വൃക്കയിലെ കല്ലുകള്‍: ലക്ഷണങ്ങളും ചികിത്സയും

വെബ് ഡെസ്ക്

കാത്സ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളും ഉപ്പിന്റെ ശേഖരവുമാണ് വൃക്കയില്‍ കല്ലുകളായി രൂപപ്പെടുന്നത്. നിര്‍ജ്ജലീകരണം, അമിതവണ്ണം എന്നിവയാണ് വൃക്കയിലെ കല്ലുകള്‍ രൂപപ്പെടുന്നതിന്റെ പ്രധാന കാരണങ്ങള്‍.

വേദന

അടിവയറ്റിലുള്ള തീവ്രമായ വേദനയാണ് വൃക്കയില്‍ കല്ലിന്റെ പ്രധാന ലക്ഷണങ്ങളിലൊന്ന്. മൂര്‍ച്ചയുളള ആയുധങ്ങള്‍ കൊണ്ട് കുത്തുന്ന വിധം തീവ്രമായ വേദനയാകും.

മൂത്രത്തിന്റെ നിറ വ്യത്യാസം

രോഗമുണ്ടെങ്കില്‍ മൂത്രത്തില്‍ നിറ വ്യത്യാസവും ദുര്‍ഗന്ധവും അനുഭവപ്പെടും. മൂത്രത്തില്‍ രക്തം കലര്‍ന്നതായി കാണപ്പെടുക, മൂത്രതടസം എന്നിവ ലക്ഷണങ്ങളാണ്.

പനിയും ഛര്‍ദ്ദിയും

ചില സന്ദര്‍ഭങ്ങളില്‍ വേദനയ്‌ക്കൊപ്പം പനിയും ഛര്‍ദ്ദിയും ഉണ്ടാകാം. ഇത് അണുബാധയുടെ ലക്ഷണങ്ങളാണ്. ഉടന്‍ തന്നെ വൈദ്യ സഹായം തേടേണ്ടതാണ്.

ചികിത്സാ രീതികള്‍

വൈദ്യസഹായം തേടിയാല്‍ വേദന കുറയുന്നതിനായി ആദ്യഘട്ടം മരുന്നുകള്‍ നല്‍കും. നോണ്‍ സ്റ്റിറോയിഡല്‍ ആന്റി ഇന്‍ഫ്ലമേറ്ററി ഡ്രഗ്സ്, ഒപ്പിയോയിഡ്സ് എന്നിവ ഡോക്ടറുടെ നിര്‍ദേശപ്രകാരം ഉപയോഗിക്കാം. ഹോട്ട് വാട്ടര്‍ ബാഗുകള്‍ വയറില്‍ വച്ച് വേദന കുറയ്ക്കാം.

കൂടുതല്‍ വെള്ളം കുടിക്കുക

വൃക്കയിലെ കല്ലുകള്‍ പുറന്തള്ളാനും പുതിയ കല്ലുകള്‍ വരാതിരിക്കാനും ധാരാളം വെള്ളം കുടിക്കുക എന്നതാണ് പോംവഴി. ജലാംശമുളള പഴങ്ങള്‍ കഴിക്കുന്നതും നല്ലതാണ്.

യുറേറ്ററോസ്‌കോപ്പി - ലേസര്‍ ലിത്രോട്രിപ്‌സി

ലേസര്‍ ഉപയോഗിച്ച് വൃക്കയിലെ കല്ലുകളെ പെടിച്ച് കളയുന്ന രീതിയാണിത്. വലിപ്പം കൂടുതലുളള കല്ലുകളാണ് ഇങ്ങനെ പൊടിച്ച് കളയുന്നത്.

എക്‌സ്ട്രകോര്‍പ്പോറിയല്‍ ഷോക്ക് വേവ് ലിത്രോട്രിപ്‌സി

തരംഗങ്ങള്‍ ഉപയോഗിച്ച് കല്ലുകളെ പൊട്ടിച്ച് നീക്കം ചെയ്യുന്ന പ്രക്രിയയാണിത്. ചെറിയ കല്ലുകളാക്കിയാല്‍ വേഗത്തില്‍ നീക്കം ചെയ്യാം.

ശസ്ത്രക്രിയ

ചില ഘട്ടത്തില്‍ ശസ്ത്രക്രിയയുടെ സഹായത്തോടെയല്ലാതെ വൃക്കയിലെ കല്ലുകള്‍ നീക്കം ചെയ്യാന്‍ സാധിക്കില്ല. മറ്റ് മാര്‍ഗങ്ങളിലൂടെ നീക്കാനാകാത്തത്രയും വലിപ്പമുളള കല്ലുകള്‍ക്കാണ് ഈ രീതി തിരഞ്ഞെടുക്കുക.

ഒരു തവണ വന്നാല്‍ വീണ്ടും വരാന്‍ സാധ്യതയുളള രോഗാവസ്ഥയാണ് വൃക്കയിലെ കല്ല്. അതിനാല്‍ ധാരാളം വെള്ളം കുടിക്കണം, ജലാംശമടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കണം. വ്യായാമമടക്കമുള്ള രീതികള്‍ തിരഞ്ഞെടുത്ത് ജീവിത ശൈലിയില്‍ മാറ്റം വരുത്തേണ്ടത് അത്യാവശ്യമാണ്.