ഒച്ചും മുഖസൗന്ദര്യവും; കൊറിയക്കാരുടെ ചർമ സംരക്ഷണരഹസ്യം ഇതാ

വെബ് ഡെസ്ക്

പാടുകളോ ചുളിവുകളോ ഇല്ലാതെ കണ്ണാടി പോലെ തിളങ്ങുന്ന ചർമം ആഗ്രഹിക്കാത്തവരുണ്ടാവില്ല. ചെറിയപാടുകൾ പോലുമില്ലാതെ തിളങ്ങുന്ന മുഖങ്ങളോട് കൂടിയ കൊറിയൻ സുന്ദരികൾ ആരുടെയും മനസ് കീഴടക്കുന്നതും അതുകൊണ്ടാണല്ലോ. അതുകൊണ്ട് തന്നെ കൊറിയൻ സൗന്ദര്യ ഉത്പന്നങ്ങൾക്കും ആരാധകർ ഏറെയാണ്.

ഈ കൊറിയക്കാരുടെ സൗന്ദര്യ വർധക ഉത്പ്പന്നങ്ങലിലെ പ്രധാന ചേരുവ എന്താണെന്ന് അറിയാമോ? ഒച്ച് പുറത്തുവിടുന്ന ഒട്ടലുള്ള പദാർഥം.

സ്‌നെയില്‍ മ്യൂസിന്‍ അഥവ സ്‌നെയില്‍ സെക്രീഷന്‍ ഫിൽട്രേറ്റ് എന്നാണ് ഇത് അറിയപ്പെടുന്നത്. ഒച്ചുകൾ അവയുടെ ചർമം, മൃദുവായ ടിഷ്യുകൾ എന്നിവ സംരക്ഷിക്കാനായി ഉത്പാദിപ്പിക്കുന്ന കട്ടിയുള്ള ദ്രാവകമാണിത്.

ഇതില്‍ പ്രോട്ടീന്‍, എന്‍സൈമുകള്‍, ഹൈലൂറോണിക് ആസിഡ്, കോപ്പര്‍ പെപ്‌റ്റൈഡ്‌സ്, ആന്റി മൈക്രോബിയല്‍ പെപ്‌റ്റൈഡ്‌സ്, അയണ്‍, സിങ്ക് എന്നിവ ധാരാളം അടങ്ങിയിരിക്കുന്നു. സ്‌നെയില്‍ മ്യൂസിനിലെ ഈ ഘടകങ്ങള്‍ ചര്‍മത്തെ ഈര്‍പ്പമുള്ളതായി സൂക്ഷിക്കുന്നു.

കൊളാജന്റെ പ്രവര്‍ത്തനത്തെ മെച്ചപ്പെടുത്താനുള്ള കഴിവുള്ളതിനാല്‍ സ്‌നെയില്‍ മ്യൂസിൻ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ ഇലാസ്തികതയും ദൃഢതയും മെച്ചപ്പെടുത്തി യുവത്വം നിലനിര്‍ത്താന്‍ സഹായിക്കും.

നിത്യവും സ്‌നെയില്‍ മ്യൂസിന്‍ ഉപയോഗിക്കുന്നത് ചര്‍മത്തിന്റെ ഘടന മെച്ചപ്പെടുത്തുന്നു. ചര്‍മത്തിന്റെ പ്രശ്‌നങ്ങളും തകരാറുകളും മാറ്റി നവോന്മേഷം നല്‍കാനും ചുളിവുകള്‍ കുറയ്ക്കാനും നല്ലതാണെന്ന് വിദഗ്ധര്‍ പറയുന്നു.

എസ്സെൻസ്, സെറം, ക്രീമുകൾ, മാസ്കുകൾ എന്നിങ്ങനെ വിവിധ ഫോർമുലേഷനുകളിൽ സ്നൈൽ മ്യൂസിൻ ലഭ്യമാകും.

ഏതൊരു ചർമ സംരക്ഷണ ഉത്പ്പന്നത്തെയും പോലെ, സ്നെയ്ൽ മ്യൂസിൻ എല്ലാതരം ചർമക്കാർക്കും യോജിച്ചതാകാൻ സാധ്യതയില്ല. സെൻസിറ്റീവ് ചർമമുള്ളവർ ഡെർമറ്റോളജിസ്റ്റുമായി സംസാരിച്ച ശേഷം മാത്രം ഉപയോഗിക്കുക.