ആരോഗ്യം സംരക്ഷിക്കാം; അത്താഴത്തിന് മുൻപുള്ള ഈ ശീലങ്ങൾ ഉപേക്ഷിക്കൂ

വെബ് ഡെസ്ക്

ആരോഗ്യ സംരക്ഷണത്തിൽ ഭക്ഷണത്തിനും ഉറക്കത്തിനുമുള്ള പ്രാധാന്യം വളരെ വലുതാണ്. ഇക്കാര്യത്തിൽ നമ്മൾ തുടരെ വരുത്തുന്ന തെറ്റായ ശീലങ്ങളാണ് പലപ്പോഴും നമ്മുടെ ആരോഗ്യത്തെ താളം തെറ്റിക്കുന്നത്.

ആരോഗ്യകരമായ ജീവിത ശൈലിയെക്കുറിച്ചുള്ള നമ്മുടെ തെറ്റിദ്ധാരണകളും പലപ്പോഴും വില്ലനാകാറുണ്ട്. അത്താഴ സമയത്ത് നമ്മൾ ശ്രദ്ധിക്കേണ്ട കാര്യങ്ങളെക്കുറിച്ച് വിദഗ്ദർ പറയുന്ന കാര്യങ്ങള്‍ അറിയാം

ശരീരഭാരം കുറയ്ക്കാൻ അത്താഴം ഒഴിവാക്കുന്നത് നല്ല ശീലമല്ല. രാത്രി ലൈറ്റ് ആയിട്ടുള്ള ഭക്ഷണം കഴിക്കുന്നതാണ് ആരോഗ്യത്തിന് നല്ലത്. ഹെവി ആയിട്ടുള്ള ഭക്ഷണം കഴിക്കുന്നത് ഉറക്കത്തിൽ അസ്വസ്ഥതയുണ്ടാക്കാം. ശരീരഭാരം വർധിപ്പിക്കുകയും ചെയ്യും

അത്താഴം ഒഴിവാക്കുകയോ വൈകുന്നേരത്തെ ഭക്ഷണം ഗണ്യമായി കുറയ്ക്കുകയോ ചെയ്യുന്നത് ഉപാപചയ പ്രവര്‍ത്തനങ്ങളെ മന്ദഗതിയിലാക്കുകയും പിന്നീട് അനാരോഗ്യകരമായ ശീലങ്ങളിലേക്ക് നയിക്കുകയും ചെയ്യും. അത്താഴം ഒഴിവാക്കുന്നതിനുപകരം, സമീകൃതമായ നിയന്ത്രിത ഭക്ഷണം തിരഞ്ഞെടുക്കുക.

ഉറങ്ങുന്നതിന് രണ്ടോ മൂന്നോ മണിക്കൂർ മുൻപ് അത്താഴം കഴിച്ചിരിക്കണം. ഗ്യാസ്ട്രിക് റിഫ്ലെക്സ്‌ തടയാൻ ഇത് സഹായിക്കുന്നു. ഭക്ഷണം ദഹിക്കാനും അത്രയും സമയമെടുക്കും. ഭക്ഷണം ദഹിച്ചില്ലെങ്കിൽ, അത് അസിഡിറ്റി, ഗ്യാസ്, വയറുവേദന എന്നിവയ്ക്ക് കാരണമാകും

ഉറക്കത്തിന് മുൻപ് വേണ്ടത്ര ദഹനം ലഭിക്കാനായി വൈകുന്നേരം ആറിനും എട്ടിനും ഇടയിൽ ഭക്ഷണം കഴിക്കാനാണ് വിദഗ്ദർ നിർദേശിക്കുന്നത്. അത്താഴം നിങ്ങളുടെ ദൈനംദിന കലോറിയുടെ 20 മുതൽ 25 ശതമാനം വരെ ആയിരിക്കണം.

കഫീനും മദ്യവും ഉറക്കത്തെ ഗുരുതരമായി തടസ്സപ്പെടുത്തുന്നു. പഞ്ചസാരയുടെ അംശവും കഫീനും ഉറക്കം നഷ്ടപ്പെടാൻ കാരണമാകും. അത്താഴത്തോടൊപ്പം മദ്യം കഴിക്കുന്നത് ആരോഗ്യത്തിന് ഹാനികരമായ തരത്തിൽ അമിതഭക്ഷണത്തിന് കാരണമാകുന്നു.

കാർബോഹൈഡ്രേറ്റുകൾ സമീകൃതാഹാരത്തിൻ്റെ അവിഭാജ്യ ഘടകമാണെങ്കിലും, അത്താഴത്തിൽ കാർബോഹൈഡ്രേറ്റുകൾ അമിതമായി കഴിക്കുന്നത്, പ്രത്യേകിച്ച് വൈറ്റ് ബ്രെഡ് അല്ലെങ്കിൽ പാസ്ത പോലുള്ള ശുദ്ധീകരിച്ച കാർബോഹൈഡ്രേറ്റുകൾ ശരീരഭാരം വർധിപ്പിക്കാൻ ഇടയാക്കും. ഭക്ഷണത്തിൽ കൂടുതൽ പച്ചക്കറികളും പ്രോട്ടീനും ഉൾപ്പെടുത്തുക.