രക്തസമ്മര്‍ദം വീട്ടിലിരുന്ന് പരിശോധിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കണം

വെബ് ഡെസ്ക്

വീട്ടിലിരുന്ന് കൊണ്ട് പ്രമേഹം, രക്തസമ്മര്‍ദം മുതലായവ പരിശോധിക്കാന്‍ സാധിക്കുന്ന ഉപകരണങ്ങള്‍ നിലവിലുണ്ട്. ഡോക്ടറുടെയോ ലാബ് ടെക്‌നീഷ്യന്‍സിന്റെയോ സഹായമില്ലാതെ തന്നെ ഇവയുടെ അളവുകള്‍ അറിയാനും നിയന്ത്രിക്കാനും സാധിക്കും

ബിപി റീഡിങ്ങ് ഉപകരണത്തിലൂടെ നമുക്ക് വീട്ടിലിരുന്ന് തന്നെ രക്തസമ്മര്‍ദം മനസിലാക്കാന്‍ സാധിക്കുന്നു. എന്നാല്‍ ഇത് ഉപയോഗിക്കുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്

ബിപി കഫ് കൈമുട്ടിന് മുകളിലായിരിക്കണം. കഫ് കൈയില്‍ ചേര്‍ന്നിരിക്കുകയും എന്നാല്‍ അത് മുറുകാതെ നോക്കുകയും വേണം. കഫിനും കൈയ്ക്കും ഇടയില്‍ വസ്ത്രമുണ്ടാകാന്‍ പാടില്ല

എല്ലാ ദിവസവും ഒരേ സമയം തന്നെ ബിപി റീഡിങ് എടുക്കാന്‍ ശ്രമിക്കുക

ബിപി പരിശോധിക്കുന്ന ആളിനെ അനുസരിച്ചുള്ള ഉപകരണം തിരഞ്ഞെടുക്കാന്‍ ശ്രമിക്കണം. ഗര്‍ഭിണികള്‍ക്കും കുട്ടികള്‍ക്കും വേണ്ടി ബിപി മെഷീന്‍ തിരഞ്ഞെടുക്കുമ്പോള്‍ ശ്രദ്ധിക്കണം. കൈയ്യുടെ വലുപ്പത്തിനനുസരിച്ചുള്ള ബിപി ഉപകരണം തിരഞ്ഞെടുക്കേണ്ടതും ആവശ്യമാണ്

ബിപി നോക്കുന്ന സമയത്ത് ഒരു കസേരയിലോ മറ്റും പിറകോട്ട് ചാഞ്ഞ് കാലുകള്‍ നിലത്തുറപ്പിച്ച് ഇരിക്കണം. കൈമുട്ടിന് മുകളിലുള്ള ഭാഗം (upper arm) ഹൃദയത്തിന് സമാന്തരമായ രീതിയിലായിരിക്കണം

രക്തസമ്മര്‍ദത്തിന്റെ അളവ് 180/120 ആണെങ്കില്‍ അഞ്ച് മിനുറ്റ് കഴിഞ്ഞാല്‍ വീണ്ടും പരിശോധിക്കണം. അപ്പോഴും ഉയര്‍ന്ന അളവ് തന്നെയാണ് കാണിക്കുന്നതെങ്കില്‍ അടുത്തുള്ള ആശുപത്രിയില്‍ പരിശോധന നടത്തി രോഗനിര്‍ണയം നടത്തണം

ഒരു ദിവസം ഒന്നിലധികം തവണ പരിശോധന നടത്തുക. ഈ കണക്കുകള്‍ രേഖപ്പെടുത്തി ഡോക്ടറുടെ സഹായത്തോടെ രക്ത സമ്മര്‍ദമുണ്ടോയെന്ന് മനസിലാക്കണം