ശരീരഭാരം കുറച്ച് പിസിഒഎസ് നിയന്ത്രിക്കാം; ആഹാരത്തിൽ ചെറുധാന്യങ്ങൾ ഉൾപ്പെടുത്തൂ

വെബ് ഡെസ്ക്

പ്രത്യുൽപ്പാദന പ്രായത്തിലുള്ള 6-10 ശതമാനം സ്ത്രീകളെ ബാധിക്കുന്ന ഹോര്‍മോണ്‍ ഡിസോര്‍ഡര്‍ ആണ് എൻഡോക്രൈൻ ഡിസോർഡർ പിസിഒഎസ് (പോളിസിസ്റ്റിക് ഓവറി സിൻഡ്രോം). ഇത് കൈകാര്യം ചെയ്യുകയെന്നത് വളരെ ബുദ്ധിമുട്ടുള്ള കാര്യമാണ്

പിസിഒഎസ് അനുഭവിക്കുന്ന സ്ത്രീകൾക്ക് ക്രമരഹിതമായ ആർത്തവചക്രം, അണ്ഡാശയത്തിലെ മുഴകൾ, അധിക ശരീര രോമം, ശരീരഭാരം അമിതമായി കൂടുക, എണ്ണമയമുള്ള ചർമ്മം, വന്ധ്യത എന്നിവയും അനുഭവപ്പെടാം

ഭക്ഷണക്രമവും ജീവിതശൈലിയും പിസിഒഎസ് കൈകാര്യം ചെയ്യുന്നതിൽ നിർണായക പങ്ക് വഹിക്കുന്നുണ്ട്. ഭക്ഷണത്തിൽ ചെറുധാന്യങ്ങൾ ചേർക്കുന്നത് പിസിഒഎസ് ഉള്ള സ്ത്രീകളിൽ വീക്കം കുറയ്ക്കാനും ആരോഗ്യം മെച്ചപ്പെടുത്താനും സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു

ശരീരഭാരം കുറയ്ക്കാനും ചെറുധാന്യങ്ങൾ സഹായിക്കുന്നതിനോടൊപ്പം രോഗവുമായി ബന്ധപ്പെട്ട സങ്കീർണതകൾ കുറയ്ക്കാനും ഇത് സഹായിക്കുന്നു

കാൽസ്യം, പ്രോട്ടീൻ, ഇരുമ്പ്, അമിനോ ആസിഡുകൾ തുടങ്ങി പിസിഒഎസ് നിയന്ത്രിക്കാൻ ആവശ്യമായ എല്ലാ പോഷകങ്ങളും ചെറുധാന്യങ്ങളിൽ അടങ്ങിയിട്ടുണ്ട്

ഹോർമോൺ അളവ് നിലനിർത്താൻ സഹായിക്കുന്ന കാൽസ്യം, ഇരുമ്പ്, സിങ്ക്, മഗ്നീഷ്യം എന്നിവ ധാരാളം അടങ്ങിയിട്ടുള്ളതിനാൽ ജോവർ, റാഗി, ബജ്റ, ഫോക്സ്ടെയിൽ എന്നിവയാണ് പിസിഒഎസ് നിയന്ത്രണത്തിന് കഴിക്കാൻ മികച്ച ചെറുധാന്യങ്ങൾ

ശരീരഭാരം കുറയ്ക്കുകയെന്നതാണ് പിസിഒഎസിനുള്ള ആദ്യത്തെ ചികിത്സ. കലോറി കുറവായതിനാലും നാരുകൾ ധാരാളം അടങ്ങിയിട്ടുള്ളതിനാലും ശരീരഭാരം കുറയ്ക്കാൻ മില്ലറ്റ് വളരെ സഹായപ്രധമാണെന്ന് ബംഗളുരുവിലെ ക്ലൗഡ്നൈൻ ഗ്രൂപ്പ് ഓഫ് ഹോസ്പിറ്റലുകളിലെ ക്ലിനിക്കൽ പോഷകാഹാര വിദഗ്ധ സുസ്മിത എൻ പറയുന്നു

ആർത്തവസമയത്തെ കനത്ത രക്തസ്രാവം പോഷകങ്ങ കുറവിലേക്ക് നയിച്ചേക്കാം. ചെറുധാന്യങ്ങൾ കൊണ്ട് നിർമ്മിച്ച ഭക്ഷണം കഴിക്കുന്നതിലൂടെ ഇത് സന്തുലിതമാക്കാവുന്നതാണ്. അതിനാൽ തന്നെ ചെറുധാന്യങ്ങൾ ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്താൻ മറക്കരുത്