വിവാഹദിനത്തില്‍ തിളങ്ങാന്‍ വ്യത്യസ്ത തരം ഗൗണുകള്‍

വെബ് ഡെസ്ക്

വിവാഹത്തിനോ എന്‍ഗേജ്‌മെന്റിനോ ഗൗണുകള്‍ ധരിക്കാന്‍ ആഗ്രഹിക്കുന്നവരാണോ? എങ്കില്‍ ഗൗണുകളുടെ വ്യത്യസ്ത ഡിസൈനുകളെ കുറിച്ച് നിങ്ങള്‍ അറിഞ്ഞിരിക്കണം

ബോള്‍ ഗൗണ്‍

വിവാഹത്തിന് ഏത് ഡിസൈനിലുള്ള ഗൗണ്‍ വേണമെന്ന ആശയക്കുഴപ്പത്തിലാണോ? ബോള്‍ ഗൗണ്‍ തിരഞ്ഞെടുക്കാം. കഴുത്തു മുതല്‍ ഇടുപ്പിന് മുകള്‍ ഭാഗം വരെ ശരീരത്തോട് ഇഴുകിച്ചേർന്ന്,അരക്കെട്ടില്‍ ടൈറ്റ് ആയി, എന്നാൽ താഴേയ്ക്ക് കുടപോലെ വിടര്‍ന്ന് കിടക്കുന്നവയെ ആണ് ബോള്‍ ഗൗണ്‍ എന്ന് പറയുന്നത്

മെര്‍മെയ്ഡ് ഗൗണ്‍

പേര് പോലെ തന്നെ ഒരു മത്സ്യകന്യകയുടെ വസ്ത്രം പോലെ രൂപകല്‍പന ചെയ്തവയാണ് ഇവ. ഇത്തരത്തിലുള്ള ഗൗണുകളില്‍ കഴുത്ത് മുതല്‍ ഇടുപ്പിന്റെയും കാല്‍മുട്ടിന്‍ മുകള്‍വരെ വസ്ത്രം ശരീരത്തില്‍ ഇറുകി കിടക്കും. മുട്ടിന് താഴേയ്ക്കാകട്ടെ ഇവ വിടര്‍ന്ന് ഒരു വാല്‍ പോലെ നീണ്ട് കിടക്കുന്നു

എ ലൈന്‍ ഗൗണ്‍

സാധാരണയായി വിവാഹ വസ്ത്രമായി തിരഞ്ഞെടുക്കാറുള്ള ഒന്നാണ് എ ലൈന്‍ ഗൗണ്‍. ചെസ്റ്റ് മുതല്‍ ഇടുപ്പ് വരെ ടൈറ്റ് ആയി കിടക്കുകയും ഇടുപ്പ് മുതല്‍ താഴേയ്ക്കായി വിടര്‍ന്ന് നീണ്ട് കിടക്കുകയും ചെയ്യുന്ന ഗൗണുകളാണ് എ ലൈന്‍ ഗൗണുകള്‍

ഷീത്ത് ഗൗണ്‍

ഫിലിംഫെസ്റ്റുകളിലെയും പുരസ്‌കാര വേദികളിലെയും നിറ സാന്നിദ്ധ്യമാണ് ഷീത്ത് ഗൗണുകള്‍. ബോഡി കോണ്‍ ഡ്രസ്സുകളുമായി ഇതിന് അപാര സാമ്യമുണ്ട്. ഇവ ശരീരത്തോട് ചേർന്ന് കിടക്കുന്നു

ബോഫ്‌നറ്റ് സ്‌കേര്‍ട്ട് ഗൗണ്‍

ബോള്‍ ഗൗണ്‍ പോലെ തന്നെ അരക്കെട്ടിന് താഴേയ്ക്കായി കുട പോലെ കിടക്കുന്നവയാണ് ബോഫ്‌നറ്റ് സ്‌കേര്‍ട്ട് ഗൗണ്‍. രണ്ടും തമ്മിലുള്ള വ്യത്യാസം ഉപയോഗിക്കുന്ന തുണിത്തരത്തിന്റേതാണ്. ഇവയില്‍ നെറ്റ് പോലുള്ള ഫാബ്രിക്കുകള്‍ പല തട്ടുകളായി തുന്നി വച്ചിരിക്കുകയാണ്

ഹാള്‍ട്ടര്‍ നെക്ക് ഗൗണുകള്‍

സ്ലീവ് ഇല്ലാതെ കഴുത്തിന് പുറകിൽ നിന്നായി ടൈ ചെയ്ത് താഴേയ്ക്ക് നീണ്ട് കിടക്കുന്ന ഗൗണുകളെയാണ് ഹാള്‍ട്ടര്‍ നെക്ക് ഗൗണ്‍ എന്ന് പറയുന്നത്. നെക്ക് ഡിസൈന്‍ വച്ചാണ് ഇവയുടെ പേരിട്ടിരിക്കുന്നത്. മുകള്‍ഭാഗത്ത് ശരീരത്തോട് ചേർന്ന് കിടക്കുകയും താഴേയ്ക്ക് ടൈറ്റായോ വിടര്‍ന്ന് കിടക്കുകയോ ചെയ്യുന്നതുമാണ് ഈ ഗൗണുകള്‍

ഈവനിംഗ് ഗൗണ്‍

സെമി-ഫോര്‍മല്‍ സന്ദര്‍ഭങ്ങളില്‍ ധരിക്കാന്‍ അനുയോജ്യമായ ഒന്നാണ് ഈവനിംഗ് ഗൗണ്‍. വിലകൂടിയ തുണിത്തരങ്ങളും അലങ്കാരങ്ങളുമാണ് ഇതില്‍ ഉപയോഗിക്കുക. റിസപ്ഷന്‍ തുടങ്ങിയ പ്രത്യേക ചടങ്ങുകള്‍ക്കെല്ലാം ഇവ അനുയോജ്യമാണ്