കോഹിനൂർ മാത്രമല്ല... കാണാം ചില അമൂല്യ ആഭരണങ്ങൾ

വെബ് ഡെസ്ക്

അറ്റല്ല ക്രോസ്‌

ഡയാന രാജകുമാരി ഹിറ്റാക്കിയ ആഭരണങ്ങളിൽ ഒന്നാണ് 'അറ്റല്ല ക്രോസ്‌'. എന്നാൽ അറ്റല്ല ക്രോസ്‌ ഡയാനയുടെ സ്വന്തമായിരുന്നില്ല. 5.2 കാരറ്റ് വജ്രത്തിൽ പണികഴിപ്പിച്ച ഇവ ഡയാനയുടെ വിവാഹ മോതിരം ഡിസൈൻ ചെയ്ത കമ്പനിയുടെ സഹ മാനേജിങ് ഡയറക്ടർ ഡയാനനക്ക് ധരിക്കാനായി നല്‍കിയവയാണ്. ജനുവരിയിൽ നടന്ന ലേലത്തിൽ അറ്റല്ല ക്രോസ്‌ കിം കർദാഷ്യന്‍ സ്വന്തമാക്കി.

ദ ബ്ലാക്ക് ഓർലോവ്

സ്വന്തമാക്കിയവരെല്ലാം കൊല്ലപ്പെട്ടെന്ന ദുഷ്പ്പേരുള്ള വജ്രമാണ് ദ ബ്ലാക്ക് ഓർലോവ്. ബ്രഹ്മാവിന്റെ കണ്ണെന്ന് അറിയപ്പെടുന്ന വജ്രം 19ാം നൂറ്റാണ്ടിൽ ഇന്ത്യയിലെ ഒരു ക്ഷേത്രത്തിൽ നിന്ന് മോഷണം പോയതാണ് പറയപ്പെടുന്നു. മോഷ്ടിച്ചയാൾ അപകടത്തിൽ മരിച്ചെന്നും, അതിന് ശേഷം ബ്ലാക്ക് ഓർലോവ് സ്വന്തമാക്കിയവർ ആത്മഹത്യ ചെയ്‌തെന്നും പറയുന്നു.

ല പെരെഗ്രിന പേൾ

50.56 കാരറ്റ് പരിശുദ്ധി വരുന്ന പേൾ സ്പെയിനിലെ ഫിലിപ് രണ്ടാമൻ രാജാവ് തന്റെ വധുവായ ഇംഗ്ലണ്ടിലെ ക്വീൻ മേരി ഫസ്റ്റിന് സമ്മാനിച്ചതാണ്. സ്പാനിഷ് രാജകുടുംബത്തിന്റെ തകർച്ചയോടെ നെപ്പോളിയന്റെ മൂത്ത ജ്യേഷ്ഠൻ ഇവ കൈക്കലാക്കി. പിന്നീട് 1969ൽ ബ്രിട്ടീഷ് നടി എലിസബത്ത് ടെയ്‌ലറിന് പ്രണയോപഹാരം നൽകാനായി റിച്ചാർഡ് ബർട്ടൺ ഇവ സ്വന്തമാക്കുകയായിരുന്നു. 2011ൽ എലിസബത്ത് ടെയ്‌ലറിന്റെ എയ്ഡ്സ് ഫൗണ്ടേഷന്റെ ധനസമാഹരണത്തിനായി സംഘടിപ്പിച്ച ലേലത്തിൽ 11842500 ഡോളറിന് ഏഷ്യയിൽ നിന്നുള്ള വ്യക്തി ഇവ സ്വന്തമാക്കി.

ദ ഹോപ്പ് ഡയമണ്ട്

45.52 കാരറ്റ് വരുന്ന ഹോപ്പ് ഡയമണ്ടിൽ അൾട്രാ വയലറ്റ് രശ്മികൾ പതിച്ചാൽ ചോര ചുവപ്പിൽ തിളങ്ങുമെന്നതാണ് പ്രത്യേകത. ബ്ലാക്ക് ഓർലോവ് പോലെ സമാനമായ കഥകൾ ഹോപ്പ് ഡയമണ്ടിനുമുണ്ട്. ഇന്ത്യയിൽ നിന്ന് മോഷണം പോയതായി കണക്കാക്കുന്ന ഹോപ്പ് ഡയമണ്ട് നിലവിൽ അമേരിക്കയിലെ സ്മിത്സോണിയൻ മ്യൂസിയത്തിലാണുള്ളത്. 1958ൽ വജ്രത്തിന്റെ അന്നത്തെ ഉടമ ഹാരി വിൻസ്റ്റനാണ് മ്യുസിയത്തിന് സംഭാവന ചെയ്തത്.

