ത്രങ്ങൾ ധരിക്കാതിരിക്കാൻ ശ്രദ്ധിക്കുക. അയഞ്ഞതും സുഖപ്രദവുമായ വസ്ത്രങ്ങൾ തിരഞ്ഞെടുക്കുക.

എമർജൻസി കിറ്റ് കയ്യിൽ കരുതുക : ഡിസ്പോസിബിൾ ബാഗുകൾ, ന്യൂസ് പേപ്പറുകൾ, ആവശ്യത്തിലധികം അടിവസ്ത്രങ്ങൾ, വെറ്റ് വൈപുകൾ, ടിഷ്യുകൾ എന്നിവ എമർജൻസി കിറ്റ് ആയി കയ്യിൽ കരുതുക.

ചെറിയ തോതിലുള്ള വ്യായാമങ്ങൾ : യാത്ര ദിനങ്ങളിൽ ഒരു 15 മുതൽ 20 മിനിറ്റ് വരെ ചെറിയ തോതിലുള്ള വ്യായാമങ്ങൾ ചെയ്യുക. ആർത്തവ വേദനയും മറ്റ് അസ്വസ്ഥതകളും കുറയ്ക്കാൻ അത് സഹായിക്കും.

ആവശ്യത്തിന് മെനുസ്ട്രൽ പ്രോഡക്റ്റ് കയ്യിൽ കരുതുക : നിങ്ങൾ ഉപയോഗിക്കുന്ന തരത്തിനുള്ള മെനുസ്ട്രൽ പ്രൊഡക്ടുകൾ ആവശ്യത്തിന് കയ്യിൽ കരുതുക. നിങ്ങൾ യാത്ര പോകുന്ന സ്ഥലത്ത് ഇവ ലഭ്യമാക്കാനുള്ള സാധ്യത ചിലപ്പോൾ കുറവായിരിക്കാം.

മെനുസ്ട്രൽ കപ്പുകൾ ഉപയോഗിക്കാം : ദൂര യാത്ര ചെയ്യുമ്പോൾ മെനുസ്ട്രൽ കപ്പുകൾ ഉപയോഗിക്കുന്നതാകും നല്ലത്. പാഡുകൾ ദീർഘ ദൂരം ഉപയോഗിക്കുന്നത് ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാക്കിയേക്കാം. ഉപയോഗിച്ച് കഴിഞ്ഞ പാഡുകൾ നീക്കം ചെയ്യുന്നതും ബുദ്ധിമുട്ടാകും. ഈ പ്രശ്നങ്ങൾ കപ്പ് ഉപയോഗിച്ച് പരിഹരിക്കാം.

കൃത്യമായി പ്ലാൻ ചെയ്യുക : കൃത്യമായി പ്ലാൻ ചെയ്യുക എന്നത് തന്നെയാണ് പ്രധാനം. വാട്ടർ സ്പോർട്സ് പോലുള്ള ആക്ടിവിറ്റീസ് യാത്രയിൽ ഉൾപ്പെടുത്താൻ താല്പര്യം ഉണ്ടെങ്കിൽ മുൻകൂട്ടി പ്ലാൻ ചെയ്ത് ആർത്തവ ദിവസങ്ങൾ യാത്രയിൽ നിന്നൊഴിവാക്കുക.