കൈകളിലെ കൊഴുപ്പ് കളയണോ? ഈ വ്യായാമങ്ങള്‍ ചെയ്താല്‍ മതി

വെബ് ഡെസ്ക്

ഓഫ്സ്ലീവ് വസ്ത്രങ്ങള്‍ ധരിക്കാനിഷ്ടപ്പെടുന്നവര്‍ക്ക് മുന്നില്‍ പലപ്പോഴും വില്ലനാകുന്നത് കൈയിലെ തൂങ്ങി നില്‍ക്കുന്ന കൊഴുപ്പാണ്. ആരോഗ്യമുള്ള ശരീരത്തില്‍ അനാവശ്യമായ കൊഴുപ്പുണ്ടാകില്ല

ശരീരത്തില്‍ അടിഞ്ഞുകൂടിയിരിക്കുന്ന കൊഴുപ്പ് ഇല്ലാതാക്കാന്‍ വ്യായാമങ്ങള്‍ ശീലമാക്കാം. ആരോഗ്യസംരക്ഷണത്തിനും ശരീരത്തിന്റെ നഷ്ടപ്പെട്ട ആകൃതി തിരിച്ചെടുക്കുന്നതിനും ഇത് സഹായിക്കുന്നു.

കൈയില്‍ തൂങ്ങിനില്‍ക്കുന്ന കൊഴുപ്പിനെ ഇല്ലാതാക്കുന്നതിന് വേണ്ടി ചെയ്യേണ്ട വ്യായാമങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം.

ട്രൈസെപ്‌സ് ഡിപ്‌സ്

ശരീരത്തിന് പിന്നില്‍ അല്പം ഉയര്‍ന്ന ഒരു പ്രതലത്തില്‍ കൈകള്‍ ഷോള്‍ഡര്‍ അകലത്തില്‍ ഊന്നി ഇരുകാലുകളും അല്പം മുന്നോട്ട് വയ്ക്കുക. നിങ്ങളുടെ കാലുകള്‍ ഉപ്പൂറ്റിയില്‍താങ്ങി നിവര്‍ന്നു നില്‍ക്കുക. ശേഷം കൈമുട്ടുകള്‍ മടക്കി ശരീരഭാരം താഴേക്ക് കൊണ്ടുപോകുകയും പതുക്കെ നിവര്‍ത്തി മുകളിലേക്കുയര്‍ന്ന് പൂര്‍വ്വ സ്ഥിതിയില്‍ കൊണ്ടുവരികയും ചെയ്യണം.

പുഷ്-അപ്

കൈകളിലും കാല്‍വിരലിലും ശരീരത്തിന്റെ ഭാരം താങ്ങി പ്ലാങ്ക് പൊസിഷനില്‍ നില്‍ക്കുക. ശേഷം നിങ്ങളുടെ നട്ടെല്ല് നിവര്‍ത്തി വച്ചതിനുശേഷം നിങ്ങളുടെ കൈമുട്ട് വളച്ച് ശരീരം താഴേയ്ക്ക് കൊണ്ടുപോവുക. പിന്നീട് പതുക്കെ കൈപ്പത്തിയില്‍ ഭാരം താങ്ങി പൂര്‍വസ്ഥിതിയിലേക്ക് വരണം.

ബൈസെപ് കേള്‍സ്

ഇരുകൈകളിലും ഡംബെല്‍സ് എടുത്ത് കൈകള്‍ നിവര്‍ത്തി വയ്ക്കുക. നിങ്ങളുടെ പാദങ്ങള്‍ തോളിന്റെ വീതിയില്‍ വയ്ക്കാം. ഡംബെല്‍സ് ഉയര്‍ത്തുകയും താഴ്ത്തുകയും ചെയ്യാം.

ആം സര്‍ക്കിള്‍സ്

നിങ്ങളുടെ കൈകള്‍ വശങ്ങളിലേക്ക് വിരിച്ചുവച്ച് കാലുകള്‍ വളയ്ക്കാതെ നിവര്‍ന്നുനില്‍ക്കുക. പതുക്കെ കൈകള്‍കൊണ്ട് ഇരുവശങ്ങളിലും വട്ടം വരയ്ക്കുക. ക്രമേണ വലുപ്പകൂട്ടാം. 15-20 സെക്കന്റുകള്‍ക്ക് ശേഷം കൈകള്‍ ചുഴറ്റുന്നതിന്റെ ദിശ മാറ്റാം.

പ്ലാങ്ക് സ്ലാപ്പുകള്‍

രണ്ടുപേര്‍ ചേര്‍ന്നാണ് ഈ വ്യായാമം ചെയ്യേണ്ടത്. നിങ്ങളുടെ കൈപ്പത്തികള്‍ നിലത്ത് ഉറപ്പിക്കുക. കാലുകള്‍ പിന്‍ഭാഗത്തേക്ക് നീക്കി വച്ച് കാല്‍ വിരലുകളില്‍ ശരീരഭാരം ഊന്നി നില്‍ക്കുക. ശേഷംമുകളിലേക്ക് ഉയരുമ്പോള്‍ ഒരേ സമയം കൈകള്‍ പരസ്പരം അടിക്കുക. ഇത് കൈകള്‍ മാറിമാറി ചെയ്യാം.

ദി വിന്‍ഡ്മില്‍

നിങ്ങളുടെ കൈകള്‍ തോളിന്റെ വീതിയില്‍ നിവര്‍ത്തി മുകളിലേക്ക് വയ്ക്കുക. കാലുകള്‍ മുട്ടുമടക്കാതെ നിവര്‍ത്തി കുറച്ച് അകത്തി വയ്ക്കാം. ശേഷം ഒരു കൈ നേര്‍മുകളിലേക്ക് ഉയര്‍ത്തിപ്പിടിച്ചുകൊണ്ട് മറ്റേ കൈകൊണ്ട് എതിര്‍ വശത്തെ കാല്‍വിരലില്‍ തൊടുക. കാല്‍മുട്ടുകള്‍ മടങ്ങാന്‍ പാടില്ല. ഇത് ഇരു വശങ്ങളിലേക്കും ആവര്‍ത്തിക്കുക.