ചുരുണ്ട മുടിയാണോ? ശരിയായി പരിപാലിക്കാനുള്ള മാർഗങ്ങൾ ഇവയൊക്കെയാണ്

വെബ് ഡെസ്ക്

ചുരുണ്ട മുടിയിഴകൾ കൃത്യമായി പരിചരിക്കേണ്ടത് അത്യാവശ്യമാണ്. ശരിയായ പരിപാലനം മുടിക്ക് നൽകിയില്ലെങ്കിൽ പെട്ടെന്ന് കുരുക്ക് വീഴാനും ജഡ പിടിക്കാനും സാധ്യതയുണ്ട്

ചുരുണ്ട മുടിയുള്ളവർ പല വിധം ട്രീട്മെന്റുകൾ ചെയ്യുന്നതും സ്‌ട്രെയ്റ്റനിംഗ് ചെയ്യുന്നതും സ്ഥിരം കാഴ്ചയാണ്. എന്നാല്‍ കൃത്യമായ രീതിയില്‍ പരിചരിച്ചാല്‍ ചുരുണ്ട മുടിയെ മനോഹരമാക്കുവാന്‍ സാധിക്കും. ഇതിനായി ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ അറിയാം.

ചുരുണ്ട മുടി ആഴ്ചയിൽ ഒരിക്കലെങ്കിലും കൃത്യമായി കഴുകുക. ആരോഗ്യമുള്ള തലയോട്ടിയും മുടിയും നിലനിർത്താൻ എല്ലാ ആഴ്ചയും കൃത്യമായി മുടി കഴുകേണ്ടത് അത്യാവശ്യമാണ്. മുടിയിൽ ഈർപ്പം നിൽക്കുന്നത് മുടിയുടെ സ്വാഭാവിക വളർച്ചയ്ക്ക് ഉത്തമമാണ്

മുടിക്ക് ചേരുന്ന ഷാംപൂവും കണ്ടീഷ്ണറും ഉപയോഗിക്കുക. ചുരുണ്ട മുടിക്ക് അനുയോജ്യമായ ഷാംപൂ, കണ്ടീഷ്ണർ എന്നിവ ലഭ്യമാണ്. പ്രത്യേകിച്ച് നാച്വറല്‍ എസ്സന്‍സ് അടങ്ങിയവ. അതുപോലെ കറ്റാര്‍വാഴ, ഷിയ ബട്ടര്‍, പ്ലാന്റ് എക്‌സട്രാക്റ്റ്‌സ്, കെരാറ്റിന്‍ എന്നിവയെല്ലാം ചേരുവകളായിട്ടുള്ള നിരവധി ഷാംപൂകളുമുണ്ട്. ഇതില്‍, നിങ്ങളുടെ മുടിക്ക് ചേരുന്ന ഷാംപൂ തിരഞ്ഞെടുക്കാം

കുളിക്കുന്നതിനു മുൻപ് എപ്പോഴും ചീർപ്പ് ഉപയോഗിച്ച് മുടിയിലെ ജഡ കളയേണ്ടത് അത്യാവശ്യമാണ്. ചുരുണ്ട മുടി പെട്ടെന്ന് വരണ്ടുപോകുന്നതിനും പൊട്ടിപോകുന്നതിനുമെല്ലാം സാധ്യതയുണ്ട്. അതിനാൽ മുടിയിൽ വെള്ളം നനയ്ക്കുന്നതിന് മുൻപ് ചീകി വൃത്തിയാക്കണം

വെള്ളം തിരഞ്ഞെടുക്കുമ്പോഴും ശ്രദ്ധിക്കണം. ചൂടുവെള്ളത്തില്‍ തല കഴുകുന്നത് ഒഴിവാക്കുക. ചൂടുവെള്ളത്തില്‍ തല കഴുകുന്നത് മുടിയുടെ സ്വാഭാവിക ഭംഗി നഷ്ടമാകുന്നതിന് കാരണമാകും. അതുകൊണ്ടുതന്നെ തണുപ്പുള്ള കാലാവസ്ഥ ആയാലും തല കഴുകുവാന്‍ തണുത്തവെള്ളം, അതായത്, സാധാരണ വെള്ളം ഉപയോഗിക്കുന്നതാണ് നല്ലത്. ഇത് മുടിയുടെ ആരോഗ്യം നിലനിര്‍ത്തുവാന്‍ സഹായിക്കും

അമിതമായി ഷാംപൂ ഉപയോഗിക്കാതിരിക്കുക

തലയിലെ എണ്ണമയം പൂര്‍ണമായും ഇല്ലാതാക്കുവാന്‍ അമിതമായി ഷാംപൂ ഉപയോഗിക്കുന്നവരുണ്ട്. ഇത് മുടിയുടെ ആരോഗ്യത്തിന് നല്ലതല്ല, പ്രത്യേകിച്ച് ചുരുണ്ട മുടിയുള്ളവര്‍ക്ക്. മൈല്‍ഡ് ഷാംപൂ ഉപയോഗിച്ച് ദിവസേന കുളിക്കുന്നതോ, അല്ലെങ്കില്‍ മൂന്ന് ദിവസം കൂടുമ്പോള്‍ മാത്രം തല കഴുകുന്നതോ ആണ് നല്ലത്

15 മിനിറ്റിൽ കൂടുതൽ കണ്ടീഷ്ണർ തലയിൽ വയ്ക്കുന്നത് മുടിക്ക് നല്ലതല്ല. അതിന് മുൻപുതന്നെ, സാധാരണ വെള്ളത്തിൽ കഴുകി കളയുക. എപ്പോഴും മുടിയിഴകളിൽ മാത്രം കണ്ടീഷ്ണർ ഉപയോഗിക്കുക

ബ്ലോഡ്രൈയര്‍ സ്ഥിരം ഉപയോഗിക്കരുത്. ചുരുണ്ട മുടിക്കാര്‍ക്ക് എല്ലായ്പ്പോഴും സ്വാഭാവികമായിതന്നെ മുടി ഉണങ്ങി കിട്ടുന്നതാണ് നല്ലത്. ഒപ്പം മുടി ഇറുക്കി കെട്ടിവയ്ക്കാതിരിക്കുക. അകന്ന പല്ലുകളുള്ള ചീർപ്പ് ഉപയോഗിക്കുന്നതാണ് ഉത്തമം