വാലിസ് സിംപ്സണിന്റെ പുള്ളിപ്പുലി വള

വാലിസ് സിംപ്സൺ എഡ്വേർഡ് എട്ടാമൻ എന്നിവരുടെ പ്രണയത്തിന്റെ അവശേഷിപ്പാണ് പുള്ളിപ്പുലി വള. സിംപ്സണെ സ്വന്തമാക്കാൻ തന്റെ രാജപദവി ഉപേക്ഷിച്ച എഡ്വേർഡ് എട്ടാമൻ പാരിസിൽ വച്ചാണ് അമൂല്യ വള തന്റെ പ്രിയതമയ്ക്ക് സമ്മാനിക്കുന്നത്. പുള്ളിപ്പുലിയുടെ വജ്രത്തിൽ തീർത്ത വളയിൽ മരതകമാണ് കണ്ണിന്റെ സ്ഥാനത്ത്.

കോഹിനൂർ രത്നം

105.6 കാരറ്റ് കോഹിനൂർ രത്നം ലോകത്തിലെ തന്നെ വലിയ രത്നങ്ങളിലൊന്നാണ്. മുഗൾ ചക്രവർത്തിമാർ കൈവശം വച്ചിരുന്ന കോഹിനൂർ രത്നം 1849ലാണ് ഇന്ത്യയിൽ നിന്നും കൊള്ളയടിക്കപെട്ടത്. ഇപ്പോൾ ടവർ ഓഫ് ലണ്ടനിലെ ജുവൽ ഹൗസിൽ പ്രദർശിപ്പിച്ചിട്ടുള്ള രത്‌നം ബ്രിട്ടീഷ് രാജ്ഞിയുടെ കിരീടത്തിൽ പതിപ്പിച്ചിരിക്കുകയാണ്.

മേരി ആന്റോനെറ്റിന്റെ പിങ്കി റിങ്

ഫ്രാൻസിലെ രാജ്ഞി മേരി ആന്റോനെറ്റിന്റെ പേരിലെ ആദ്യ അക്ഷരങ്ങൾ വജ്രത്തിൽ ആലേഖനം ചെയ്തിരുന്നതാണ് ഈ മോതിരത്തിന്റെ പ്രത്യേകത. രാജ്ഞിയുടെ കാലശേഷം സ്പാനിഷ് രാജകുടുംബത്തിന്റെ ഭാഗമായ ബർബൺ-പാർമ കുടുംബം മോതിരം സ്വന്തമാക്കി. പിന്നീട് 2008ൽ നടന്ന ലേലത്തിൽ മില്യണുകൾക്കാണ് മോതിരം വിറ്റുപോയത്

ദ ബ്രേക്ഫാസ്റ്റ് അറ്റ് ടിഫാനിസ് ഡയമണ്ട്

1870 കളിൽ ടിഫാനി കമ്പനിയുടെ സ്ഥാപകൻ ചാൾസ് ലെവിസ് ടിഫാനിയാണ് ഈ ഡയമണ്ട് വാങ്ങുന്നത്. 1961 ബ്രേക്ഫാസ്റ്റ് അറ്റ് ടിഫാനി എന്ന ചിത്രത്തിന്റെ പ്രചരണത്തിന്റെ ഭാഗമായി ഓഡ്രി ഹെപ്ബേൺ ധരിച്ചതോടെയാണ് പ്രശസ്തമാകുന്നത്. 128.54 കാരറ്റ് വരുന്ന വജ്രം ആകെ നാല് വനിതകൾ മാത്രമാണ് ധരിച്ചിട്ടുള്ളത്.

വിക്ടോറിയ രാജ്ഞിയുടെ ഇന്ദ്രനീല കല്ല് പതിച്ച കിരീടം

1840 ൽ ആൽബർട്ട് രാജകുമാരനാണ് വിക്ടോറിയ രാജ്ഞിക്ക് വിവാഹ സമ്മാനമായി കിരീടം നൽകുന്നത്. വിലമതിക്കാൻ കഴിയുന്നതിലും അപ്പുറമായിരുന്നു വിക്ടോറിയക്ക് ആ കിരീടം. പ്രൗഡിയുടെയും, വിശ്വാസത്തിന്റെയും, പ്രത്യാശയുടെയും പ്രതീകമായാണ് ഇന്ദ്രനീലത്തിനെ കാണുന്നത്.

നെപ്പോളിയന്റെ ഡയമണ്ട് നെക്‌ളേസ്‌

1811ൽ മകന് ജന്മം നല്‍കിയ രണ്ടാം ഭാര്യക്ക് നെപ്പോളിയന്‍ സമ്മാനിച്ചതാണിത്. നെക്‌ളേസിൽ ആകെ 234 വജ്രങ്ങളുണ്ട്. നെപ്പോളിയന്റെ പതനത്തിന് ശേഷം ഓസ്ട്രിയയിലായിരുന്ന നെക്‌ളേസ്‌ പിന്നീട് 1948ലാണ് ഫ്രാൻസിൽ തിരിച്ചെത്തുന്നത്. 1962ൽ ഇവ സ്മിത്സോണിയൻ മ്യൂസിയത്തിലെത്തി.