വിറ്റാമിൻ ഡി കിട്ടാൻ സൂര്യപ്രകാശം വെറുതെ കൊണ്ടാൽ പോരാ; ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വെബ് ഡെസ്ക്

നമ്മുടെ ശരീരത്തിലെ എല്ലുകള്‍ക്കും മുടിയിഴകള്‍ക്കും വളരെ പ്രധാനപ്പെട്ട ഒന്നാണ് വിറ്റാമിന്‍ ഡി. കൂടാതെ ശരീരത്തിലെ കാത്സ്യം, ഫോസ്‌ഫേറ്റ് എന്നിവയുടെ അളവ് നിയന്ത്രിക്കുന്നതും വിറ്റാമിന്‍ ഡി തന്നെ.

സപ്ലിമെന്റുകളിലൂടെ അല്ലാതെ വിറ്റാമിന്‍ ഡി കിട്ടുന്നതിനുള്ള മാര്‍ഗമാണ് സൂര്യപ്രകാശമേല്‍ക്കുക എന്നത്. പത്ത് മുതല്‍ മൂന്ന് മണി വരെയുള്ള സമയത്താണ് വെയില്‍ കൊള്ളേണ്ടത്

ചര്‍മത്തിലെ കൊളസ്‌ട്രോളില്‍ നിന്നാണ് വിറ്റാമിന്‍ ഡി നിര്‍മിക്കുന്നത്. ആവശ്യത്തിന് വിറ്റാമിന്‍ ഡി ലഭിക്കുന്നതിന് ശരീരം മുഴുവന്‍ വെയില്‍ കൊള്ളേണ്ടതായുണ്ട്

കൈ കാലുകള്‍, വയര്‍, പുറം എന്നീ ശരീരഭാഗങ്ങളില്‍ സൂര്യ പ്രകാശം കൊളളുന്നതാണ് വിറ്റാമിന്‍ ഡി കിട്ടാന്‍ ഗുണപ്രദം. പുറംഭാഗത്ത് വെയിലേല്‍ക്കുന്നത് കൂടുതല്‍ വിറ്റാമിന്‍ ഡി കിട്ടാന്‍ സഹായിക്കുന്നു. അതേസമയം മുഖത്തും കണ്ണിലും അധികം വെയില്‍ കൊള്ളാതെ ശ്രദ്ധിക്കണം.

എത്രനേരം വെയില്‍ കൊളളണം?

വെളുത്തതോ ഇരുനിറമോ ഉള്ളവർ 15 മിനിറ്റ് വെയില്‍ കൊണ്ടാല്‍ മതിയാകും. ഇരുണ്ട ചര്‍മമുള്ള ആളുകള്‍ ഒരു മണിക്കൂറോ അതില്‍ കൂടുതലോ വെയില്‍ കൊള്ളേണ്ടതായുണ്ട്

ചര്‍മത്തിന്റെ നിറവും വിറ്റാമിന് ഡി ഉത്പാദനവും

നമ്മുടെ ചര്‍മത്തിന്റെ നിറം തീരുമാനിക്കുന്നത് മെലാനിന്‍ എന്ന പിഗ്മെന്റാണ്. ഇരുണ്ട ചര്‍മമുള്ളവര്‍ക്ക് മറ്റുള്ളവരേക്കാള്‍ മെലാനിന്‍ കൂടുതലായിരിക്കും

അമിതമായ സൂര്യപ്രകാശത്തിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയാണ് മെലാനിൻ ചെയ്യുന്നത്. ഇത് അൾട്രാവയലറ്റ് രശ്മികളെ ആഗിരണം ചെയ്യുകയും സൂര്യതാപം, ചർമ അർബുദം എന്നിവയിൽ നിന്ന് ചർമത്തെ സംരക്ഷിക്കുകയും ചെയ്യുന്നു

അതായത് മെലാനിൻ സൂര്യനിൽ നിന്ന് ചർമത്തെ സംരക്ഷിക്കുന്ന ഒരു കവചമായി പ്രവർത്തിക്കുന്നതുകൊണ്ട്, ഇരുണ്ട ചർമത്തിൽ വിറ്റാമിൻ ഡി ഉത്പാദിപ്പിക്കുക എന്നത് ശ്രമകരമാണ്. അതിന് കൂടുതൽ സമയം ചിലവഴിക്കേണ്ടി വരുന്നു