കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം സംരക്ഷിക്കാം; മുലയൂട്ടുന്നവർ കഴിക്കേണ്ട ഭക്ഷണങ്ങൾ

വെബ് ഡെസ്ക്

മുലയൂട്ടുന്ന അമ്മമാര്‍ ശരിയായ ഭക്ഷണക്രമം പാലിക്കേണ്ടത് പ്രധാനമാണ്.

കുഞ്ഞിന്റെയും അമ്മയുടെയും ആരോഗ്യം ഒരേപോലെ സംരക്ഷിക്കുന്നതിനായാണ് പോഷകസമ്പന്നമായ ഭക്ഷണങ്ങൾ കഴിക്കേണ്ടത്.

മുലയൂട്ടുന്ന അമ്മമാര്‍ തീര്‍ച്ചയായും ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തേണ്ട ആഹാരങ്ങൾ ഏതെല്ലാമെന്ന് നോക്കാം

അവക്കാഡോ

അവക്കാഡോയില്‍ ഹൃദയത്തിന് ആരോഗ്യം നല്‍കുന്ന നല്ല കൊഴുപ്പ് അടങ്ങിയിട്ടുണ്ട്. വിറ്റമിനുകള്‍, പൊട്ടാസ്യം എന്നിവയുടെ ഉറവിടമാണ് ഈ പഴം. ഇത് മുലയൂട്ടുന്ന അമ്മമാരെ ആരോഗ്യവതികളായിരിക്കാൻ സഹായിക്കുന്നു.

ഓട്‌സ്

ജീവകങ്ങളും ധാതുക്കളും കാര്‍ബോഹൈഡ്രേറ്റുകളും നാരുകളും അടങ്ങിയ ഓട്‌സ് കഴിക്കുന്നത് ഫലപ്രദമാണ്. മുലപ്പാൽ കൂട്ടാൻ ഇത് സഹായിക്കും.

വിവിധതരം ഇലകള്‍

ചീര, മുള്ളങ്കി ഇല,ബ്രോക്കോളി എന്നിവ നാരുകളാലും കാല്‍സ്യത്താലും സമ്പുഷ്ടമാണ്. ഇത് ഇരുമ്പ് ആഗിരണം ചെയ്യുന്നതിനും കുഞ്ഞിന് പോഷകങ്ങളാല്‍ സമ്പുഷ്ടമായ മുലപ്പാല്‍ നല്‍കാനും സഹായിക്കും

പയര്‍വര്‍ഗ്ഗങ്ങള്‍

പ്രോട്ടീന്‍, ഇരുമ്പ്, നാരുകള്‍ എന്നിവയാല്‍ സമ്പന്നമായ പയറുവര്‍ഗ്ഗങ്ങളും ബീന്‍സും ദഹനത്തെ മെച്ചപ്പെടുത്തുന്നതിന് സഹായിക്കുന്നു. ഇത് അമ്മയുടെയും കുഞ്ഞിന്റെയും ആരോഗ്യത്തിന് ഫലപ്രദമായിരിക്കും.

വിത്തുകള്‍

ചിയ വിത്തുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള്, സൂര്യകാന്തി വിത്തുകള്‍ എന്നിവയില്‍ ഇരുമ്പ്, കാല്‍സ്യം, സിങ്ക് എന്നിവ അടങ്ങിയിട്ടുണ്ട്. ആരോഗ്യകരമായ കൊഴുപ്പ് ഇവയില്‍ നിന്ന് ലഭിക്കുന്നതിനാല്‍ അമ്മയുടെ ആരോഗ്യത്തെ ഇത് മെച്ചപ്പെടുത്തുന്നു.