പഴങ്ങളുടെ തൊലി കളയല്ലേ; ചര്‍മത്തിന്റെ തിളക്കം കൂട്ടാം

വെബ് ഡെസ്ക്

പഴങ്ങള്‍ കഴിച്ച് കഴിഞ്ഞ് അതിന്റെ തൊലി കളയുകയാണ് എല്ലാവരും ചെയ്യാറുള്ളത്. എന്നാല്‍ പഴവര്‍ഗങ്ങളുടെ തൊലി അങ്ങനെ കളയാന്‍ വരട്ടെ. പഴങ്ങള്‍ കഴിക്കാന്‍ മാത്രമല്ല, ചര്‍മ സൗന്ദര്യം നിലനിര്‍ത്താനും സഹായിക്കും.

പഴങ്ങളുടെ തൊലികളില്‍ വിറ്റാമിനുകള്‍, ആന്റിഓക്‌സിഡന്റുകള്‍, പ്രകൃതിദത്ത എക്‌സ്‌ഫോളിയന്റുകള്‍ എന്നിവ അടങ്ങിയിട്ടുണ്ട്. ഇവ തിളങ്ങുന്ന നിറം നല്‍കാന്‍ സഹായിക്കുന്നു. ചർമ സംരക്ഷണത്തിന് അനുയോജ്യമായ പഴത്തൊലികൾ ഏതൊക്കെയെന്ന് നോക്കാം.

ഓറഞ്ച് തൊലി

വിറ്റമിന്‍ സി കൊണ്ട് സമ്പുഷ്ടമാണ് ഓറഞ്ചിന്റെ തൊലി. മുഖക്കുരു കുറയ്ക്കാനും പാടുകള്‍ മാറ്റാനും കൊളാജന്‍ ഉത്പാദനം വര്‍ധിപ്പിക്കാനും അവ സഹായിക്കുന്നു. ഉണങ്ങിയ ഓറഞ്ച് തൊലി പൊടിച്ച് തൈരില്‍ കലക്കി മുഖത്ത് പുരട്ടുന്നത് നല്ലതാണ്.

നാരങ്ങ തൊലി

സിട്രിക് ആസിഡിന്റെ മികച്ച ഉറവിടമാണ് നാരങ്ങ. ചെറുനാരങ്ങ തൊലിയില്‍ ധാരാളം സൗന്ദര്യ ഗുണങ്ങള്‍ അടങ്ങിയിട്ടുണ്ട്. ഇത് മോയിസ്ചറൈസറായും വൃത്തിയാക്കാനും ഉപയോഗിക്കുന്നതാണ്. മുഖക്കുരു കുറയ്ക്കാന്‍ ഇത് സഹായിക്കും. നാരങ്ങയുടെ തൊലി തേനുമായി ചേര്‍ത്ത് മുഖത്ത് തേക്കാവുന്നതാണ്.

പഴത്തൊലി

ഏത്തപ്പഴത്തൊലി തോലില്‍ വിറ്റമിന്‍ എ, ബി, സി എന്നിവയും ല്യൂട്ടിന്‍ പോലുള്ള ആന്റിഓക്‌സിഡന്റുകളും അടങ്ങിയിട്ടുണ്ട്. ഇത് ചർമ്മത്തെ ആഴത്തിൽ ഈർപ്പമുള്ളതാക്കുകയും വരൾച്ചയെ തടയുകയും ചെയ്യുന്നു.

പപ്പായ തൊലി

പപ്പായ തൊലികളില്‍ ചർമകോശങ്ങളെ പുനരുജ്ജീവിപ്പിക്കാൻ കഴിവുള്ള പപ്പെയ്ന്‍ പോലുള്ള എന്‍സൈമുകള്‍ അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മം തിളങ്ങാൻ സഹായിക്കുന്നു.

കിവി തൊലി

കിവി തൊലിക്ക് വിറ്റമിന്‍ ഇ, ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്‌സിഡന്റ് ഗുണങ്ങളുണ്ട്. ഇത് ചർമം അടിഞ്ഞുകൂടുന്നത് തടയുകയും തിളക്കം നൽകുകയും ചെയ്യും.

പൈനാപ്പിള്‍ തൊലി

പൈനാപ്പിള്‍ തൊലികളില്‍ ബ്രോമെലൈന്‍ എന്ന എന്‍സൈം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മത്തിലെ മൃതകോശങ്ങളെ പുറന്തള്ളുകയും വീക്കം കുറയ്ക്കാന്‍ സഹായിക്കുകയും ചെയ്യുന്നു. തിളങ്ങുന്ന മുഖത്തിനായി പൈനാപ്പിള്‍ തൊലി തേനിനൊപ്പം ചേര്‍ത്ത് പുരട്ടാവുന്നതാണ്.