വിക്ക് എങ്ങനെ ചികിത്സിച്ചു മാറ്റാം; ഇന്ന് ലോക വിക്ക് ബോധവത്‌കരണ ദിനം

വെബ് ഡെസ്ക്

ഒരു വ്യക്തിയുടെ സംസാരത്തിന് സ്വാഭാവികമായ വേഗതയോ സ്പുടതയോ ഒഴുക്കോ ലഭിക്കാതെ വരുന്ന വൈകല്യമാണ് വിക്ക്. വിക്കുള്ളവരെ പൊതുവെ കളിയാക്കലുകൾക്കും മാറ്റിനിർത്തലുകൾക്കും ഇടയാക്കുന്ന സാഹചര്യങ്ങൾ കൂടുതലാണ്

1998 ലാണ് ഐഎസഎ (ഇന്റർനാഷണൽ സ്റ്റട്ടറിംഗ് അസോസിയേഷൻ) ഔദ്യോഗികമായി ലോക വിക്ക് ബോധവൽക്കരണ ദിനം പ്രഖ്യാപിക്കുന്നത്. വിഖ്യാത എഴുത്തുകാരനും നാടകകൃത്തുമായിരുന്ന സർ ജോർജ് ബെർണാഡ് ഷായുടെ ജന്മദിനത്തോടനുബന്ധിച്ചാണ് എല്ലാ വർഷവും ഒക്ടോബർ 22ന് ലോകമെമ്പാടും വിക്ക് ബോധവത്‌കരണ ദിനമായി ആചരിക്കുന്നത്

മനസിലുള്ള കാര്യങ്ങൾ ഒഴുക്കോടെ ശരിയായി പറയാനാകാതെ ബുദ്ധിമുട്ടുന്നവർക്ക് ഒരു കൈത്താങ്ങാകാൻ മറ്റുള്ളവരെ പ്രേരിപ്പിക്കാനാണ് രാജ്യാന്തര തലത്തിൽ 'വിക്ക് ബോധവത്‌കരണ ദിനം' സംഘടിപ്പിക്കുന്നത്

നേരത്തെ ചികിത്സിച്ചാല്‍ വിക്ക് മാറ്റി തടസങ്ങളില്ലാതെ സംസാരിക്കാൻ സാധിക്കും. വിക്കിനെ എങ്ങനെ ചികിത്സിച്ചു മാറ്റാം, അറിയേണ്ട കാര്യങ്ങള്‍ നോക്കാം

വിക്കുണ്ടാകുന്നതിന്റെ യഥാർത്ഥ കാരണം ഇനിയും കണ്ടുപിടിച്ചിട്ടില്ല. പാരമ്പര്യവും മാനസികവും സാമൂഹികവുമായ കാരണങ്ങൾ ഇതിനു പിന്നിലുണ്ടാകാം. വിക്കിന്റെ തീവ്രതയും ലക്ഷണങ്ങളും അനുസരിച്ച് ഓരോരുത്തരിലും ചികിത്സാ രീതി വ്യത്യാസപ്പെടാം

ചെറുപ്രായത്തിലേ ആവശ്യ ചികിത്സ നൽകണം. സ്പീച്ച് തെറാപ്പിയാണ് പ്രധാന ചികിത്സ. ശ്വസന പരിശീലനം ചെയ്യിപ്പിക്കുന്നതും ചികിത്സയുടെ ഭാഗമാണ്

2-5 വയസ്സു വരെയുള്ള പ്രായത്തിൽ സ്പീച്ച് തെറാപ്പി ചെയ്താൽ ചികിത്സിച്ചുമാറ്റാൻ കഴിയുന്നതാണ് വിക്ക്. 11 വയസ്സിനു ശേഷമാണെങ്കിൽ തീവ്രത കുറച്ചു കൊണ്ടുവരാനേ സാധിക്കൂ

fizkes

പലപ്പോഴും സംസാരവേഗത കൂടുമ്പോഴാണ് വിക്ക് കൂടുതലായി അനുഭവപ്പെടുക. ധൃതിയില്ലാതെ ശാന്തമായി സംസാരിക്കാൻ പരിശീലിക്കണം

പൊതുവെ വിക്കിന് മരുന്നിന്റെ സാഹായം ആവശ്യമായി വരില്ലെങ്കിലും, ചിലരിൽ വിക്ക് കാരണമുണ്ടാകുന്ന ഉത്ക്കണ്ഠ പോലുള്ള മാനസിക ദൗർബല്യങ്ങളെ നിയന്ത്രിക്കാൻ മരുന്നുകൾ ആവശ്യമായിവരും. ഇത്തരം സാഹചര്യങ്ങളിൽ ഡോക്ടർമാരുടെ ഉപദേശം തേടണം

Simon Vail

ചില സാഹചര്യങ്ങളിൽ അധിക സമ്മർദ്ദം അനുഭവപ്പെടുമ്പോൾ തപ്പിത്തടഞ്ഞു സംസാരിക്കുന്ന അവസ്ഥയുണ്ടാകാം. ഇത് വിക്കല്ല, താൽക്കാലികമായുള്ള ഒരു പ്രശ്നം മാത്രമാണ്