പരീക്ഷാക്കാലത്തെ സമ്മര്‍ദ്ദം കുറയ്ക്കാന്‍ ചില ഡയറ്റ് ടിപ്സ് നോക്കാം

വെബ് ഡെസ്ക്

മാർച്ച്-ഏപ്രിൽ മാസം കടുത്ത വേനലിൻ്റേത് മാത്രമല്ല പരീക്ഷകളുടേത് കൂടിയാണ്. ഇക്കാലയളവിൽ വീട്ടുകാരും അധ്യാപകരും നൽകുന്ന അമിത സമ്മർദ്ദത്തിന് നടുവിലാണ് കുട്ടികൾ. എന്നാൽ ചില ഡയറ്റ് ടിപ്സിലൂടെ വളരെ എളുപ്പത്തിൽ ഇത്തരം സമ്മർദങ്ങളെ അതിജീവിക്കാനും നന്നായി പരീക്ഷയ്ക്ക് തയ്യാറെടുക്കാനും സാധിക്കും.

കഫീന്‍ കുറയ്ക്കാം

പരീക്ഷാ കാലത്ത് അമിതമായ അളവില്‍ കാപ്പി, എനര്‍ജി ഡ്രിങ്കുകള്‍, ചായ, കോള തുടങ്ങിയവ ശീലമാക്കുന്നത് നിങ്ങളുടെ ഉറക്കത്തെ താളംതെറ്റിക്കും. ഇത് ആവശ്യമായ റെസ്റ്റ് ലഭിക്കാതിരിക്കുന്നതിന് കാരണമാകുകയും ചെയ്യും.

ആഹാരം കൃത്യസമയത്ത് കഴിക്കാം

പരീക്ഷാകാലത്ത് കൃത്യസമയത്ത് ഭക്ഷണം കഴിക്കാതിരിക്കുന്നത് അസുഖം, അസ്വസ്ഥത, ഊര്‍ജ്ജക്കുറവ് എന്നിവയ്ക്ക് കാരണമാകും. അതുകൊണ്ടുതന്നെ കൃത്യമായ സമയം ക്രമീകരിച്ച് ആഹാരം കഴിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തേണ്ടത് അനിവാര്യമാണ്. ഊര്‍ജ്ജം പ്രദാനം ചെയ്യുന്ന ഭക്ഷണം ശീലമാക്കാനും പഠന ഷെഡ്യൂളിനൊപ്പം ആഹാരത്തിനും കൃത്യമായ സമയം ക്രമീകരിക്കാനും ശ്രദ്ധിക്കണം.

ധാരാളം വെള്ളം കുടിക്കാം

ധാരാളം വെള്ളം കുടിച്ച് എപ്പോഴും ശരീരത്തില്‍ ജലാംശം നിലനിര്‍ത്താന്‍ ശ്രമിക്കണം.പഠനമേശയില്‍ ഒരു കുപ്പി വെള്ളത്തിനും സ്ഥാനം നല്‍കണം. മിൻ്റ് ഇലകളും, നാരങ്ങയുടെ കഷ്ണങ്ങളുമൊക്കെ ചേര്‍ത്ത് വെള്ളം കുടിക്കുന്നതും നല്ലതാണ്.

ഓര്‍മ്മശക്തി കൂട്ടുന്ന ഭക്ഷണം

ഓര്‍മ്മശക്തി വര്‍ദ്ധിപ്പിക്കാനും തലച്ചോറിൻ്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താനും ഒമേഗ 3ഫാറ്റി ആസിഡുകള്‍ വേണം. മത്സ്യത്തില്‍ ധാരാളമായി അടങ്ങിയിട്ടുള്ള ഒന്നാണ് ഒമേഗ 3 ഫാറ്റി ആസിഡ്. വാല്‍നട്ട്, ഫ്ളാക്സ് സീഡുകള്‍, മത്തങ്ങ വിത്തുകള്‍, എള്ള്, സോയാബീന്‍ ഓയില്‍, കനോല ഓയില്‍ എന്നിവ സസ്യാഹാരികള്‍ക്ക് ഭക്ഷണക്രമത്തില്‍ ചേര്‍ക്കാവുന്നതാണ്.

സമ്മര്‍ദ്ദം കുറയ്ക്കുന്ന ഭക്ഷണം

പരീക്ഷാ സമ്മര്‍ദ്ദം വിറ്റാമിന്‍ ബി കോംപ്ലെക്സ്, വിറ്റാമിന്‍ സി അതുപോലെതന്നെ സിങ്ക് പോലുള്ള ധാതുക്കളുടെയും ആവശ്യം വര്‍ദ്ധിപ്പിക്കും. ഈ ധാതുക്കള്‍ അഡ്രീനല്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രവര്‍ത്തനത്തിലും സഹായിക്കുന്നു. ഇവ ധാതുക്കള്‍ അഡ്രീനല്‍ ഹോര്‍മോണുകളുടെ ഉത്പാദനത്തിലും പ്രവര്‍ത്തനത്തിലും സഹായിക്കും. ബ്രൗണ്‍ റൈസ്, ബദാം, മുട്ട, പഴങ്ങള്‍ എന്നിവ ഇതിന് സഹായിക്കും.

സ്നാക്ക് ആയി നട്ട്

ഇടനേരങ്ങളിൽ എണ്ണയിൽ വറുത്ത സ്നാക്കുകൾ കഴിക്കുന്നതിന് പകരം നട്സ് ഇനങ്ങളെ സ്നാക്ക് ആക്കാവുന്നതാണ്.പോഷകത്തിൻ്റെയും ഊർജ്ജത്തിൻ്റെയും കലവറകളായ നട്സ് സാലഡുകൾക്കൊപ്പം ചേർത്ത് കഴിക്കുന്നതും ഏറെ രുചികരവും ഫലപ്രദവുമാണ്

.

തലച്ചോറിൻ്റെ ആരോഗ്യം

മുട്ട, സാല്‍മണ്‍, കാരറ്റ്, മത്തങ്ങ, ഇലക്കറികള്‍, പഴങ്ങള്‍ എന്നിവ നല്ലതാണ്. ശരീരത്തിൻ്റെ പ്രതിരോധ സംവിധാനത്തെ മെച്ചപ്പെടുത്തുന്നതിനും പരീക്ഷാക്കാലത്ത് അസുഖങ്ങള്‍ വരാനുള്ള സാധ്യത കുറയ്ക്കാനും ഇവ സഹായിക്കും.