മനസ് ശരിയല്ലെങ്കിൽ ഒന്നും ശരിയാകില്ല; മാനസികാരോഗ്യം എങ്ങനെ മെച്ചപ്പെടുത്താം

വെബ് ഡെസ്ക്

ഇന്ന് ലോക മാനസികാരോഗ്യ ദിനം. സന്തോഷകരവും ആരോഗ്യകരവുമായ ജീവിതം നിലനിർത്താൻ മാനസികാരോഗ്യം ഉറപ്പുവരുത്തേണ്ടത് അത്യാവശ്യമാണ്. മനസ്സ് ശരിയല്ലെങ്കിൽ ജീവിതം ശരിയാകില്ല

ശരീരത്തെ പരിപാലിക്കുന്നതുപോലെ അത്യാവശ്യമാണ് മനസിന്റെ ആരോഗ്യത്തിനുള്ള കരുതൽ. ജീവിതത്തിന്റെ മുന്നോട്ടുപോക്കിനെ നിർണയിക്കുന്ന പ്രധാന ഘടകമാണ് മനസ്സ്. മനസ്സിനെ ശക്തിപ്പെടുത്തി മാനസികാരോഗ്യം മെച്ചപ്പെടുത്താനുള്ള വഴികൾ ഏതൊക്കെയാണെന്ന് നോക്കാം

സ്വയം പരിപാലനം

മറ്റേതൊരു രോഗാവസ്ഥയെയും പോലെ മാനസികാരോഗ്യത്തിനും പ്രാധാന്യം നൽകണം. സന്തോഷങ്ങളും ശരീരത്തിന് ആവശ്യമായ വിശ്രമങ്ങളും നൽകുന്ന പ്രവർത്തികൾക്ക് മുൻഗണന നൽകുക

എപ്പോഴും ഏതെങ്കിലും കാര്യങ്ങളാൽ സജീവമായിരിക്കുക. സ്ഥിരമായി വ്യായാമം ചെയ്യുന്നത് ശരീരത്തിന്റെയും മനസ്സിന്റെയും ആരോഗ്യത്തിന് ഗുണം ചെയ്യും. കുറച്ച് ദൂരം നടക്കുന്നതും ഏതെങ്കിലും ചെറിയ വ്യായാമം ചെയ്യുന്നതും വലിയ മാറ്റങ്ങൾ കൊണ്ട് വരും.

ആരോഗ്യകരമായ ഭക്ഷണരീതി

ദിവസവും കഴിക്കുന്ന ഭക്ഷണത്തിനുപോലും ഓരോരുത്തരുടെ മാനസികാരോഗ്യത്തെ സ്വാധീനിക്കാൻ സാധിക്കും. പോഷകങ്ങളാൽ സമൃദ്ധമായ ആഹാരങ്ങൾ ദൈനംദിന ഭക്ഷണക്രമത്തിൽ ഉൾപ്പെടുത്തുക. ഒരുപാട് വെള്ളം കുടിക്കുക. പുകവലി, മദ്യപാനം, മയക്കുമരുന്ന് എന്നിവയിൽ നിന്ന് പരമാവധി വിട്ടുനിൽക്കുക

മതിയായ ഉറക്കം.

നല്ല ഉറക്കം ശരീരത്തിന് ലഭിക്കേണ്ടത് മാനസികാരോഗ്യത്തിന്റെ പ്രധാന ഘടകങ്ങളിലൊന്നാണ്. ദിവസവും കുറഞ്ഞത് എട്ട് മണിക്കൂറെങ്കിലും ആവശ്യമായ ഉറക്കം ലഭിക്കുണ്ടെന്ന് ഉറപ്പു വരുത്തുക. കൃത്യമായ ഉറക്ക സമയം ചിട്ടപ്പെടുത്തുക

ഫോൺ, ടാബ്, കമ്പ്യൂട്ടർ എന്നിവ അധികം ഉപയോഗിക്കാതിരിക്കുക, രാത്രിയിൽ അധികവും. അമിതമായ ഫോൺ ഉപയോഗവും സ്ഥിരമായി സമൂഹമാധ്യമങ്ങൾ ഉപയോഗിക്കുന്നതും സമ്മർദവും ഉത്കണ്ഠയും വർധിക്കുന്നതിന് കാരണമാകും

മനസ്സാന്നിധ്യം ഉറപ്പുവരുത്തുക

ദിവസവും കുറച്ച് നേരമെങ്കിലും മനസ്സ് ശാന്തമാക്കി വെക്കാൻ ശ്രമിക്കുക. ഉറങ്ങുന്നതിന് മുൻപുള്ള ധ്യാനം പ്രധാനം

മറ്റുള്ളവരുമായി ഇ‌ടപഴകുക.

നിങ്ങൾക്കിഷ്‌ടമുള്ള കാര്യങ്ങൾ ചെയ്യുന്നതുപോലെ തന്നെ പ്രധാനമാണ് ഇഷ്‌ടമുള്ള വ്യക്തികളുമൊത്ത് സമയം ചെലവിടുന്നത്. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി സമയം ചിലവഴിക്കുന്നത് ഏകാന്തതയെ മറികടക്കാൻ സഹായിക്കും. മനസിലുള്ള വിഷമങ്ങളെ കഴിവതും ഏതെങ്കിലും ഒരാളുമായെങ്കിലും പങ്കുവയ്ക്കാൻ ശ്രമിക്കുക.

ലക്ഷ്യബോധം ഉണ്ടായിരിക്കണം

നേടിയെടുക്കാൻ ആഗ്രഹമുള്ള കാര്യങ്ങൾക്കായി നിരന്തരം ആത്മവിശ്വാസം കൈവിടാതെ ശ്രമിച്ചുകൊണ്ടിരിക്കുക. ചെറിയ വിജയങ്ങളിൽ സന്തോഷം കണ്ടെത്തുകയും വലിയ തിരിച്ചടികളിൽ സ്വയം കീഴടങ്ങാതിരിക്കുകയും ചെയ്യുക.

മനസിന്റെ കടിഞ്ഞാൺ കൈവിട്ടു പോകുന്നു എന്ന അവസ്ഥയിൽ മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടാൻ മടിക്കരുത്. ഇന്ന് ഓൺലൈൻ ആയും ഓഫ്‌ലൈൻ ആയും കൗൺസിലിംഗും അനുബന്ധ സേവനങ്ങളുമൊക്കെ ലഭ്യമാണ്. അത് പരമാവധി നിങ്ങൾക്കനുസൃതമായി പ്രയോജനപ്പെടുത്തുക