വൈറൽ പനികളെ പ്രതിരോധിക്കാം; ചില മാർഗങ്ങൾ ഇതാ

വെബ് ഡെസ്ക്

ജലദോഷവും ചുമയും പോലെ വളരെ സാധാരണയായി കണ്ടുവരുന്ന രോഗമാണ്. വൈറൽ അണുബാധ മൂലം ഉണ്ടാകുന്ന ഏതൊരു പനിയെയും വൈറൽ പനി എന്നാണ് വിളിക്കുന്നത്.

കാലാവസ്ഥ മാറ്റങ്ങൾ അടക്കം പല കാരണങ്ങൾ കൊണ്ട് വൈറൽ പനി ഉണ്ടാകാം. അണുബാധ ശരീരത്തിൻ്റെ ഏത് ഭാഗത്തും ഉണ്ടാകാം. അണുബാധയ്ക്ക് കാരണമായ വൈറസുകളോട് ശരീരത്തിൻ്റെ സ്വാഭാവിക പ്രതിരോധ സംവിധാനമാണ് പനി.

കടുത്ത പനി, വിറയൽ, ശരീരവേദന, ക്ഷീണം, തലവേദന, ജലദോഷം, ബലഹീനത തുടങ്ങിയവയാണ് വൈറൽ പനിയുടെ പ്രധാന ലക്ഷണങ്ങൾ. അതിനാൽ ഇതിനെ നിസാരമായി കാണാതെ കൃത്യമായ പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കേണ്ടതുണ്ട്.

വൈറൽ പനികൾ പ്രതിരോധിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

വേഗത്തില്‍ ചികിത്സനേടാം

വൈറൽ പനിയുടെ ലക്ഷണങ്ങൾ അനുഭവപ്പെടുമ്പോൾ തന്നെ ഒരു ഡോക്ടറെ സന്ദർശിക്കണം. ഡോക്ടറുടെ നിർദേശങ്ങൾക്കനുസരിച്ച് സമയബന്ധിതമായി മരുന്നുകൾ കഴിക്കുകയും വിശ്രമിക്കുകയും ചെയ്യുക.

ധാരാളം വെള്ളം കുടിക്കുക

വെള്ളം , ഹെർബൽ ടീകൾ തുടങ്ങിയവ വൈറൽ പനിയുടെ സമയത്ത് ധാരാളം കുടിക്കുക. ഇത് മതിയായ അളവിൽ ശരീരത്തിൽ ജലാംശം നിലനിർത്താൻ സഹായിക്കുന്നു. ശരീരത്തിലെ വിഷാംശം ഇല്ലാതാക്കുകയും ദഹനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു.

തണുത്ത ഭക്ഷണസാധനങ്ങൾ ഒഴിവാക്കുക

തണുത്ത ഭക്ഷണപാനീയങ്ങൾ കഴിക്കുന്നത് പരമാവധി ഒഴിവാക്കുക. കാരണം അവ കൂടുതൽ അസ്വസ്ഥത ഉണ്ടാക്കുകയും ചുമ, ജലദോഷം, മറ്റ് അണുബാധകൾ എന്നിവക്ക് കാരണം ആവുകയും ചെയ്യും.

ആരോഗ്യകരമായ ഭക്ഷണം കഴിക്കുക

വൈറൽ പനി വരുമ്പോൾ വിശപ്പില്ലായ്മ സാധാരണമാണ്. എങ്കിലും ശരീരത്തിന് ആരോഗ്യം ലഭിക്കാനും പ്രതിരോധ ശേഷി വർധിപ്പിക്കാനും ആരോഗ്യകരമായ ഭക്ഷണം കഴിക്കേണ്ടത് അത്യാവശമാണ് .