മിസ് ചെയ്യരുത്, ടൈം മാഗസിനില്‍ ഇടം നേടിയ ലഡാക്കും മയൂർഭഞ്ചും!

വെബ് ഡെസ്ക്

ടൈം മാഗസിന്റെ 2023 ലെ ലോകത്തിലെ ഏറ്റവും മികച്ച ഡെസ്റ്റിനേഷനുകളുടെ പട്ടികയിൽ ഇടംനേടി ലഡാക്കും ഒഡീഷയിലെ മയൂർഭഞ്ചും

വേനലിൽ കരിഞ്ഞുണങ്ങാതെയുള്ള ഒരു ട്രിപ്പാണ് ലക്ഷ്യമെങ്കിൽ മികച്ച സ്ഥലമാണ് ലഡാക്ക്. തടാകങ്ങളും, പർവതങ്ങളും മഞ്ഞ് വീഴുന്ന താഴ്വരകളും ചേർന്നൊരുക്കുന്ന പ്രകൃതിഭംഗിയാണ് ലഡാക്കിലെ മുഖ്യ ആകർഷണം.

സാൻസ്കർ താഴ്വര

ലഡാക്കിൽ ഏറ്റവും കൂടുതൽ ടിബറ്റൻ ആശ്രമങ്ങൾ ഉള്ളത് സാൻസ്കർ താഴ്വരയിലാണ്. പാനിഖർ കോട്ട ഇവിടെയാണ് സ്ഥിതിചെയ്യുന്നത്. സാൻസ്കർ റിവർ ട്രെക്ക്, ക്യാമ്പിംഗ്, ഗ്രാമ സന്ദർശനം, റിവർ റാഫ്റ്റിംഗ് എന്നിവയാണ് മുഖ്യ ആകർഷണം.

റോയൽ ലേ പാലസ്

1553ൽ സിയോ കുന്നിന്റെ മുകളിലാണ് റോയൽ ലേ പാലസ് നിർമിച്ചത്. മരവും ചെളിയും കല്ലുകളുമുപയോഗിച്ച് നിർമിച്ച 9 നിലകളുള്ള കൊട്ടാരത്തിനുള്ളിൽ ചരിത്രത്തിന്റെ അതുല്യ ശേഖരങ്ങളുള്ള വിശാലമായ മ്യൂസിയവുമുണ്ട്. രാജകുടുംബം ഉപയോഗിച്ച വസ്തുക്കൾ,വസ്ത്രങ്ങൾ, ചുവർചിത്രങ്ങൾ മുതലായവ ഇവിടെ സൂക്ഷിച്ചിരിക്കുന്നു.

ദ്രാസ് താഴ്വര

ശീതകാലത്ത് തണുത്തുറയുന്ന ദ്രാസ് താഴ്വര ലഡാക്കിലേക്കുള്ള കവാടം എന്നാണ് അറിയപ്പെടുന്നത്. ചെറിയ നീരുറവകളും പർവ്വതനിരകളും കൊണ്ട് മനോഹരമായ ദ്രാസ് ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവർക്കുള്ള മികച്ച ചോയ്‌സാണ്.

സിംലിപാല്‍ ദേശീയോദ്യാനം

ഒഡീഷയിലെ മയൂർഭഞ്ച് സന്ദർശിക്കാന്‍ ഏറ്റവും മികച്ച സമയം സെപ്റ്റംബർ മുതല്‍ മാർച്ച് വരെയാണ്. ജില്ലാ ആസ്ഥാനമായ ബാരിപാഡയിൽ നിന്ന് 17 കിലോമീറ്റർ അകലെയുള്ള സിംലിപാല്‍ ദേശീയോദ്യാനം ഉറപ്പായും സന്ദർശിക്കണം.

ദേവ്കുണ്ഡ് വെള്ളച്ചാട്ടം

സിംലിപാല്‍ ഫോറസ്റ്റ് റേഞ്ചിലെ ഉദാല ഡിവിഷനിലാണ് ദേവ്കുണ്ഡ് വെള്ളച്ചാട്ടം സ്ഥിതിചെയ്യുന്നത്. അഞ്ച് തടാകങ്ങള്‍ സംയോജിച്ചാണ് ദേവ്കുണ്ഡ് രൂപപ്പെട്ടത്. ഇവിടെനിന്ന് 100 പടികള്‍ കയറിയാല്‍, നദിയുടെ ഉറവിടം കാണാം.

മണാത്രി ബൈദ്യനാഥ് ക്ഷേത്രം

ശിവനെ ആരാധനാമൂർത്തിയായി കാണുന്ന മണാത്രിയിലെ ബൈദ്യനാഥ് ക്ഷേത്രം ഒഡീഷയിൽ മിസ് ചെയ്യരുതാത്ത ഒരിടമാണ്. ഒറിയ ലിപിയിൽ മയൂർഭഞ്ച് രാജകുടുംബത്തിന്റെ ചരിത്രം കൊത്തിവച്ച പാറ കൊണ്ട് മനോഹരമാക്കിയ ഭിത്തിയും ചിത്രപ്പണിയുമാണ് ബൈദ്യനാഥിന്റെ പ്രധാന സവിശേഷത.