മൈഗ്രെയ്ന്‍ ആണോ പ്രശ്‌നം ? ഒന്ന് ശ്രദ്ധിച്ചാന്‍ തുരത്താം ഈ വില്ലനെ !

വെബ് ഡെസ്ക്

മിക്ക ആളുകളും നേരിടുന്ന പ്രശ്നമാണ് മൈഗ്രെയ്ന്‍. സാധാരണ തലവേദനയില്‍ നിന്നും വ്യത്യസ്തമായി അതികഠിനമായ വേദനയും മറ്റ് ആരോഗ്യപ്രശ്‌നങ്ങളും മൈഗ്രെയ്ന്‍ ഉള്ളവരിൽ ഉണ്ടാകാറുണ്ട്. എന്തൊക്കെയാണ് മൈഗ്രെയ്‌ന്റെ കാരണങ്ങളും ലക്ഷണങ്ങളുമെന്ന് പരിശോധിക്കാം.

കണ്ണുകള്‍ക്ക് മുകളിലെ വേദനയില്‍ നിന്നാണ് ചിലര്‍ക്ക് മൈഗ്രെയ്ന്‍ ആരംഭിക്കുന്നത്. ലൈറ്റുകളിലേക്ക് നോക്കുന്നതിനും ശബ്ദങ്ങള്‍ കേള്‍ക്കുന്നതിനും ബുദ്ധിമുട്ട് ഉണ്ടാകുന്നു.

ചിലരില്‍ ഇത് തുടര്‍ച്ചയായ ഛര്‍ദിയിലേക്ക് നയിക്കുകയും ശരീരം ക്ഷീണിക്കുകയും ചെയ്യും. മാനസികാവസ്ഥയിലെ മാറ്റങ്ങളും കാഴ്ച പ്രശ്‌നങ്ങളും മൈഗ്രെയിനിന്റെ ലക്ഷണങ്ങളാണ്. കഠിനമായ മൈഗ്രെയ്ന്‍ വന്നു കഴിഞ്ഞാൽ ചിലരില്‍ ഇത് ഒരാഴ്ച വരെ നീണ്ടു നില്‍ക്കാറുണ്ട്.

ഉറക്കക്കുറവ് മൈഗ്രെയ്ന്‍ വരാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ്. കുറഞ്ഞത് ഏഴ് മണിക്കൂറെങ്കിലും ഉറങ്ങാത്തതും മൈഗ്രെയ്ന്‍ കഠിനമാകാന്‍ കാരണമാകുന്നു.

കൃത്യസമയത്ത് ഭക്ഷണം കഴിക്കാത്തത് മൈഗ്രെയ്‌നിന് കാരണമാകുന്നു. മദ്യം, കഫീന്‍, ചോക്ലേറ്റ് എന്നിവയുടെ അമിത ഉപയോഗവും മൈഗ്രെയ്‌നിലേക്ക് നയിക്കുന്നു.

മൈഗ്രെയ്‌നിന് കാരണമാകുന്ന മറ്റൊന്നാണ് സമ്മര്‍ദം. ജോലിക്കിടയിലുണ്ടാകുന്ന സമ്മര്‍ദങ്ങളും ടെന്‍ഷനുകളും ഒരു പരിധി വരെ മൈഗ്രെയ്ന്‍ ഉണ്ടാകുന്നതിന് കാരണമാകുന്നു.

ഉച്ചത്തിലുള്ള ശബ്ദം കേൾക്കുന്നത് ചിലര്‍ക്ക് മൈഗ്രെയ്ന്‍ വരാനുള്ള പ്രധാന കാരണമായി മാറാറുണ്ട്.

കൃത്യസമയത്ത് ഉറങ്ങാനും ഭക്ഷണം കഴിക്കാനും ശ്രദ്ധിച്ചാല്‍ മൈഗ്രെയ്ന്‍ വരുന്നത് ഒരു പരിധി വരെ ഒഴിവാക്കാം. കൂടുതല്‍ വെള്ളം കുടിക്കാന്‍ ശ്രദ്ധിക്കണം. വ്യായാമം ചെയ്യുന്നതും ഉച്ച നേരത്തെ വെയില്‍ കൊള്ളുന്നത് ഒഴിവാക്കാനും പ്രത്യേകം ശ്രദ്ധിക്കുക.